ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വിവാദ പ്രസ്താവന... നമ്മുടെ നാടിന് ഒരു സംസ്‌കാരമില്ലേ? മറുപടിയുമായി മുഖ്യമന്ത്രി

തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറിന് അവസരവാദികളായ ചിലരെ സുഖിപ്പിക്കാനാകും. എന്നാല്‍ അതല്ല കേരളത്തിന്റെ സ്ഥിതി, സംഘപരിവാറിനെ കേരളം അടുപ്പിക്കില്ല. സംഘപരിവാര്‍ അജന്‍ഡ അത്രവേഗം നടപ്പാക്കാനും പറ്റില്ലെന്ന് മുഖ്യമന്ത്രി. മതന്യൂനപക്ഷ വിഭാഗങ്ങളിലെ ചിലരെ ആര്‍എസ് എസ് സമീപിക്കുന്നുണ്ട്. പക്ഷെ വലിയ സ്വീകാര്യത അതിനു കിട്ടുന്നില്ല.
വെളുക്കെ ചിരിച്ച് കയറിച്ചെന്ന് നമുക്ക് ഒരു ബന്ധം ആയാലോ എന്ന് ചോദിച്ചാല്‍ സമ്മിതിക്കാവുന്ന കാര്യമാണോ . ഏത് തെറ്റായ നീക്കത്തിനും ചിലരെ വീഴ്ത്താന്‍ പറ്റുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കണ്ണൂര്‍ പെരളശേരിയില്‍ എ.കെ.ജി ദിനാചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പ്രതിപക്ഷത്തിന് എന്താണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി. സ്പീക്കറുടെ ഡയസില്‍ ഇരച്ചുകയറി, സഭയ്ക്ക് സഭ്യമായ രീതിയുണ്ട്. നമ്മുടെ നാടിന് ഒരു സംസ്‌കാരമില്ലേ, സര്‍ക്കാര്‍ സമവായത്തിനാണ് ശ്രമിച്ചത്. സമാധാനത്തിന്റെ പ്രതീകമായ വാച്ച് ആന്‍ഡ് വാര്‍ഡ് പോലും ആക്രമിക്കപ്പെട്ടു. സ്പീക്കര്‍ പരിശോധിച്ച് നിലപാട് വ്യക്തമാക്കട്ടെ എന്നാണ് ഞങ്ങള്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി.
അതേസമയം, റബ്ബര്‍ വിലകൂട്ടിയാല്‍ ബി ജെ പിയെ പിന്തുണയ്ക്കുമെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി രംഗത്തുവന്നിരുന്നു. ബി ജെ പിയെ സഹായിക്കാമെന്ന് അല്ല താന്‍ പറഞ്ഞത്, ഏത് മുന്നണിയായാലും ഇടത് ആയാലും കോണ്‍ഗ്രസ് ആയാലും ബി ജെ പി ആയാലും റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നവരെ പിന്തുണയ്ക്കുമെന്നാണ് താന്‍ പറഞ്ഞത്.
ഇപ്പോള്‍ ഞങ്ങളെ സഹായിക്കാന്‍ സാധിക്കുന്ന നയം രൂപീകരിക്കാന്‍ സാധിക്കുക ബി ജെ പിക്കാണ്. അതുകൊണ്ടാണ് ബി ജെ പി സര്‍ക്കാര്‍ റബ്ബറിന്റെ ഇറക്കുമതി സംബന്ധിച്ച തീരുമാനം എടുക്കുകയും വില 300 രൂപയാക്കുകയും ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടായാല്‍ കേന്ദ്ര സര്‍ക്കാറിനെ പിന്തുണയ്ക്കാന്‍ മലയോര കര്‍ഷകര്‍ തയ്യാറാവുമെന്ന് പറയുന്നത്.
മലയോര കര്‍ഷകര്‍ അത്രയേറെ ഗതികേടിലൂടെയാണ് കടന്ന് പോവുന്നത്. ജപ്തി നോട്ടീസ് കുടംബങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മുമ്പോട്ട് പോവുമ്പോള്‍ സംമ്പൂര്‍ണ്ണമായ അന്ധകാരമാണ് കര്‍ഷകന്റെ മുന്നിലുള്ളത്. ആ ഒരു സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് മുന്നിലുള്ള ഏക വരുമാന മാര്‍ഗ്ഗം റബ്ബര്‍ വിലയാണ്. അതിന് ആരാണോ സഹായകരമായ തീരുമാനം എടുക്കുന്നത് അവര്‍ക്ക് ഞങ്ങള്‍ പിന്തുണ നല്‍കും എന്ന് പറയുന്നത് മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒന്നും മനസ്സില്‍ വെച്ചുകൊണ്ടല്ല. കര്‍ഷകന്റെ അവസ്ഥ അത്രമേല്‍ ദയനീയമാണെന്ന് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം എന്നാണ് അദ്ദേഹം പറയുന്നത്.
https://www.facebook.com/Malayalivartha

























