വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പ് കടിയേറ്റ നാലു വയസുകാരി മരിച്ചു

തൃശ്ശൂരിൽ നാലു വയസുകാരി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പ് കടിയേറ്റ് മരിച്ചു. മുറിച്ചൂര്‍ പള്ളിയമ്പലത്തിന് സമീപം കക്കേരി ഷെമീറിന്റെ മകള്‍ ആസിയ റൈഹാനാണ് മരിച്ചത്. ചൊവ്വാഴ്ച ആയിരുന്നു സംഭവം. മറ്റു കുട്ടികളോടൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു ആസിയ. ഇതിനിടയിലാണ് പാമ്പ് കടിയേറ്റത്.
കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പോകുന്ന വഴിയില്‍ വെച്ച് തന്നെ കുട്ടിക്ക് മരണം സംഭവിച്ചിരുന്നു. ഖബറടക്കം ഇന്ന് മുറ്റിച്ചൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
അതേസമയം തൃശ്ശൂർ കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ ചൊവ്വന്നൂർ എസ്‌ബിഐ ബാങ്കിന് സമീപത്ത് വെച്ചായിരുന്നു അപകടം.
മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ കുന്നംകുളം താലൂക്ക് ആശുപത്രിയിലും മലങ്കര ആശുപത്രിയിലും സൂക്ഷിച്ചിട്ടുണ്ട്. ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിനയുമായി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് വന്നിരുന്ന അൽ അമീൻ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
https://www.facebook.com/Malayalivartha

























