മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

യാതൊരു പരിശീലനവുമില്ലാതെ മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇവര്‍ക്ക് മാധ്യമ പരിശീലനമോ ധാര്‍മിക ബോധമോ ഉത്തരവാദിത്തമോ ഉണ്ടാകാറില്ലെന്നും കോടതി നിരീക്ഷിച്ചു. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാതെ, നിയന്ത്രിക്കുന്നതിനായി നിയമനിര്‍മാണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കോടതി ഓര്‍മിപ്പിച്ചു.
അനധികൃതമായി നിര്‍മിച്ചുവെന്ന് ആരോപിച്ച് ആരാധനാലയത്തെക്കുറിച്ച് വിഡിയോ ചിത്രീകരിക്കുന്നതിനിടെ രണ്ട് യുട്യൂബര്‍മാര്‍ക്കെതിരെ ആള്‍ക്കൂട്ടാക്രമണം ഉണ്ടായ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഇത്തരം സ്വയം പ്രഖ്യാപിത മാധ്യമ പ്രവര്‍ത്തകര്‍ പലപ്പോഴും ആളുകളോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് തെറ്റിദ്ധാരണാജനകമായ കഥകള്‍ സൃഷ്ടിക്കുന്നതിനു കാരണമാകുമെന്ന് കോടതി പറഞ്ഞു. കാര്യങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാതെയുള്ള വാര്‍ത്തകളും വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതും സമൂഹത്തില്‍ വലിയ ഭിന്നതകള്‍ക്കും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും കാരണമായേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha
























