അടൂര്‍ പീഡനം: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ അമ്മ ഒത്താശ ചെയ്‌തെന്നും പണം വാങ്ങിയിട്ടാണ് കുട്ടിയെ വിട്ടു കൊടുത്തിരുന്നത് എന്നും ആരോപണം

അടൂര്‍ സ്വദേശിനികളായ 9, 10 ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ കരുനാഗപ്പള്ളി വള്ളിക്കാവിലെത്തിച്ച് 11-ല്‍ അധികം പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു എന്ന കേസില്‍ പീഡനത്തിന് ഇരയായ 10-ാം ക്ലാസുകാരിയുടെ അമ്മ പ്രതികളുടെ കൈയ്യില്‍ നിന്ന് പണം വാങ്ങിയാണ് കുട്ടിയെ അവര്‍ക്കു വിട്ടുകൊടുത്തിരുന്നതെന്ന് വെളിപ്പെടുത്തല്‍.
കുട്ടിയുടെ അമ്മ പണം വാങ്ങിയെന്ന് പ്രതികളും പൊലീസിനോട് പറഞ്ഞിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കുടുംബത്തെ അടക്കം കൊന്നുകളയുമെന്ന് കുട്ടിയുടെ അമ്മ ഭീഷണിപ്പെടുത്തിയെന്നും എന്നാല്‍ ഈ മൊഴി രേഖപ്പെടുത്താനോ കുട്ടിയുടെ അമ്മയുടെ ബന്ധം അന്വേഷിക്കാനോ പൊലീസ് തയ്യാറായില്ല എന്നും പീഡനത്തിനിരയായ രണ്ടാമത്തെ കുട്ടിയുടെ അമ്മ ഒരു പ്രമുഖ ചാനലിനോടു പറഞ്ഞു.
തങ്ങളുടെ കൈയ്യില്‍ നിന്ന് പെണ്‍കുട്ടിയുടെ അമ്മ നിരവധി തവണ പണം വാങ്ങി കുട്ടിയെ വിട്ടു നല്‍കിയിട്ടുണ്ടെന്ന് പ്രതികള്‍ പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് പ്രതികളുമായി ബന്ധമുണ്ട്. എന്നാല്‍ പൊലീസ് ഇക്കാര്യം അന്വേഷിക്കുന്നില്ലെന്ന് രണ്ടാമത്തെ കുട്ടിയുടെ അമ്മ ആരോപിച്ചു. 10 -ാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് സ്‌റ്റേഷനില്‍ വലിയ സ്വാധീനമാണുള്ളത്. പീഢനവിവരം വീട്ടില്‍ പറഞ്ഞാല്‍ തന്റെ കുട്ടിയെ കൊന്നു കളയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് കുട്ടി വിവരം വീട്ടില്‍ പറയാതിരുന്നത്.
അടൂര്‍ പൊലീസ് പല നമ്പരുകളില്‍ നിന്ന് വിളിച്ച് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സ്ഥലം മാറിയ ഡിവൈഎസ്പി തന്നെ കാണിച്ചു തരാമെന്ന് പറഞ്ഞും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു. അടൂര്‍ സ്‌റ്റേഷനില്‍ ചെല്ലണം എന്ന് പറഞ്ഞ് നിരന്തര ഭീഷണി ഉണ്ടാവുന്നുണ്ടെന്നും അവരറിയിച്ചു.
കേസ് രണ്ട് ഡിവൈഎസ്പിമാര്‍ അന്വേഷിക്കുന്നതില്‍ തനിക്ക് താല്‍പര്യമില്ല. കൊട്ടാരക്കര ഡിവൈഎസ്പി അന്വേഷിക്കുന്നതിനോടാണ് താല്‍പര്യമെന്നും അവര്‍ പറഞ്ഞു. സ്ഥലം മാറ്റപ്പെട്ട ഡിവൈഎസ്പി ചുമതല ഒഴിയാതെ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും, ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കുട്ടിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ പറഞ്ഞു.
കേസില്‍ കുട്ടിയെ വിട്ട് കിട്ടണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഈ വെള്ളിയാഴ്ച്ച കോടതി പരിഗണിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha