യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി

കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡിഐജി ഹരിശങ്കര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി. കോടതി ഉത്തരവിനുശേഷം തുടര്‍നടപടിയാകാമെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. യുവാവിനെ കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുളളൂവെന്നാണ് റിപ്പോര്‍ട്ടിലുളളത്. പരാതി ഉയര്‍ന്ന അന്നുതന്നെ നടപടിയെടുത്തെന്നും നാല് ഉദ്യോഗസ്ഥരുടെയും രണ്ട് വര്‍ഷത്തേക്കുളള ഇന്‍ക്രിമെന്റ് റദ്ദാക്കിയെന്നും സ്ഥലം മാറ്റലടക്കമുളള നടപടി സ്വീകരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്‌ഐ നുഹ്മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.
കുന്നംകുളം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സുജിത്താണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. 2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. വഴിയരികില്‍ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പൊലീസിനോട് സുജിത്ത് വിവരം അന്വേഷിച്ചിരുന്നു. ഇത് ഇഷ്ടപ്പെടാതെ വന്ന എസ്‌ഐ നുഹ്മാന്‍ സുജിത്തിനെ സ്?റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സുജിത്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 'നാട്ടിലെ കുട്ടികള്‍ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ക്ലബില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് പൊലീസ് വന്നത്. കുട്ടികള്‍ എന്നെ വിളിക്കുകയായിരുന്നു. പൊലീസുകാര്‍ മോശമായാണ് സംസാരിച്ചത്. എന്തിനാണ് മോശമായി സംസാരിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. ഞാനാരാ എന്ന് അവര്‍ ചോദിച്ചു. പൊതുപ്രവര്‍ത്തകനാണെന്ന് പറഞ്ഞതാണ്. അപ്പോള്‍ തന്നെ അവര്‍ എന്റെ ഷര്‍ട്ട് വലിച്ചുകീറി. വണ്ടിയില്‍ കയ?റ്റി സ്?റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. സിസിടിവി ഇല്ലാത്ത സ്ഥലത്ത് കൊണ്ടുപോയിട്ടും മര്‍ദ്ദിച്ചു' സുജിത്ത് പറഞ്ഞു.
വൈദ്യപരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചുവെന്നും വ്യക്തമായിട്ടുണ്ട്.
https://www.facebook.com/Malayalivartha