വീട്ടില്‍ നിന്ന് ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദ്ദിച്ച് ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു

വീട്ടില്‍ നിന്ന് ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ച് ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. പുഴയ്ക്കല്‍ ശോഭാ സിറ്റിയില്‍ സൂപ്പര്‍വൈസറായ അവണൂര്‍ എടക്കുളം അമ്മാനത്ത് ശശീന്ദ്രനാണ് (59) മരിച്ചത്.
ശശീന്ദ്രനൊപ്പം ഭക്ഷണംകഴിച്ച അമ്മ കമലാക്ഷി (92), ഭാര്യ ഗീത (45), ഇവരുടെ പറമ്പില്‍ തെങ്ങുകയറാനെത്തിയ തൊഴിലാളികളായ തണ്ടിലംപറമ്പില്‍ ശ്രീരാമചന്ദ്രന്‍ (55), മുണ്ടൂര്‍ ആണ്ടപ്പറമ്പ് വേടരിയാട്ടില്‍ ചന്ദ്രന്‍ (60) എന്നിവരും രക്തം ഛര്‍ദ്ദിച്ചു ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
ഭക്ഷണത്തില്‍ വിഷം കലര്‍ന്നതായാണ് സംശയം. വീട്ടിലുണ്ടായിരുന്ന മകന്‍ മയൂര്‍നാഥ് ഈ ഭക്ഷണം കഴിക്കാതിരുന്നതുകൊണ്ടു രക്ഷപ്പെട്ടു. നെഞ്ചുവേദനയെ തുടര്‍ന്നു മയൂര്‍നാഥിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 9 ന് ഭക്ഷണം കഴിച്ചശേഷം തെങ്ങുകയറ്റ തൊഴിലാളികള്‍ക്കു കൂലി നല്‍കാനുള്ള പണമെടുക്കാനായി മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുന്നിലെ എടിഎം കൗണ്ടറിലെത്തിയപ്പോഴാണു ശശീന്ദ്രന് അസ്വസ്ഥതയനുഭവപ്പെട്ടത്.
സ്‌കൂട്ടറില്‍ തളര്‍ന്നിരിക്കുന്ന ശശീന്ദ്രനെ കണ്ടു സംശയം തോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സര്‍ജറി വിഭാഗം പ്രഫ. ഡോ. സി. രവീന്ദ്രനാണ് അത്യാഹിത വിഭാഗത്തിലെത്തിച്ചത്.
പരിശോധന നടക്കുന്നതിനിടെ രക്തം ഛര്‍ദ്ദിച്ച് അവശനിലയിലായതിനു തൊട്ടുപിന്നാലെ മരിച്ചു. സ്വാഭാവിക മരണമെന്നു കരുതി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്ത മൃതദേഹം വീട്ടിലെത്തിച്ചതിനു പിന്നാലെ ഭാര്യ ഗീതയ്ക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ശശീന്ദ്രന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സില്‍ തന്നെ ഗീതയെ ആശുപത്രിയിലെത്തിച്ചു. അമ്മ കമലാക്ഷിയും ശശീന്ദ്രന്റെ തെങ്ങിന്‍പറമ്പില്‍ ജോലിക്കെത്തിയ തൊഴിലാളികളും അവശനിലയിലായതോടെ എല്ലാവരുടെയും ശാരീരിക അസ്വസ്ഥതകളില്‍ സാമ്യതയും ദുരൂഹതയും സംശയിച്ച ഡോക്ടര്‍മാര്‍ ഉടന്‍ ശശീന്ദ്രന്റെ മൃതദേഹം തിരിച്ചെടുത്തു പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്കു മാറ്റി.
കമലാക്ഷിയെ അമല ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കല്‍ കോളജിലുമാണു പ്രവേശിപ്പിച്ചത്. ഗീതയെ പിന്നീടു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
അതേസമയം അടുത്തിടെ കുടല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ മയൂര്‍നാഥ് പ്രത്യേകം തയ്യാറാക്കിയ ദ്രവരൂപത്തിലുള്ള ഭക്ഷണമാണു കഴിക്കുന്നതെന്നു പൊലീസിനോടു ബന്ധുക്കള്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha

























