ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് ഇടപാടും: റെയ്ഡിന് പോലീസ് എത്തിയതോടെ 3-ാം നിലയിൽ നിന്ന് യുവതി ചാടി:- വീണത് ഗ്‌ളാസ് കട്ട് ചെയ്യുന്ന കടയിലേയ്ക്ക്: കുപ്പിചില്ലിന്റെ കൂമ്പാരത്തിലേയ്ക്ക് വീണ യുവതിക്ക് ഗുരുതര പരിക്ക്

കണ്ണൂർ - കാസർകോട് ദേശീയ പാതയിലെ ചെറുവത്തൂർ ഗവ: ആശുപത്രിക്ക് മുമ്പിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് യുവതി ചാടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് ഇടപാടും നനടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് റെയ്ഡ് ചെയ്യാൻ എത്തിയപ്പോഴായിരുന്നു യുവതി മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയത്. അസാം സ്വദേശിനി റെയ്‌ന ബീഗം അതീവ ഗുരുതരാവസ്ഥയിലാണ്. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് യുവതി ഇപ്പോഴുള്ളത്. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ചന്തേര എസ്. ഐ ശ്രീദാസിന്റെ നേതൃത്വത്തില്‍ പൊലിസ് റെയ്ഡ് നടത്താന്‍ എത്തിയതോടെയാണ് സംഭവം.
പൊലിസ് വാഹനം ലോഡ്ജിന്റെ മുന്‍വശത്തെത്തിയതോടെ യുവതി പുറകുവശത്തൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ലോഡ്ജിന്റെ വടക്ക്, കിഴക്കെ വശത്ത് നിന്നും താഴെക്ക് ചാടിയ യുവതി ഗ്‌ളാസ് കട്ട് ചെയ്തു കൊടുക്കുന്ന കടയുടെ മുമ്പിലാണ് വീണത്. അവിടെ കുപ്പിചില്ലിന്റെ കൂമ്പാരമുണ്ടായിരുന്നു അതില്‍ വീണ യുവതിക്ക് വയറ്റിലടക്കം ശരീരത്തിന്റെ പലഭാഗത്തും ചില്ലുകള്‍ തുളച്ചുകയറി മാരകമായി മുറിവേല്‍ക്കുകയായിരുന്നു.
തുടര്‍ന്ന് പ്രദേശവാസികള്‍ ലോഡ്ജിന്റെ മുന്‍വശത്തുണ്ടായിരുന്ന പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി യുവതിയെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്നും പ്രാഥമിക ശ്രുശ്രൂഷ നല്‍കിയ ശേഷമാണ് സ്ഥിതി ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
പൊലിസിനെ കണ്ടു ലോഡ്ജിലുണ്ടായിരുന്ന പുരുഷന്‍മാര്‍ ഓടിരക്ഷപ്പെട്ടു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും യുവതികളെ കൊണ്ടു വന്ന് ഈ ലോഡ്ജു കേന്ദ്രീകരിച്ചു പെണ്‍വാണിഭവും മയക്കുമരുന്ന് ഇടപാടുകളും നടത്തുന്നതായി പൊലിസിന് നേരത്തെ ലഭിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് റെയ്ഡു നടത്തിയത്. നേരത്തെയും വിവാദ ലോഡ്ജിൽ പോലീസ് റെയ്ഡു നടത്തിയിരുന്നു. ചെറുവത്തൂർ കൈതക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോഡ്ജ് ഇയാളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു വരികയാണ്. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള യുവതി പോലീസ് നിരീക്ഷണത്തിലാണ്.
അതേ സമയം കിഴക്കേകോട്ടയിൽ നിന്ന് യുവാവിനെ വശീകരിച്ച് മെഡിക്കൽ കോളേജിന് സമീപത്തുള്ള വൃന്ദാവൻ ലോഡ്ജിലെത്തിച്ച് പെപ്സിയിൽ മയക്കുമരുന്ന് കലർത്തി നൽകി സ്വർണാഭരണങ്ങളും പണവും തട്ടിയ കേസിൽ യുവതിയടക്കം രണ്ടുപേർ പിടിയിൽ.
കുന്നുകുഴി സ്വദേശിനി സിന്ധു, വള്ളക്കടവ് സ്വദേശി മുഹമ്മദ് ഹാജ, എന്നിവരെയാണ് മെഡിക്കൽകോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. വെട്ടുകാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പിടിയിലായ സിന്ധു പുലർച്ചെ യുവാവിനെ വശീകരിച്ച് ഓട്ടോറിക്ഷയിൽ കയറ്റിയ ശേഷം ജനറൽ ആശുപത്രിക്ക് സമീപത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്ന് മയക്കുമരുന്ന് വാങ്ങി. യുവാവിനെ ലോഡ്ജിലെത്തിച്ച് പെപ്സിയിൽ കലർത്തി നൽകുകയായിരുന്നു. തുടർന്ന് കൂട്ടാളിയുമായി ചേർന്ന് പണവും 5 പവന്റെ മാലയും ഒന്നര പവന്റെ മോതിരവും തട്ടിയെടുത്തു.
തുടർന്ന് മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടു. തമിഴ്നാട്ടിലും ഗോവയിലും വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. പ്രതികൾ പണയം വച്ച സ്വർണം നാഗർകോവിലിലുള്ള ധനകാര്യ സ്ഥാപനത്തിൽ നിന്ന് കണ്ടെടുത്തു. പ്രതികൾ നേരത്തേയും സമാനമായ കേസുകളിൽപെട്ട് ജയിൽവാസം അനുഭവിച്ചിട്ടുണ്ട് . വശീകരിച്ച് ലോഡ്ജ് മുറികളിൽ കൊണ്ടുപോയി ഗുളികകൾ നല്കി മയക്കി പണവും സ്വർണവും അപഹരിക്കുന്നതാണ് ഇവരുടെ രീതി. നാണക്കേട് ഭയന്ന് ആരും പരാതി നൽകാറില്ല. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha

























