അരിക്കൊമ്പന്‍ മേഘമലയിലേയ്ക്കുള്ള യാത്രക്കാര്‍ക്ക് പേടി സ്വപ്‌നമാകുന്നു... ചുരത്തില്‍ അരിക്കൊമ്പന്‍ ബസിനെ ആക്രമിക്കാനായി പാഞ്ഞടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഇടുക്കി ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലേയ്ക്ക് മാറ്റിയ അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ മേഘമലയില്‍ തുടരുന്നു. ആനയെ കേരള വനമേഖലയിലേയ്ക്ക് തിരിച്ചയയ്ക്കാനുള്ള ശ്രമം ഇതുവരെ ഫലം കണ്ടിട്ടില്ല. അതിനിടെ മേഘമലയിലേയ്ക്കു പോകുന്ന ചുരത്തില്‍ അരിക്കൊമ്പന്‍ ബസിനെ ആക്രമിക്കാനായി പാഞ്ഞടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
പാതയോരത്ത് നിന്ന ആന ബസ് മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പാഞ്ഞ് ബസിന്റെ അടുത്ത് വരുന്നതും അല്പനേരം അവിടെ നിന്ന ശേഷം തിരിച്ച് വനത്തില്‍ പോകുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ ഉള്ളത്. 30 പേരടങ്ങുന്ന ഒരു സംഘം തമിഴ്‌നാട് വനപാലകര്‍ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ മേഘമല കടുവാ സങ്കേതത്തിനുള്ളിലെ ഘോര വനത്തിനുള്ളിലാണ് അരിക്കൊമ്പനുള്ളത്.
അതേസമയം, അരിക്കൊമ്പന്റെ കൃത്യമായ സിഗ്‌നല്‍ വിവരം കേരളം നല്‍കുന്നില്ലെന്ന് തമിഴ്‌നാട് വനംവകുപ്പ് പരാതിപ്പെട്ടു. ഇക്കാരണത്താല്‍ അരിക്കൊമ്പന്റെ നീക്കം നിരീക്ഷിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചിന്നമന്നൂര്‍ റേഞ്ച് ഓഫീസര്‍ പറഞ്ഞു. പത്തുപേരെ കൊലപ്പെടുത്തിയ ആനയാണ് അരിക്കൊമ്പനെന്ന സംസാരം തമിഴ്‌നാട്ടില്‍ പരക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി അരിക്കൊമ്പന്‍ ജനവാസ മേഖലയിലെത്തുന്നത് അവിടെ ഭീതിജനകമായ സാഹചര്യമുണ്ടാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























