ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന കേസില്‍ പിടിയിലായ മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും...

ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന കേസില്‍ പിടിയിലായ മൂന്ന് പ്രതികളെയും റിമാന്‍ഡ് ചെയ്തു. മൃതദേഹം കണ്ടെത്തിയ അട്ടപ്പാടിയിലടക്കം തെളിവെടുപ്പ് നടത്തേണ്ടതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
സിദ്ദിഖിന്റെ കൊലപാതകത്തില്‍ കൂടുതല്‍ അന്വേഷണവും തെളിവെടുപ്പും നടത്തേണ്ടതുണ്ട്. തിരൂര്‍ ഡിവൈ.എസ്.പി കെ.എം.ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കേസുമായി ബന്ധപ്പെട്ട് പാലക്കാടും കോഴിക്കോടുമടക്കം കൂടുതലിടങ്ങളില്‍ തെളിവെടുപ്പ് നടത്താനുണ്ട്. സിദ്ദിഖിനെ കൊലപ്പെടുത്തിയ ഹോട്ടലിലെത്തിച്ചും തെളിവെടുക്കുകയും ചെയ്യും.
പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍, രക്തക്കറ മായ്ക്കാനുപയോഗിച്ച വസ്തുക്കള്‍, മൃതദേഹം ഉപേക്ഷിക്കാനുപയോഗിച്ച സിദ്ദിഖിന്റെ കാര്‍ ഉള്‍പ്പെടെയുള്ളവ പൊലീസ് കണ്ടെടുത്തിട്ടുണ്ടായിരുന്നു. സിദ്ദിഖിന്റെ ഫോണ്‍ ഇനിയും കണ്ടെത്താനായിട്ടില്ല.
സിദ്ദിഖില്‍ നിന്നും പണം തട്ടുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ഹണി ട്രാപ്പാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരന്‍ ഷിബിലി (22), ഷിബിലിയുടെ സുഹൃത്ത് ഫര്‍ഹാന(18), ഫര്‍ഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിക്ക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയും ചെയ്യുന്നു.
"
https://www.facebook.com/Malayalivartha





















