വീടിന് തീപിടിച്ച് ഒരുകുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു; അപകട കാരണം വൈദ്യുതി ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

ഇടുക്കി വെള്ളത്തൂവൽ സ്റ്റേഷൻ പരിധിയിൽ വരുന്ന പണിക്കൻകുടി കൊമ്പിടിഞ്ഞാലിൽ വീടിന് തീപിടിച്ച് ഒരുകുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു. ഇന്നലെ വൈകിട്ട് 6.30ടെയാണ് വിവരം നാട്ടുകാർ അറിയുന്നത്. വെള്ളിയാഴ്ച രാത്രിയോടെയാണ് വീട്ടിൽ തീപിടിത്തമുണ്ടായതെന്നാണ് നിഗമനം.
ശുഭ (39), മക്കളായ അഭിനന്ദ് (9), അഭിനവ് (4), മുത്തശ്ശി പൊന്നമ്മ എന്നിവരാണ് മരിച്ചതെന്നാണ് പോലീസിൽനിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ശനിയാഴ്ച വൈകുന്നേരം വീടിനു സമീപമെത്തിയ പ്രദേശവാസിയാണ് ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര അടക്കം കത്തിനശിച്ചനിലയിൽ കണ്ടത്. കത്തിനശിച്ച വീടിനുസമീപം മറ്റ് വീടുകളൊന്നും തന്നെയില്ല.
കൊമ്പൊടിഞ്ഞാലിൽ വീടിന് തീപിടിച്ചത് വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമെന്നാണ് പ്രാഥമിക നിഗമനം. ഫൊറൻസിക് സംഘത്തിന്റ പരിശോധനയിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപടർന്നതായുള്ള സൂചനകൾ കിട്ടി.
വീട്ടിൽനിന്നു മറ്റ് മൂന്നു പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കൂടി കണ്ടെത്തി. പൊലീസും ഡോഗ് സ്ക്വാഡും രാവിലെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. അഭിനവിന്റെ മൃതദേഹം നാട്ടുകാർ ഇന്നലെ രാത്രിയോടെ കണ്ടെത്തി . മൃതദേഹങ്ങൾ കൂടുതൽ പരിശോധനകൾക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു .
https://www.facebook.com/Malayalivartha

























