ബോട്ട് സർവീസ് നടത്തിയത് മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ: ഒറ്റ ദിനത്തിൽ ഇല്ലാതായത് ഒരു കുടുംബത്തിലെ 12 പേരുടെ ജീവൻ: രോക്ഷാകുലരായ നാട്ടുകാർ ബോട്ട് ജെട്ടി പാലം കത്തിച്ചു

താനൂരിൽ അപകടത്തിൽപെട്ട ബോട്ട് സർവീസ് നടത്തിയിരുന്നത് മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയായിരുന്നു. നരഹത്യാകുറ്റം ചുമത്തിയ ബോട്ടുടമ നാസർ ഇപ്പോഴും ഒളിവിലാണ്. ല്‍സ്യബന്ധന ബോട്ട് രൂപം മാറ്റിയാണ് ഇയാള്‍ വിനോദസഞ്ചാരത്തിനായി നല്‍കിയിരുന്നതെന്നും ബോട്ടിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ബോട്ടുടമയുടെ അനാസ്ഥയിൽ പൊലിഞ്ഞത് 22 ജീവനാണ്. ഇവരിൽ ഒരുകുടുംബത്തിൽ നിന്ന് പന്ത്രണ്ടുപേരെ മരണം കവർന്നെടുത്തത് നാടിനെയടക്കം ദുഃഖത്തിലാഴ്ത്തി. പരപ്പനങ്ങാടി കുന്നുമ്മൽ കുടുംബാംഗങ്ങളാണ് മരിച്ചത്. ഒമ്പതുപേർ ഒരു വീട്ടിലും മൂന്നുപേർ മറ്റൊരു വീട്ടിലുമാണ് താമസിച്ചത്.
സഹോദരങ്ങളായ മൂന്നുപേരുടെ ഭാര്യമാരും അവരുടെ മക്കളുമാണ്. ഇനി അവശേഷിക്കുന്നത് താനും സഹോദരങ്ങളും പിന്നെ മാതാവും മാത്രമാണെന്ന് കുടുംബനാഥനായ സൈതലവിക്ക് വിശ്വസിക്കാൻ പോലുമാകുന്നില്ല. പെരുന്നാൾ അവധിക്ക് ഒത്തു ചേർന്ന് സന്തോഷത്തിന്റെ നാളുകൾ ഒടുവിൽ കണ്ണീർക്കയത്തിൽ കൊണ്ടെത്തിക്കുമെന്നൊരിക്കലും ആ കുടുംബം വിചാരിച്ചുകാണില്ല. പെരുന്നാൾ അവധിയിൽ എല്ലാവരും ഒത്തുചേർന്നതായിരുന്നു ആ കുഞ്ഞു വീട്ടിൽ.
കുടുംബനാഥൻ കുന്നുമ്മൽ സൈതലവിയും സഹോദരങ്ങളായ കുന്നുമ്മൽ ജാബിർ, കുന്നുമ്മൽ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്നവരായിരുന്നു കുടുംബ വീട്ടിൽ ഒത്തു ചേർന്നത്. ഞായറാഴ്ച അവധി ദിവസമായതു കൊണ്ട് തന്നെ കുട്ടികളുടെ നിർബന്ധപ്രകാരമാണ് തൂവൽത്തീരം സഞ്ചരിക്കാൻ തീരുമാനിക്കുന്നത്.
മടങ്ങിപ്പോകുന്നതിന് മുമ്പ് എല്ലാവരും ഒത്തു ചേരണം, സന്തോഷം പങ്കുവെക്കണം. കുട്ടികളുടെ ആഗ്രഹത്തിന് മുമ്പിൽ സൈതലവിയ്ക്ക് മറുത്തൊന്നും പറയാൻ സാധിച്ചിരുന്നില്ല. എന്നാൽ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ സൈതലവി കുട്ടികളോടും ഭാര്യമാരോടും നിർബന്ധപൂർവ്വം പറഞ്ഞിരുന്നു, ഒരു കാരണവശാലും ബോട്ടിൽ കയറരുത് എന്ന്. സൈതലവി തന്നെയായിരുന്നു ഇവരെ എല്ലാവരേയും കട്ടാങ്ങലിൽ എത്തിച്ചത്.
