മിച്ചഭൂമി സമര നേതാവ് പൂജപ്പുര സാംബനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി... കിടപ്പാടം ജപ്തിയിലായതിന് പിന്നാലെയാണ് ജീവനൊടുക്കിയത്

മിച്ചഭൂമി സമര നേതാവ് പൂജപ്പുര സാംബനെ (79) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിടപ്പാടം ജപ്തിയിലായതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. കൊല്ലം പാല്‍ക്കുളങ്ങരയിലെ വീട്ടിലാണ് സാംബനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എകെജിക്കൊപ്പം മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ കിടന്നവരില്‍ ജീവിച്ചിരുന്ന ഏക വ്യക്തിയായിരുന്നു സാംബന്‍. സാംബന്റെ തോളില്‍ ചവിട്ടിയാണ് തിരുവനന്തപുരത്തെ മുടവന്‍മുകള്‍ മിച്ചഭൂമിയില്‍ കൊടി നാട്ടുന്നതിനായി എകെജി മതില്‍ ചാടിയത്.
1972 മെയ് 25ന് മിച്ചഭൂമി സമരത്തെ തുടര്‍ന്ന് സാംബനും അറസ്റ്റിലായിരുന്നു. അന്ന് എകെജിക്കൊപ്പമാണ് അദ്ദേഹം ജയില്‍വാസം അനുഭവിച്ചത്. പിന്നീട് കെഎസ് വൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി, സിപിഎം വട്ടിയൂര്‍ക്കാവ് ലോക്കല്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് എട്ട് മാസം ജയിലില്‍ കിടന്നിട്ടുണ്ട്. എകെജിയുടെ അവസാന കാലത്ത് അദ്ദേഹത്തെ പരിചരിച്ചതും സാംബനായിരുന്നു. സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് കൊല്ലത്തെത്തി പ്രമുഖ ഹോട്ടലില്‍ മാനേജരായി.
2014ലാണ് സഹകരണ ബാങ്കില്‍ നിന്നു വായ്പയെടുത്തത്. നാല് വര്‍ഷം കൃത്യമായി പലിശ അടച്ചു. എന്നാല്‍ രോഗ ദുരിതങ്ങളും കോവിഡും കാരണം അടവ് മുടങ്ങി. ഏക മകന്റെ കച്ചവട സ്ഥാപനം അതിനിടെ പൂട്ടിപ്പോയി. കട്ടില്‍ നിന്നു വീണ് ഭാര്യ ശാരദ കിടപ്പു രോഗിയായതോടെ ദുരിതം ഇരട്ടിയായി.
കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നെടുത്ത വായ്പത്തുക പലിശയും ചേര്‍ത്ത് 14.36 ലക്ഷം രൂപ മാര്‍ച്ച് 22ന് മുന്‍പ് തിരിച്ചടച്ചില്ലെങ്കില്‍ വീടും അഞ്ചേമുക്കാല്‍ സെന്റ് ഭൂമിയും ജപ്തി ചെയ്യുമെന്ന അവസ്ഥയിലായിരുന്നു. കൊല്ലം ബൈപ്പാസിലെ പാല്‍ക്കുങ്ങര ക്ഷേത്രത്തിന് സമീപത്തുള്ള 'പൂജപ്പുര' എന്ന വീടും സ്ഥലവും അളന്നു തിട്ടപ്പെടുത്താന്‍ സഹകരണ ബാങ്ക് നോട്ടീസ് പതിച്ചിരുന്നു.
കൊല്ലത്തും സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സാംബന്‍ സജീവമായിരുന്നു. മൃതദേഹം പോളയത്തോട് ശ്മശാനത്തില്‍ സംസ്‌കാരം നടത്തി.
https://www.facebook.com/Malayalivartha
























