മുഖ്യമന്ത്രി പിണറായി വിജയൻ്റെ യു എ ഇ യാത്രക്ക് പൂട്ടിടുമോ മോദി... കേരള മുഖ്യമന്ത്രിയെ ക്ഷണിച്ച വിവരം എംബസി അറിഞ്ഞിട്ടില്ല... കേന്ദ്ര സർക്കാർ യു എ ഇ ഇന്ത്യൻ എംബസിയിൽ നിന്നും വിവരം തേടിയിട്ടുണ്ട്...അങ്ങനെ അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ അത് കേന്ദ്ര സർക്കാർ അറിയണം....

മുഖ്യമന്ത്രി പിണറായി വിജയൻ്റെ യു എ ഇ യാത്ര മുടങ്ങുമെന്ന് സർക്കാരിന് ആശങ്ക. യു.എ.ഇ. സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി അബുദാബിയിലേക്ക് എത്തുന്നത് എന്ന ഔദ്യോഗിക വിശദീകരണം പുറത്തു വന്നയുടനെ കേന്ദ്ര സർക്കാർ വിവരങ്ങൾ തേടുകയായിരുന്നു. അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റിമെന്റ് മീറ്റിലേക്ക് ക്ഷണം ലഭിച്ചതിനാലാണ് നാലുദിവസത്തെ യാത്രയ്ക്കായി പോകുന്നു എന്നാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പുറത്തു പറയുന്നത്. എന്നാല്‍ അങ്ങനെ ക്ഷണമൊന്നും യു എ ഇ നല്‍കിയിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇന്ത്യന്‍ എംബസിയോ യുഎഇ കോണ്‍സിലേറ്റോ അറിഞ്ഞുമാത്രമേ ഔദ്യോഗിക ക്ഷണം ഉണ്ടാകൂ. കേരള മുഖ്യമന്ത്രിയെ ക്ഷണിച്ച വിവരം എംബസി അറിഞ്ഞിട്ടില്ല. ഔദ്യോഗികമായി യുഎഇ സര്‍ക്കാറിന്റെ പരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ആവശ്യമാണ്. മറ്റൊരു രാജ്യത്തെ മുഖ്യമന്ത്രിമാരെ ക്ഷണിക്കുന്ന രീതി യു എ ഇ ക്ക് പതിവില്ല.
കേരള മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ യു എ ഇ ഇന്ത്യൻ എംബസിയിൽ നിന്നും വിവരം തേടിയിട്ടുണ്ട്.അങ്ങനെ അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ അത് കേന്ദ്ര സർക്കാർ അറിയണം. കേരള മുഖ്യമന്ത്രിയോ യു എ ഇ സർക്കാരോ ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടില്ല. ഇതാണ് ഇപ്പോഴത്തെ വിവാദം.ഇന്‍വെസ്റ്റിമെന്റ് മീറ്റില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്ഷണമൊന്നും ആവശ്യമില്ല. കഴിഞ്ഞ ഒക്ടോബറില്‍ പിണറായി വിജയന്‍ അബുദാബിയില്‍ സ്വകാര്യസന്ദര്‍ശനം നടത്തിയിരുന്നു. അവിടെ ജോലി ചെയ്യുന്ന മകന്‍ വിവേക് കിരണിനെ സന്ദര്‍ശിക്കുക മാത്രമായിരുന്നു പരിപാടി. യൂറോപ്യന്‍ സന്ദര്‍ശനത്തിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ എത്തിയത്. യുഎഇയില്‍ മുഖ്യമന്ത്രിയ്ക്ക് ഔദ്യോഗിക പരിപാടികള്‍ ഒന്നും ഉണ്ടായിരുന്നില്ലന്നാണ് വിവരം. സ്വീകരിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നു പ്രതിനിധി എത്തിയിരുന്നെങ്കിലും മുഖ്യമന്ത്രിയെ ഹോട്ടലില്‍ എത്തിക്കാന്‍ മലയാളിയുടെ വാഹനമാണ് എത്തിയത്.
