വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ അവർ അവിടെ സ്വീകരിക്കുന്ന സമീപനം ദേശിയതലത്തിൽ ഏറെ ശ്രദ്ധേയമാകും.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര നടപടിയെ ഇടതുപാർട്ടികളടക്കം ഒറ്റക്കെട്ടായി എതിർക്കുമ്പോൾ, വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ അവർ അവിടെ സ്വീകരിക്കുന്ന സമീപനം ദേശിയതലത്തിൽ ഏറെ ശ്രദ്ധേയമാകും. വയനാട്ടിൽ കോൺഗ്രസിന്റെ മുഖ്യ എതിരാളി സി.പി.ഐയാണ്. ദേശീയതലത്തിൽ രാഹുലിന് പൂർണ പിന്തുണയാണ് സി.പി.എമ്മും സി.പി.ഐയുമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നൽകുന്നത്. രാഹുലിനെതിരായ കേസും അയോഗ്യനാക്കലുമൊക്കെ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ യോജിപ്പിനെ ശക്തിപ്പെടുത്തുന്ന കാഴ്ചയാണിപ്പോൾ. സി.പി.എമ്മും സി.പി.ഐയും ശക്തിയുക്തം രാഹുലിന്റെ കാര്യത്തിലുണ്ടായ ജനാധിപത്യ ധ്വംസനത്തെ അപലപിക്കുമ്പോൾ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നാലുള്ള രാഷ്ട്രീയാന്തരീക്ഷം എങ്ങനെയാകുമെന്നതാണ് കൗതുകമുണർത്തുന്നത്.
ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുമ്പോൾ രാഹുൽ ഗാന്ധി തന്നെ വയനാട്ടിൽ വന്ന് എൽ.ഡി.എഫിനെതിരെ മത്സരിക്കുന്നത് എന്ത് സന്ദേശമാണ് നൽകുന്നത് എന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള ഇടതുനേതാക്കൾ ചോദിച്ചിരുന്നു.ഇപ്പോൾ രാഹുലിനായി എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് പോരാടുമ്പോൾ വയനാട്ടിൽ ഉപ തിരഞ്ഞെടുപ്പിന്റെ കാറും കോളുമുയരുന്നത് കോൺഗ്രസിനൊപ്പം ഇടതുപക്ഷത്തെയും ആശയപരമായി കുഴയ്ക്കുന്ന പ്രശ്നമാകും. എന്നാൽ ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിക്കേണ്ട മാനസികാവസ്ഥയിലല്ല ഇപ്പോഴെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫിന്റെ ഉറച്ച കോട്ടയാണ്. വയനാട് ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങൾക്ക് പുറമേ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയും മലപ്പുറം ജില്ലയിലെ നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളും ഉൾപ്പെട്ടതാണ് വയനാട് ലോക്‌സഭാ മണ്ഡലം. തിരുവമ്പാടിയിലും നിലമ്പൂരിലും നിലവിൽ ഇടത് എം.എൽ.എമാരാണെങ്കിലും യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളാണ് ഇവയും.രാഹുൽഗാന്ധിയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 4,31,770 വോട്ടുകളാണ്. രാഹുൽ 7,06,367 വോട്ടുകൾ നേടിയപ്പോൾ രണ്ടാമതെത്തിയ സി.പി.ഐയിലെ പി.പി. സുനീർ 2,74,597 വോട്ടുകൾ നേടി. മൂന്നാമതെത്തിയ ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് ലഭിച്ചത് 59,816 വോട്ടുകളാണ്.
https://www.facebook.com/Malayalivartha