എന്നാൽ തിരിച്ച് വീട്ടിലെത്തി കുറച്ചുനേരം കഴിഞ്ഞ ശേഷം സൈതലവി ഭാര്യയ്ക്ക് ഫോൺ ചെയ്തപ്പോൾ അപ്പുറത്ത് നിന്ന് നിലവിളികളായിരുന്നു, ബോട്ട് മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഭാര്യ നിലവിളിയോടെ അറിയിച്ചപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ തരിച്ചു നിൽക്കാനെ സൈതലവിക്കായുള്ളൂ. പിന്നിട് അവിടെ കണ്ട ആളുകളേയും കൂട്ടി നിമിഷനേരം കൊണ്ട് സംഭവ സ്ഥലത്തേക്ക് കുതിക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഓടിച്ചെന്ന് എത്തിയപ്പോഴേക്കും സൈതലവി കാണുന്ന കാഴ്ച, ഇത്രയും കാലം കൂടെ ഉണ്ടായിരുന്ന മകളുടെ മൃതദേഹം വെള്ളത്തിൽ നിന്ന് പുറത്തേക്കെടുക്കുന്നതായിരുന്നു. കണ്ടു നിൽക്കുന്നവരെ ആകെ കണ്ണീരിലാഴ്ത്തുന്ന രംഗമായിരുന്നു അത്.
തീരത്തു നിന്ന് കാഴ്ചയിൽ ദൂരത്തായിരുന്നു ബോട്ട് എന്നതുകൊണ്ടും രാത്രിയായിരുന്നു എന്നതിനാലും രക്ഷാപ്രവർത്തനത്തിന് വിലങ്ങുതടിയായി. ചെറുബോട്ടുകളിലായെത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് തന്നെ. അപകടത്തിൽ പരപ്പനങ്ങാടി ആവിയിൽ ബീച്ച് കുന്നുമ്മൽ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്‌ന (18), ഷഫല (13), ഷംന (12), ഫിദ ദിൽന (7), സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), നൈറ (7), റുഷ്ദ (ഒന്നര) എന്നിവരാണ് ഒരു വീട്ടിൽനിന്ന് മരിച്ചത്. സൈതലവിയുടെ ബന്ധുക്കളായ ജൽസിയ (45), ജരീർ (12), ജന്ന (എട്ട്) എന്നിവരാണ് മരിച്ച മറ്റു മൂന്നുപേർ.
കുടുംബത്തിലെ 15 പേർ ഒരുമിച്ചാണ് വിനോദയാത്രക്ക് പോയത്. ഇവരിൽ മൂന്നുപേർ പരിക്കേറ്റ് ചികിത്സയിലാണ്. അതേ സമയം താനൂർ ബോട്ട് അപകടത്തിന് പിറകെ ബോട്ട് ജെട്ടിയിലെ പാലം കത്തിച്ച് നാട്ടുകാർ. കെട്ടുങ്ങൽ ബീച്ചിലെ താൽകാലിക പാലമാണ് നാട്ടുകാർ കത്തിച്ചത് ഇന്നലെ അപകടപ്പെട്ട ബോട്ടിലേക്ക് യാത്രക്കാർ സഞ്ചരിച്ച പാലമാണ് നാട്ടുകാർ കത്തിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് പൂരപ്പുഴയിലെക്ക് സർവീസിനായി ബോട്ട് പുറപ്പെട്ടത്. ബോട്ട് പുറപ്പെട്ട ഒരു മണിക്കൂറിന് ശേഷം ബോട്ട് അപകടത്തിൽപെടുകയായിരുന്നു. സമയം കഴിഞ്ഞതിന് ശേഷം സർവീസ് നടത്തിരുന്നെന്ന് നാട്ടുകാർ പലപ്പോഴും ആവശ്യപ്പെട്ടിരുന്നതായി പ്രദേശവാസി മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