മേയ് എട്ടു മുതല്‍ പത്തുവരെ അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ്. യു എ ഇ വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമ്മദ് അല്‍ സെയൂദിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്നാണ് പറയുന്നത്.തിരുവനന്തപുരത്ത് ലുലുഗ്രൂപ്പിന്റെ മാള്‍ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ മന്ത്രി ഡോ. താനി അഹമ്മദ്, ദുബായ് എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുകയും 2022 ഫെബ്രുവരിയില്‍ എക്‌സ്‌പോയില്‍ പങ്കെുക്കുകയും ചെയ്തിരുന്നു. സൗഹൃദത്തിന്റെ പേരിലുള്ള ക്ഷണം എന്നല്ലാതെ ഔദ്യോഗിക പരിവേഷമൊന്നും അന്നു പറഞ്ഞിരുന്നില്ല. അവിടെ കേരള പവലിയന്‍ ഉദ്ഘാടനവും ചെയ്തു.ലൈഫ് പദ്ധതിയില്‍ ദുബായ് റെഡ് ക്രസന്റുമായി ചേര്‍ന്നുള്ള ഭവന സമുച്ചയ നിര്‍മാണത്തിന്റെ കാര്യവും ചര്‍ച്ച ചെയ്തുവെന്നും പദ്ധതി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഡോ. താനി അഹമ്മദ് വ്യക്തമാക്കിയതായും അന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. കേരളത്തില്‍ ബൃഹത്തായ ഫുഡ് പാര്‍ക്ക് തുടങ്ങാമെന്ന് യുഎഇ വിദേശ വാണിജ്യകാര്യ മന്ത്രി അറിയിച്ചതും വലിയ വാര്‍ത്തയായി.
റെഡ് ക്രസന്റ് ഇടപാട് തട്ടിപ്പാണെന്ന് തെളിഞ്ഞു. ഫുഡ് പാര്‍ക്കിനെക്കുറിച്ച് പിന്നീട് കേട്ടില്ല. കോവിഡ് കാലത്ത് യുഎഇ കേരളത്തിന് 700 കോടി നല്‍കുമെന്ന് പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ മുഖേനയല്ലാതെ മറ്റൊരു രാജ്യത്തുനിന്ന് പണം സ്വീകരിക്കാന്‍ പാടില്ല. വിദേശ ദുരിതാശ്വാസ സംഭാവനകള്‍ സ്വീകരിക്കേണ്ട എന്ന കേന്ദ്ര നിലപാട് നിലനില്‍ക്കുമ്പോളായിരുന്നു മുഖ്യമന്ത്രിയുടെ 700 കോടി പ്രസ്താവന. രണ്ടാം എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി, സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ മുഖ്യമന്ത്രി സംവദിക്കുമെന്നും പറയുന്നു.വിവിധ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഇതിന് മുമ്പും മുഖ്യമന്ത്രി അബുദബിയിലെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് പൊതുജനങ്ങളുമായി സംവദിക്കുന്നത്. മെയ് പത്തിന് ദുബായിലും മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മട്ട് കണ്ടാൽ താൻ ഒരു രാജ്യത്തിൻ്റെ പ്രതിനിധിയാണെന്നാണ് ഭാവമെന്ന് എല്ലാവരും പറഞ്ഞു തുടങ്ങി.
ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ 2022 ഡിസംബർ വരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയതു 19 വിദേശയാത്രകളാണ്. അതിൽ 15 എണ്ണം ഔദ്യോഗിക യാത്ര. ചികിത്സാർഥം 3 യാത്രകളും ഒരു സ്വകാര്യ യാത്രയും നടത്തി.രണ്ടു ചികിത്സാ യാത്രയ്ക്കും 3 ഔദ്യോഗിക യാത്രയ്ക്കുമായി 32,58,185 രൂപ ചെലവിട്ടതായും നിയമസഭയിൽ സജീവ് ജോസഫിന്റെ മുഖ്യമന്ത്രി ചോദ്യത്തിനു മറുപടി നൽകി. എന്നാൽ ബാക്കി 14 യാത്രകളുടെ ചെലവ് വെളിപ്പെടുത്തിയിട്ടില്ല. തൻ്റെ ഔദ്യോഗിക യാത്രകളുടെ കണക്ക് പുറത്തു പോകരുതെന്ന് മുഖ്യമന്ത്രി തന്നെ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിരുന്നു.2018 ജൂലൈ 9 മുതൽ 17 വരെ അമേരിക്കയിലായിരുന്നു സ്വകാര്യ സന്ദർശനം. ജൂലൈ 4 മുതൽ 8 വരെ ഫൊക്കാന സമ്മേളനത്തിനു പോയ മുഖ്യമന്ത്രി ഒരാഴ്ച കൂടി സ്വകാര്യ ആവശ്യത്തിന് അവിടെ ചെലവിട്ടു. ഈ കാലയളവാണു സ്വകാര്യ യാത്രയായി കണക്കാക്കിയത്.
കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ വിദേശയാത്ര നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. അന്ന് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയാണ് തൊട്ടുപിന്നിൽ. ഔദ്യോഗികവും സ്വകാര്യവുമായ യാത്രകൾ അടക്കം 2016 ആഗസ്റ്റ് മുതൽ 2019 ഡിസംബർ വരെ പിണറായി വിജയൻ മന്ത്രിസഭയിലെ 17 മന്ത്രിമാർ 27 വിദേശ രാജ്യങ്ങളാണ് സന്ദർശിച്ചതെന്ന് നിയമസഭയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു.14 തവണ ഔദ്യോഗിക യാത്രകളും രണ്ട് സ്വകാര്യ യാത്രയും അടക്കം 16 തവണയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്ര നടത്തിയത്. അമേരിക്കയിലേക്കും യു.എ.ഇയിലേക്കുമായിരുന്നു മുഖ്യമന്ത്രി സ്വകാര്യ യാത്രകൾ നടത്തി.. യു.എസിലേക്കുള്ള യാത്ര ചികിത്സാർത്ഥം ആയിരുന്നു. ശേഷിച്ച 12 ഔദ്യോഗിക യാത്രകൾ യു.എ.ഇ, യു.എസ്, ബഹറിൻ, നെതർലൻഡ്സ്, സ്വിറ്റ്സർലണ്ട്, ഫ്രാൻസ്, ബ്രിട്ടൻ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കായിരുന്നു. അന്ന് ടൂറിസം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ 13 തവണയാണ് വിദേശയാത്ര നടത്തിയത്. സ്‌പെയിൻ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, വത്തിക്കാൻ, യു.എസ്.എ, ബ്രിട്ടൻ, കസാക്കിസ്ഥാൻ, ജപ്പാൻ എന്നീ രാജ്യങ്ങളിലേക്കായിരുന്നു കടകംപള്ളിയുടെ യാത്ര.
മുൻ മന്ത്രിമാരായ എ.കെ. ബാലൻ, കെ.ടി. ജലീൽ, ടി.പി. രാമാകൃഷ്ണൻ, കെ.കെ. ശൈലജ , ജെ. മേഴ്സിക്കുട്ടി അമ്മ, ഇ.ചന്ദ്രശേഖരൻ, മാത്യൂ ടി. തോമസ്, കെ. രാജു, എ.കെ.ശശീന്ദ്രൻ, ജി. സുധാകരൻ, വി.എസ്. സുനിൽകുമാർ, ടി.എം. തോമസ് ഐസക്, ഇ.പി. ജയരാജൻ, തോമസ് ചാണ്ടി, സി. രവീന്ദ്രനാഥ് എന്നിവരാണ് വിദേശയാത്ര നടത്തിയ മറ്റുള്ളവർ. ഇവരിൽ തോമസ് ചാണ്ടി, രവീന്ദ്രനാഥ്, മാത്യൂ ടി. തോമസ്, ഇ.ചന്ദ്രശേഖരൻ എന്നിവർ ഒരു വിദേശയാത്ര മാത്രമാണ് നടത്തിയത്. ജി. സുധാകരൻ, ജെ. മേഴ്സിക്കുട്ടി അമ്മ എന്നിവർ രണ്ട് വിദേശയാത്രകളാണ് നടത്തിയത്.സ്വകാര്യ യാത്രകൾ മാത്രം നടത്തിയ മന്ത്രിമാരും കഴിഞ്ഞ മന്ത്രിസഭയിലുണ്ട്. വി.എസ്. സുനിൽകുമാർ ഇറ്റലി, യു.എ.ഇ, യു.എസ്.എ, ഒമാൻ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് സ്വകാര്യ യാത്രകളാണ് നടത്തിയത്. വനം മന്ത്രിയായിരുന്ന കെ. രാജു യു.എ.ഇ, ജർമ്മനി എന്നീ രാജ്യങ്ങൾ സ്വകാര്യമായി സന്ദർശിച്ചു. പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരൻ ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളിൽ സ്വകാര്യ സന്ദർശനം നടത്തി. ഒറ്റ വിദേശ യാത്ര മാത്രം നടത്തിയ സി. രവീന്ദ്രനാഥും ഇ. ചന്ദ്രശേഖരനും യഥാക്രമം യു.എസ്, യു.എ.ഇ എന്നിവിടങ്ങളിലേക്കാണ് സ്വകാര്യ സന്ദർശനം നടത്തിയത്.
മന്ത്രി കെ. കൃഷ്ണൻകുട്ടി, മുൻ തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ ഭക്ഷ്യമന്ത്രി പി.തിലോത്തമൻ, മുൻ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീൻ, മുൻ വൈദ്യുതി മന്ത്രി എം.എം. മണി എം.എൽ.എ എന്നിവർ ഒരു വിദേശരാജ്യവും സന്ദർശിച്ചിട്ടില്ല. വിദേശരാജ്യങ്ങളിൽ മന്ത്രിമാർക്ക് പ്രിയപ്പെട്ട രാജ്യം യു.എ.ഇ ആണ്. മന്ത്രിമാർ 28 തവണയാണ് യു.എ.ഇ സന്ദർശിച്ചത്. അമേരിക്ക (12), ബ്രിട്ടൻ (9) എന്നിങ്ങനെയാണ് തൊട്ടുപിന്നിൽ. റഷ്യ, കസാക്കിസ്ഥാൻ, ഇന്തോനേഷ്യ, ഇറ്റലി, തായ്ലൻഡ്, വത്തിക്കാൻ, സ്‌പെയിൻ, സിംഗപ്പൂർ, ഫ്രാൻസ്, അയർലണ്ട്, മോഡോവ എന്നിവയാണ് മന്ത്രിമാർ സന്ദർശിച്ച മറ്റ് രാജ്യങ്ങൾ.യാത്രാക്കൂലി ഇനത്തിൽ ചെലവായ 53.68 ലക്ഷം രൂപയാണ് മന്ത്രിമാർക്കാകെ തിരിച്ച് ലഭിച്ചത്. കടകംപള്ളി സുരേന്ദ്രനാണ് ഏറ്റവും കൂടുതൽ തിരിച്ചു ലഭിച്ചത്, 14.65 ലക്ഷം. മുഖ്യമന്ത്രിയുടെ റീഇംബേഴ്സ്‌മെന്റ് തുക 9.65 ലക്ഷമാണ്.
മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകൾ കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ലെന്ന് പിന്നീട് തെളിഞ്ഞു. വിവാദമായ വിദേശയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻരംഗത്തെത്തിയത് ചിരി പടർത്തി. വിദേശയാത്ര പ്രതീക്ഷിച്ചതിലേറെ നേട്ടമാണ് സംസ്ഥാനത്തിനുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുടുംബവുമൊത്ത് യാത്ര നടത്തിയതിൽ യാതൊരു അനൗചിത്യവുമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഉല്ലാസ യാത്ര, ധൂർത്ത് എന്നിങ്ങനെ നെഗറ്റീവ് പരിവേഷം നൽകാനാണ് മാധ്യമങ്ങൾ ശ്രമിച്ചതെന്ന് കുറ്റപ്പെടുത്തി. പഠന ഗവേഷണ മേഖലകളുടെ സഹകരണം, തൊഴിൽ സാധ്യതകൾ , സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുക എന്നിങ്ങനെ വിദേശയാത്രയുടെ ലക്ഷ്യങ്ങളിലെല്ലാം പ്രതീക്ഷിയില്‍ കവിഞ്ഞ നേട്ടമുണ്ടാക്കാനായി. തൊഴിലവസരങ്ങൾ പരമാവധി ലഭ്യമാക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യുകെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കാന്‍ കരാര്‍ ഒപ്പുവച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അടുത്ത മൂന്ന് വര്‍ഷം 42,000 നഴ്‌സുമാരുടെ ഒഴിവുണ്ടാകും. യുകെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് നവംബറില്‍ സംഘടിപ്പിക്കും. കേരളത്തില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെ അടുത്ത വര്‍ഷം വെയില്‍സിലും എത്തിക്കും. കൃത്യവും പഴുതുകളില്ലാത്തതുമായ റിക്രൂട്ട്‌മെന്റ് എന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയാണ് യുകെ സന്ദർശനത്തിലെ നേട്ടങ്ങളെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇതൊന്നും നടന്നില്ലെന്ന് മാത്രം.നോർവേയുമായുള്ള സഹകരണം ഫിഷറീസ് രംഗത്ത് വലിയ നേട്ടമുണ്ടാക്കും. ജനുവരിയിൽ കേരളത്തിൽ നോർവീജിയൻ സംരംഭക സമ്മേളനം നടത്തും. കുടിവെള്ളത്തിന്റെ കാര്യത്തിലുൾപ്പെടെ നോർവെ മാതൃക അനുകരിക്കാവുന്നതാണെന്ന് മുഖ്യന്ത്രി പറഞ്ഞു. നോർവെ കേരളത്തിലേക്ക് വിദഗ്ധ സംഘത്തെ അയയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഫിൻലൻഡിൽ നിന്നുള്ള വിദഗ്ധ സംഘവും കേരളം സന്ദർശിക്കും. വിദ്യാഭ്യാസമേഖലയിലും തൊഴിൽരംഗത്തും ഫിൻലൻഡിന്റെ സഹായവും കേരളത്തിന് ലഭ്യമാകും. വിവിധ സര്‍വകലാശാലകളുടെ പ്രതിനിധികളുമായി നൂതന സാങ്കേതിക വിദ്യകളുടെ വികാസത്തിന്റെ സാധ്യതകൾ സംസ്ഥാനത്തിന്റെ വികസനത്തിനായി എങ്ങനെ ഉപയോഗിക്കാമെന്ന് ചര്‍ച്ച ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. ജനുവരി കഴിഞ്ഞിട്ട് മാസം മൂന്നായി. ഒന്നും സംഭവിച്ചില്ല.
ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്നതാണ് വിദേശയാത്രയിലെ പ്രധാന നേട്ടങ്ങളിലൊന്ന്. ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ സംസ്ഥാനം സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദുജ ഗ്രൂപ്പിന്‌റെ ഇലക്ട്രിക് വാഹന നിർമാണ ഫാക്ടറി കേരളത്തിൽ തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതും തുടങ്ങിയില്ല.പിണറായിയുടെ ഓരോ വിദേശ യാത്രയും കേന്ദ്രത്തിൻ്റെ സ്കാനറിലാണ്. മുമ്പ് മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകളെല്ലാം വലിയ വിവാദമായി മാറിയിരുന്നു. ശിവശങ്കറും മുഖ്യമന്ത്രിയും നടത്തിയ വിദേശയാത്രകൾ സ്വർണ്ണ കള്ളകടത്തിൻ്റെ ചർച്ചാ വേദിയായി മാറിയെന്നും ആരോപണം ഉയർന്നിരുന്നു. യു എ ഇ യായിരുന്നു ഇതിൻ്റെയെല്ലാം അടിസ്ഥാനം. അതിനാൽ മുഖ്യമന്ത്രിയെ യു എ ഇയിലെത്താൻ മോദി സമ്മതിക്കുമോ എന്ന് കണ്ടറിയണം.
https://www.facebook.com/Malayalivartha
























