കേസ് പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരും... കെ.കെ.രമയ്ക്ക് ഭീഷണിക്കത്ത്

'രമേ, നീ വീണ്ടും കളി തുടങ്ങി അല്ലേ'...വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ.കെ.രമയ്ക്ക് ഭീഷണിക്കത്ത്. കേസ് പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ കടുത്ത നടപടിക്ക് മറുപടി പറയേണ്ടി വരുമെന്ന് കത്തില്‍ ഭീഷണിപ്പെടുത്തുന്നു. ഒരു മാസത്തിനകം തീരുമാനം നടപ്പാക്കും എന്നും പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലുള്ള കത്തില്‍ അവകാശപ്പെടുന്നുണ്ട്.
എംഎല്‍എ ഹോസ്റ്റലിലാണ് രമയ്ക്കുള്ള ഭീഷണിക്കത്ത് ലഭിച്ചത്. രമയ്‌ക്കെതിരെ സിപിഎം സൈബറിടങ്ങളില്‍ നടക്കുന്ന വ്യക്തിയധിക്ഷേപത്തിനും അപവാദ പ്രചാരണങ്ങള്‍ക്കും പിന്നാലെയാണ് ഭീഷണിക്കത്തും എത്തിയിരിക്കുന്നത്.
20-ാം തീയതിയാണ് കത്ത് എഴുതിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. 'രമേ, നീ വീണ്ടും കളി തുടങ്ങി അല്ലേ' എന്ന വാചകത്തോടെയാണ് കത്ത് ആരംഭിക്കുന്നത്. കയ്യൊടിച്ചു കാലൊടിഞ്ഞു എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ചു പറ്റാന്‍ ശ്രമിക്കുകയാണല്ലേ എന്നും കത്തില്‍ ചോദിക്കുന്നുണ്ട്.
രമയ്ക്കുള്ള അവസാനത്തെ താക്കീതാണ് ഇതെന്നും കത്തില്‍ പറയുന്നു. പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേത് എന്ന് അറിയാമല്ലോ എന്ന ഓര്‍മപ്പെടുത്തലും കത്തിലുണ്ട്. ഭീഷണിക്കത്തിന്റെ പശ്ചാത്തലത്തില്‍ കെ.കെ.രമ എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha