കോസ്മറ്റിക് ക്ലിനിക്കിൽ മുമ്പും ശസ്ത്രക്രിയയ്ക്കു വിധേയനായ ഒരാൾ മരിച്ചു: യുവതിക്ക് കൈ, കാൽ വിരലുകൾ നഷ്ടപ്പെട്ടതിൽ കുറ്റക്കാരാണെന്ന കണ്ടെത്തൽ നിലനിൽക്കെ ആശുപത്രിയ്ക്ക് ആരോഗ്യവകുപ്പ് ലൈസൻസ് നൽകി...

യുവതിക്ക് കൈ, കാൽ വിരലുകൾ നഷ്ടപ്പെട്ടതിൽ കോസ്മെറ്റിക് ആശുപത്രി കുറ്റക്കാരാണെന്ന കണ്ടെത്തൽ നിലനിൽക്കെ തന്നെ ശസ്ത്രക്രിയ നടത്തിയ ആശുപത്രിയ്ക്ക് ആരോഗ്യവകുപ്പ് ലൈസൻസ് നൽകി. കഴക്കൂട്ടത്തെ കോസ്മെറ്റിക് ക്ലിനികിനാണ് മെയ് അഞ്ചിന് പ്രവർത്തനാനുമതി നൽകിയത്. കേസ് അട്ടിമറിക്കാൻ ആശുത്രി ഉടമകൾക്കായി ഉദ്യോഗസ്ഥർ വഴിവിട്ട ഇടപെടൽ നടത്തിയെന്നാണ് കുടുംബത്തിൻറെ പരാതി. അടിവയറ്റിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയക്ക് വിധേയയായ സോഫ്റ്റ് വെയർ എഞ്ചിനീയറായ യുവതിയാണ് ആഴ്ചകളായി ദുരിത ജീവിതം നയിക്കുന്നത്.
അമിതമായ അളവിൽ കൊഴുപ്പ് നീക്കിയതിനാൽ രക്തക്കുഴലുകളുടെ പ്രവർത്തനം തകരാറിലാകുകകയും ഒൻപത് വിരലുകൾ മുറിച്ച് മാറ്റുകയും ചെയ്യണ്ടിവന്നു. പ്രവർത്തനാനുമതിയില്ലാതെ ശസ്ത്രക്രിയ നടത്തിയതിന് കഴക്കൂട്ടം പൊലീസ് ഡോക്ടർക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തുമ്പോഴാണ് മെയ് അഞ്ചിന് 2018ലെ കേരള ക്ലിനിക്കൽ സ്ഥാപന രജിസ്ട്രേഷൻ നൽകിയത്.
ഏപ്രിൽ 29, 30 തീയതികളിൽ അടിയന്തര പരിശോധന പൂർത്തിയാക്കിയാണ് ലൈസൻസ് നൽകാൻ തീരുമാനമെടുത്തത്. എന്നാൽ പ്രവർത്തനാനുമതി നൽകാൻ ഉദ്യോഗസ്ഥർ തിരക്കിട്ട് ശ്രമിക്കുന്നുവെന്ന പരാതി ഡിഎംഒയുടെ പരിഗണനയിലിരിക്കെയാണ് ഈ നീക്കമെല്ലാമെന്നാണ് കുടുംബത്തിൻറെ ആരോപണം. അസസ്മെൻറ് ടീം പരിശോധന പൂർത്തിയാക്കിയാൽ പ്രവർത്തനാനുമതി തടയാനാകില്ലെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് വിവരാവകാശപ്രകാരം നൽകിയ മറുപടി.
എന്നാൽ ശസ്ത്രിക്രിയ നടത്തിയ ആശുപത്രിയിൽ വെൻറിലേറ്ററോ, ഐസിയു സൗകര്യമോ ഇല്ല. ആംബുലൻസുമില്ല. ഗുരുതരാവസ്ഥയിൽ ആയ യുവതിയെ മറ്റൊരാശുപത്രിയിലേക്ക് മാറ്റിയത് പോലും കാറിലാണ്. ഈ ആശുപത്രിയ്ക്ക് എങ്ങനെ പ്രവർത്തനാനുമതി നൽകിയെന്നാണ് കുടുംബം ചോദിക്കുന്നത്. സംഭവത്തിൽ കുടുബത്തിൻറെ പരിതിയിൽ മൊഴി എടുത്തത് പോലും ആരോപണം നേരിടുന്ന ആശുപത്രിയിലാണെന്നും പരാതിയുണ്ട്.
125 ബിഎൻ എസ് പ്രകാരം മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ ചികിത്സ നടത്തിയതിനാണ് കഴക്കൂട്ടം പൊലീസ് ഡോക്ടർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. എന്നാൽ പ്രവർത്തനാനുമതിയില്ലാതെ ക്ലിനിക് നടത്തിയ ഉടമകൾക്കെതിരെയും കേസ് എടുക്കണമെന്നാണ് ആവശ്യം. ഇക്കാര്യം മെഡിക്കൽ ടീമിൻറെ റിപ്പോർട്ട് കിട്ടിയാൽ പരിശോധിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഇതിനിടെ കോസ്മറ്റിക് ക്ലിനിക്കിന് മുൻപും ചികിത്സാ പിഴവ് സംഭവിച്ചതായി കേസ്. 2021–ൽ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അമൃതരാജ് (46) മരിച്ചതാണ് ക്ലിനിക്കിനെതിരായ ആദ്യത്തെ കേസ്. പേട്ട പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. തുടർനടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ അമൃതരാജിന്റെ സഹോദരൻ അശോക് കുമാർ ആരോഗ്യ വകുപ്പിലും പൊലീസിലും പരാതിനൽകി.
തുടർന്ന് വിഷയം മെഡിക്കൽ ബോർഡിന് വിടുകയായിരുന്നു. 4 വർഷത്തിനു ശേഷമാണു മെഡിക്കൽ ബോർഡിന്റെ അന്തിമ റിപ്പോർട്ട് കോടതിയിലെത്തിയത്.
വൻതോതിൽ കൊഴുപ്പു നീക്കിയതിനു പിന്നാലെ ഹൃദയസ്തംഭനമാണു മരണത്തിനു കാരണമായതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ വീണ്ടും അന്വേഷണം ആവശ്യപ്പെടാനൊരുങ്ങുകയാണ് അമൃതരാജിന്റെ കുടുംബം.
https://www.facebook.com/Malayalivartha