ആ വിധി നിര്‍ണായകമാകും... ദുരിതാശ്വാസ ഫണ്ട് വക മാറ്റല്‍ കേസില്‍ ലോകായുക്ത വിധിക്കെതിരെ റിട്ട് ഹര്‍ജിയുമായി പരാതിക്കാരന്‍; ലോകായുക്ത ഉത്തരവില്‍ വ്യക്തമാക്കുന്നില്ലെന്ന് കാണിച്ച് റിട്ട് ഹര്‍ജി നല്‍കാനാണ് പരാതിക്കാരന്‍ ആര്‍എസ് ശശി കുമാറിന്റെ തീരുമാനം; ഗവര്‍ണര്‍ ഇനിയും ഒപ്പിടാതിരുന്നാല്‍ മുഖ്യമന്ത്രിക്ക് ദോഷമാകും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും താരമാകുകയാണ്. ലോകായുക്ത ഭേദഗതി ബില്‍ എത്രയും വേഗം ഒപ്പിട്ടില്ലെങ്കില്‍ സര്‍ക്കാരിന് ദോഷമാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റല്‍ കേസിലെ ലോകായുക്ത ഭിന്നവിധിയിലെ അവ്യക്തതത ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി പരാതിക്കാരന്‍.
എന്ത് കൊണ്ടാണ് ഭിന്നാഭിപ്രായം ഉണ്ടായതെന്നും ആര്‍ക്കാണ് ഭിന്നാഭിപ്രായമെന്നും ലോകായുക്ത ഉത്തരവില്‍ വ്യക്തമാക്കുന്നില്ലെന്ന് കാണിച്ച് റിട്ട് ഹര്‍ജി നല്‍കാനാണ് പരാതിക്കാരന്‍ ആര്‍എസ് ശശി കുമാറിന്റെ തീരുമാനം. നിര്‍ണ്ണായക കേസില്‍ വന്ന ഭിന്നവിധി നിയമ-രാഷ്ട്രീയ കേന്ദ്രങ്ങളില്‍ തുടങ്ങിവെച്ചത് വലിയ ചര്‍ച്ചയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും തുക അനുവദിച്ച കാബിനറ്റ് തീരുമാനം ലോകായുക്ത നിയമപ്രകാരം പരിശോധിക്കാമോ എന്നതിലാണ് ലോകായുക്ത ഡിവിഷന്‍ ബെഞ്ചില്‍ ഭിന്ന അഭിപ്രായം.
പക്ഷെ ലോകായുക്തക്കും ഉപലോകായുക്തക്കുമുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ എന്തെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നില്ല. എന്ത് കൊണ്ടാണ് ഭിന്നാഭിപ്രായമെന്നും പറയുന്നില്ല. ഈ കാര്യങ്ങള്‍ ഉന്നയിച്ച് തുടര്‍ നിയമനടപടിക്കാണ് പരാതിക്കാരന്‍ ആര്‍എസ് ശശികുമാറിന്റെ നീക്കം. നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് റിട്ട് ഹര്‍ജി നല്‍കാനുള്ള തീരുമാനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിലാണ് ഹര്‍ജി നല്‍കുക. ഭിന്ന നിലപാടിനെ കുറിച്ച് ലോകായുക്ത വ്യക്തമാക്കേണ്ടതുണ്ടെന്നും അറിയാന്‍ പരാതിക്കാരന് അവകാശമുണ്ടന്നുമാണ് വാദം.
2019 ജനുവരിയില്‍ ലോകായുക്ത ജ. പയസ് കുര്യാക്കോസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഈ കേസ് പരിശോധിക്കാന്‍ അധികാരമുണ്ടെന്ന് ഉത്തരവിട്ടിട്ടും ഇപ്പോള്‍ വന്ന ഭിന്നതയെയാണ് പരാതിക്കാരന്‍ ചോദ്യം ചെയ്യുന്നത്.
ഇതിനിടെ കേസിനാസ്പദമായ സഹായവിതരണത്തെ ന്യായീകരിച്ച് കെടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു. അര്‍ഹരായവര്‍ക്ക് മാത്രമാണ് സഹായം നല്‍കിയിട്ടൂള്ളു എന്നാണ് വാദം. മുമ്പ് യുഡിഎഫ് കാലത്ത് നല്‍കിയ ധനസഹായങ്ങളുടെ വിവരം പറഞ്ഞുള്ള പോസ്റ്റില്‍ പരാതിയെ ചൊറിച്ചില്‍ എന്ന് പറഞ്ഞാണ് പരിഹസിക്കുന്നത്. പാണ്ടന്‍ നായയുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന പോസ്റ്റില്‍ പക്ഷെ ജലീല്‍ വഴി ലോകായുക്തയെ ഭീഷണിപ്പെടുത്തിയെന്ന് പ്രതിപക്ഷനേതാവ് ആരോപണത്തിന് മറുപടി നല്‍കുന്നില്ല.
അഴിമതിക്കെതിരേ പോരാടാനുള്ള കേരളത്തിന്റെ ഏക സ്വതന്ത്രസ്ഥാപനമായ ലോകായുക്തയുടെ ശവമടക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി പറഞ്ഞു. ഇതിന് മുഖ്യകാര്‍മികത്വം വഹിച്ച പിണറായി വിജയനും കടിക്കാന്‍പോയിട്ട് കുരയ്ക്കാന്‍പോലും ത്രാണിയില്ലാത്ത ലോകായുക്തയ്ക്കും തുല്യപങ്കാണുള്ളത്. ഇതിലൊരു വലിയ ഡീല്‍ നടന്നിട്ടുണ്ടെന്ന് നേരത്തെ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞു. അവിഹിതമായി നേടിയ വിധിയോടെ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടു. ജനം കഴുത്തിനു പിടിച്ചു പുറത്താക്കുന്നതിനു മുമ്പ് മാന്യതയുടെ ഒരംശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവച്ചു പുറത്തുപോകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ കച്ചകെട്ടി ഇറങ്ങിയതിന്റെ തെളിവാണ് വിധിയിലുള്ളത്. ഹര്‍ജി ലോകായുക്തയുടെ പരിഗണനയില്‍ വരുമോ എന്നതും ഹര്‍ജിയിലെ ആരോപണങ്ങളുടെ നിജസ്ഥിതി സംബന്ധിച്ചും രണ്ടംഗ ബെഞ്ചില്‍ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ ഫുള്‍ബെഞ്ചിനു വിടാനാണ് വിധി. എന്നാല്‍ ഹര്‍ജി ലോകായുക്തയുടെ പരിധിയില്‍ വരുമെന്ന് 2019-ല്‍ ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ജസ്റ്റിസ് കെ.പി ബാലചന്ദ്രന്‍, ജസ്റ്റിസ് എ.കെ ബഷീര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഫുള്‍ബെഞ്ച് കണ്ടെത്തിയശേഷമാണ് കേസുമായി മുന്നോട്ടുപോയത്. അന്നത്തെ ലോകായുക്തയുടെ തീരുമാനത്തെ പിണറായി വിജയനെ രക്ഷിക്കാന്‍ ഇപ്പോഴത്തെ ലോകായുക്ത ചോദ്യം ചെയ്തത് അവരോട് ചെയ്ത നെറികേടാണ് എന്നും സുധാകരന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha