കെ ഫോൺ ഉദ്ഘാടിച്ചു...ഉദ്ഘാടനം ചെയ്ത വാർത്ത വായിക്കാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ വിസമ്മതിച്ചു.... താൻ ജയിലിൽ കിടക്കുമ്പോൾ തൻ്റെ മനസിൽ നിന്നും ഉയിർക്കൊണ്ട പദ്ധതി; താൻ ആർക്കു വേണ്ടി ബലിയാടായോ, അയാൾ ഉദ്ഘാടനം ചെയ്ത വാർത്ത വായിക്കാൻ ശിവശങ്കറിന് തീരെ താൽപ്പര്യം തോന്നിയില്ല....പുറത്ത് പൊട്ടിച്ചിരിച്ച് പിണറായി...

സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതിയെന്ന് സർക്കാർ തന്നെ കരുതുന്ന കെ. ഫോൺ എന്ന ആശയം ഉദ്ഘാടനം ചെയ്ത വാർത്ത വായിക്കാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ വിസമ്മതിച്ചു. ലൈഫ്മിഷൻ കോഴയിലെ കിംഗ് പിൻ എന്ന് ഇ.ഡി.പറയുന്ന എം.ശിവശങ്കർ ഇപ്പോൾ എറണാകുളത്തെ ജയിലിലാണ്.ചൊവ്വാഴ്ച രാവിലെ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ അദ്ദേഹത്തിന് ജയിലിൽ നൽകാറുള്ള മനോരമ, മാതൃഭൂമി പത്രങ്ങൾ വായിക്കാനാണ് എം.ശിവശങ്കർ വിസമ്മതിച്ചത്. ജയിലിൽ ആശയ വിനിമയത്തിനെത്തിയ ഉദ്യോഗസ്ഥരോട് തനിക്ക് ഇന്ന് പത്രം വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. താൻ ജയിലിൽ കിടക്കുമ്പോൾ തൻ്റെ മനസിൽ നിന്നും ഉയിർക്കൊണ്ട പദ്ധതി താൻ ആർക്കു വേണ്ടി ബലിയാടായോ, അയാൾ ഉദ്ഘാടനം ചെയ്ത വാർത്ത വായിക്കാൻ ശിവശങ്കറിന് തീരെ താൽപ്പര്യം തോന്നിയില്ല.തിങ്കളാഴ്ച വൈകിട്ട് കെ. ഫോണിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചപ്പോൾ തന്നെ ഇക്കാര്യം ശിവശങ്കർ അറിഞ്ഞിരുന്നു. പത്രങ്ങളിൽ നിന്നുള്ള വാർത്തകൾക്ക് പുറമേ ജയിൽ ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരങ്ങളും ശിവശങ്കറിന് ലഭിച്ചിരുന്നു. കെ. ഫോൺ ഉദഘാടനത്തിന് മുമ്പ് തന്നെ കണക്റ്റഡ് വിത്ത് കെ. ഫോൺ എന്ന ടാഗ് ലൈനിൽ എം.ശിവശങ്കറിൻ്റെ ചിത്രങ്ങൾ സഖാക്കൾ ഫെയ്സ് ബുക്കിൽ ടാഗ് ചെയ്തിരുന്നു. സഖാക്കൾക്ക് പുറമേ ഇടത് ബുദ്ധിജീവികളും ഇതേ കാര്യം ചെയ്തു. തന്നെ കേരളം മറക്കാത്തതിൽ ശിവശങ്കർ ആഹ്ലാദചിത്തനായി . പിന്നീട് അദ്ദേഹം കാത്തിരുന്നു. ഉദ്ഘാടന വേളയിൽ ആരെങ്കിലും തന്നെ പരാമർശിക്കുമോ എന്നറിയാൻ. പക്ഷേ അതുണ്ടായില്ലെന്ന് ജയിൽ ഉദ്യോഗസ്ഥരിൽ നിന്നറിഞ്ഞു. അതോടെ പിണറായി ഉൾപ്പെടെയുള്ള കെ. ഫോൺ ഉദഘാടകരെ കടിച്ചുകീറാനുള്ള വൈരാഗ്യത്തിലായി എം.ശിവശങ്കർ.
പിന്നീട് നടന്നത് എല്ലാവരെയും അമ്പരപ്പിക്കുന്ന സംഭവങ്ങളാണ്. എം. ശിവശങ്കറിൻെറ ആരാധകരും ഇടതു ബുജികളും സർക്കാരിനെതിരെ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു.അതിൽ ഒരെണ്ണം ഇങ്ങനെയാണ്:കെ ഫോണുമായി ബന്ധപ്പെട്ട പോസ്റ്റുകളിൽ മനപ്പൂർവം ശിവശങ്കർ ഐ.എ. എസിനെ ഒഴിവാക്കുന്നത് കണ്ടു . പച്ചക്ക് പറഞ്ഞാൽ കാണിക്കുന്നത് നന്ദികേടാണ്. ഇദ്ദേഹത്തിന്റെ തലച്ചോറിൽ ഉടലെടുത്ത ആശയമാണ് പിന്നീട് ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിക്കാനും , കെ ഫോൺ എന്ന പേരിൽ ജനങ്ങൾക്ക് ഇന്റർനെറ്റ് എത്തിക്കാനുള്ള infrastructure ഉണ്ടാക്കാനും ഉള്ള വമ്പൻ പ്രോജക്ടിലേക്ക് വഴി തെളിച്ചത്. ശിവശങ്കർ IAS നെ മറന്നു കൊണ്ടാവരുത് കെ ഫോൺ ഉദ്ഘാടനവും , ആഘോഷങ്ങളും . ഇദ്ദേഹത്തിനെപ്പറ്റി മീഡിയ ഉണ്ടാക്കിയ ഭീകരൻ ഇമേജ് ആണ് സാമാന്യ ജനത്തിനറിയാവുന്നത്. ശിവശങ്കർ IAS നെതിരെ ഉണ്ടാക്കിയ കള്ളക്കഥകൾ പൊളിച്ചടുക്കപ്പെടുന്ന ഒരു ദിവസം വരിക തന്നെ ചെയ്യും , അന്ന് ഇവിടുത്തെ മീഡിയയും , പ്രതിപക്ഷവും വിചാരണ ചെയ്യപ്പെടും. ഇത്തരത്തിലുള്ള എഴുത്തുകളാണ് ഇടതു ബുദ്ധിജീവികളുടെ ഭാഗത്തുനിന്നുണ്ടായത്. മറ്റൊരു പോസ്റ്റ് ഇങ്ങനെയാണ്:ഉള്ളവനും ഇല്ലാത്തവനുമെന്ന അവസ്‌ഥ അടയാളപ്പെടുത്തുന്നതിൽ ഏറ്റവും പ്രധാന ഘടകങ്ങളിൽ ഒന്ന് ഭൂമിയുള്ളവനും ഇല്ലാത്തവനും എന്നതാണ്. കാലങ്ങളായി അതങ്ങനെയാണ്. അതിനു ആഴത്തിലുള്ള സാമ്പത്തികശാസ്ത്ര, സാമൂഹ്യശാസ്ത്ര കാരണങ്ങളുണ്ട്.
ആ വിഷയത്തെ അഡ്രസ് ചെയ്തുകൊണ്ടല്ലാതെ മെച്ചപ്പെട്ട ഒരു ലോകം സ്വപ്നം കാണാൻ പറ്റില്ല എന്നതുകൊണ്ടാണ് ഇടതുപക്ഷം ഭൂപരിഷ്കരണം ഒരു പ്രധാന അജണ്ടയായി കൊണ്ടുനട(ക്കു)ന്നത്.പത്തു സെന്റെങ്കിൽ പത്തു സെന്റ്; ചവിട്ടി നില്ക്കാൻ, ഒരു കൂര വയ്ക്കാൻ, ആവശ്യം വന്നാൽ പണയം വയ്ക്കാൻ, ഒരു ചിതയൊരുക്കാൻ അല്ലെങ്കിൽ കുഴിവെട്ടാൻ ഒരിത്തിരി മണ്ണ്.കാലം മാറുന്നുണ്ട്.ഇനി ഉള്ളവനും ഇല്ലാത്തവനും എന്നത് വേർതിരിക്കുന്നത്തിൽ ഒരു പ്രധാന ഘടകം അറിവിനുള്ള ലഭ്യതയാണ്; അതാണെങ്കിൽ സാങ്കേതിക വിദ്യയുടെ ലഭ്യതകൂടെയാണ്; ഇനിയങ്ങോട്ട് വേർതിരിവ് എന്നാൽ പ്രധാനമായും ഡിജിറ്റൽ ഡിവൈഡാണ്.സാമ്പത്തികമായി പിന്നോക്കാവസ്‌ഥയിലുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും ബാക്കിയുള്ളവർക്ക് സൗജന്യ നിരക്കിലും ഇന്റർനെറ്റ് കണക്ഷൻ നൽകാനുള്ള ഒരു പദ്ധതിയ്ക്കാണ് ഇന്ന് ഔപചാരികമായി തുടക്കം കുറിക്കുന്നത്. ഇതിൽ പിഴവുകളും പിശകുകളും ഉണ്ടാകാം, കാലതാമസമുണ്ടാകാം. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത അജണ്ടയായിരുനിന്നിട്ടും സ്വന്തം സർക്കാരുണ്ടാക്കി ഉടനെത്തന്നെ അതിനു പണി തുടങ്ങിയിട്ടും 1957-ൽ തുടങ്ങിയ ഭൂപരിഷ്കരണ ശ്രമങ്ങൾ ഒന്നര പതിറ്റാണ്ടെടുത്തു കരയ്‌ക്കെത്താൻ എന്നോർക്കണം.പക്ഷെ കേരളത്തെ കേരളമാക്കി നിലനിർത്തുന്നതും മുന്നോട്ടുകൊണ്ടുപോകുന്നതുമായ ഒരു പദ്ധതിയാണിത്. കേരളത്തോട് താല്പര്യമുള്ള എല്ലാവരുടെയും പദ്ധതിയാണിത്.ഒരു കേരളീയൻ എന്ന നിലയിൽ അത്യധികം അഭിമാനത്തോടെയും ആഹ്ലാദത്തോടെയുമാണ് ഈ ദിവസത്തെ ഞാൻ വരവേൽക്കുന്നത്.
അപ്പോഴും ഈ പദ്ധതിയുടെ തലച്ചോറായിരുന്ന ഒരു മനുഷ്യൻ ഭരണകൂടത്തിന്റെ പ്രതികാരത്തിനും നീതിന്യായവ്യവസ്‌ഥയുടെ വെളിവുകേടിനും ഇരയായി ഇരുമ്പഴികൾക്കുള്ളിൽ കഴിയുന്നു.Sivasankar സർ, നിങ്ങളെ ഓർത്തല്ലാതെ ഈ ദിവസം പൂർണ്ണമാകില്ല.ഇത്തരം പോസ്റ്റുകൾക്കെല്ലാം ശിവശങ്കറിൻ്റെ ചിത്രമുണ്ട് എന്നതാണ് രസകരമായ കാര്യം.ഇതിലൊന്നും തന്നെ പിണറായി വിജയൻ്റെ ചിത്രമോ പേരോ ഇല്ല.
ഇതെല്ലാം ശിവശങ്കർ കാണുന്നുണ്ട്.അതുകൊണ്ടാണ് താനില്ലാത്ത, തന്നെ കുറിച്ച് പരാമർശമില്ലാത്ത പത്രങ്ങൾ വായിക്കാൻ അദ്ദേഹം തയ്യാറാകാതിരുന്നത്.തിരുവനന്തപുരത്തെ നിയമസഭാ മന്ദിരത്തിൽ കൊട്ടിഘോഷിച്ച് നടത്തിയ കെ. ഫോൺ ഉദ്ഘാടനത്തിൽ തൻ്റെ പേര് പോലും പരാമർശിക്കാത്ത മുഖ്യമന്ത്രിക്കെതിരെ രോഷം നിറയുകയാണ് ശിവശങ്കറിൻ്റെ മനസിൽ. ചെയ്യാത്ത തെറ്റിനാണ് താൻ ക്രൂശിക്കപ്പെടുന്നതെന്ന് ശിവശങ്കർ കരുതുന്നു. യഥാർത്ഥ തെറ്റുകാർ മാന്യൻമാരായി സമൂഹത്തിൽ ജീവിക്കുന്നു. എല്ലാവരും തന്നെ ചാവേറാക്കി. മാധ്യമങ്ങൾക്ക് താൻ ഒരു മുന്തിയ ഇനം അഴിമതിക്കാരനായി!ലൈഫ് മിഷൻ കേസിലെ മുഖ്യ ആസൂത്രകൻ എം. ശിവശങ്കറാണെന്നു എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ഹൈക്കോടതിയിൽ പറഞ്ഞിട്ട് ദിവസങ്ങൾ മാത്രമാണായത്. കള്ളപ്പണ ഇടപാടിലൂടെ സ്പോൺസേഡ് തീവ്രവാദത്തിനാണു ശ്രമിച്ചതെന്നും ഇ.ഡി. പറഞ്ഞു. റിമാൻഡിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ എം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു ഇഡി ഇക്കാര്യങ്ങൾ ഹൈക്കോടതിയെ അറിയിച്ചത്.
ശിവശങ്കറിനെതിരായി ശക്തമായ തെളിവുകളുണ്ടെന്നും ഇഡി ഹൈക്കോടതിയിൽ അറിയിച്ചു. ശിവശങ്കറിന്‍റെ പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്. എല്ലാ ആസൂത്രണത്തിന്‍റെയും കേന്ദ്രബിന്ദു ശിവശങ്കർ ആയിരുന്നെന്നും ഇഡി അറിയിച്ചു. അതേസമയം സ്വപ്നയുടെ ലോക്കറിൽ നിന്നും പണം കിട്ടിയ സംഭവത്തിൽ രണ്ടു കേസുകൾ എടുക്കുന്നതെങ്ങനെയെന്നു കോടതി ചോദിച്ചു. അതിന് ഇ ഡിക്ക് മറുപടി ഉണ്ടായിരുന്നില്ല.നേരത്തെ, ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ചു ജാമ്യം നേടിയ ശിവശങ്കർ തൊട്ടുപിന്നാലെ ജോലിയിൽ പ്രവേശിച്ചിരുന്നു. അതുകൊണ്ടു തന്നെ ആരോഗ്യപ്രശ്നങ്ങളെന്ന വാദം നിലനിൽക്കില്ലെന്നും ഇഡി കോടതിയിൽ അറിയിച്ചു. ഒടുവിൽ ലൈഫ് മിഷന്‍ കേസില്‍ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സുപ്രിംകോടതിയിലെത്തി..എന്നാൽ അതും വിഫലമായി. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് തനിക്ക് ബന്ധമില്ലെന്ന് ശിവശങ്കര്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കി.. പദ്ധതിക്കായി യുണിടാക്കിനെ തെരഞ്ഞെടുത്തതില്‍ ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ യുഎഇ കോണ്‍സുലേറ്റിന്റേതാണെന്നും ഹര്‍ജിയില്‍ ശിവശങ്കര്‍ ചൂണ്ടിക്കാട്ടി.തന്റെ പേരില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങളെല്ലാം തള്ളുകയാണ് ശിവശങ്കര്‍ ചെയ്തത്. ആരോപണങ്ങളെല്ലാം തന്റെ മേല്‍ കെട്ടിവയ്ക്കുകയാണ്. വസ്തുതാപരമായ പരിശോധനകള്‍ നടത്തുകയോ വാദങ്ങള്‍ പൂര്‍ണമായി കേള്‍ക്കുകയോ ചെയ്താല്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയും. ഇനിയും ജയിലില്‍ തുടര്‍ന്നാല്‍ അത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. അതിനാല്‍ ജാമ്യം നല്‍കണമെന്നാണ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ശിവശങ്കര്‍ ചൂണ്ടിക്കാട്ടുന്നത്.
താന്‍ സമര്‍പ്പിച്ച കാര്യങ്ങളെയും രേഖകളെയുമെല്ലാം മുന്‍വിധിയോടുകൂടി സമീപിച്ചുവെന്നാണ് ശിവശങ്കറിന്റെ വാദം. നല്‍കിയ രേഖകള്‍ പരിശോധിച്ചാല്‍ പുറത്തുള്ളവരാണ് ആക്ഷേപങ്ങള്‍ക്ക് പാത്രമാകുക. യുഎഇ എംബസി അടക്കം ആ പട്ടികയില്‍ വരും. എന്നാല്‍ തന്റെ മേല്‍ മാത്രമാണ് കുറ്റം ചാരുന്ന നിലപാടെന്നും ശിവശങ്കര്‍ ചൂണ്ടിക്കാട്ടി.ഒരേ വസ്തുതകളെ അടിസ്ഥാനമാക്കി ഇ.ഡി തനിക്കെതിരെ തുടരെ കേസെടുക്കുകയാണെന്നും ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നുമില്ലെന്നും എം. ശിവശങ്കർ ഹൈക്കോടതിയിലും വ്യക്തമാക്കി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിലെ ജാമ്യത്തിനായി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ശിവശങ്കറിന്റെ വാദം. സ്വർണക്കടത്തു കേസിലെ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് കേസുൾപ്പെടെ രജിസ്റ്റർ ചെയ്തിട്ടുള്ളതെ്. ഒരേ സംഭവത്തിന്റെ അടിസ്ഥാനത്തിൽ പല കേസുകൾ രജിസ്റ്റർ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ശിവശങ്കറിനായി ഹാജരായ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌ത വ്യക്തമാക്കി. എന്നാൽ ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് റിമാൻഡ് ചെയ്തു. 9 ദിവസം കസ്റ്റഡിയിലെടുത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ശിവശങ്കറിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രത്യേക കോടതിയിൽ ആവശ്യപ്പെട്ടില്ല. തുടർച്ചയായി 3 ദിവസം ചോദ്യം ചെയ്ത ശേഷം ഫെബ്രുവരി 14ന് രാത്രി 11.45 നാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.
നയതന്ത്രപാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. ജനുവരി 31നാണു ശിവശങ്കർ സർവീസിൽ നിന്നു വിരമിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളർ കടത്ത്, ഇപ്പോൾ ലൈഫ് മിഷൻ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സിബിഐയും ശിവശങ്കറിനെ പ്രതി ചേർത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസികളിൽ എൻഐഎ മാത്രമാണു ശിവശങ്കറെ പ്രതി ചേർക്കാത്തത്.
ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിനുള്ള കോഴയാണെന്ന സ്വപ്നയുടെ മൊഴികളാണു കേസിൽ ഇഡി ശിവശങ്കറെ പ്രതി ചേർക്കാൻ കാരണമായത്. യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയിൽ പാർപ്പിട സമുച്ചയം നിർമിച്ച പദ്ധതിയിൽ കോടികളുടെ കോഴ ഇടപാടു നടന്നതായുള്ള കേസിലാണു ശിവശങ്കറെ അറസ്റ്റ് ചെയ്ത് ഇഡി വീണ്ടും അന്വേഷണം കടുപ്പിക്കുന്നത്.കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ്നായർ, സന്തോഷ് ഈപ്പൻ എന്നിവരുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തത്. പദ്ധതിയുടെ ഭാഗമായി 6 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായാണു സ്വപ്ന സുരേഷിന്റെ ആരോപണം. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്നു നിർമാണ കരാറെടുത്ത യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിട്ടുണ്ട്.2016 ലാണ് ശിവശങ്കർ കെ-ഫോണ്‍ എന്ന ആശയം മുഖ്യമന്ത്രിയോട് പറയുന്നത്.
18 മാസം കൊണ്ട് 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഏഴു വര്‍ഷം കഴിഞ്ഞിട്ടും പതിനാലായിരം പേര്‍ക്ക് മാത്രമാണ് കണക്‌ഷൻ കൊടുക്കുന്നത്. 1028 കോടിയായിരുന്ന എസ്റ്റിമേറ്റ് തുക 50 ശതമാനം ഉയര്‍ത്തി 1531 കോടിയാക്കി. അഴിമതി ക്യാമറ ഇടപാടിലെ അതേ കമ്പനികള്‍ തന്നെയാണ് കെ–ഫോണിലും ലാഭം തട്ടിയെടുക്കുന്നത്. മുഖ്യമന്ത്രിയുമായോ മുഖ്യമന്ത്രിയുടെ ഓഫിസുമായോ ബന്ധപ്പെട്ട കറക്കു കമ്പനികള്‍ക്കല്ലാതെ മറ്റാര്‍ക്കും കരാറുകളൊന്നും കിട്ടില്ല. എസ്ആര്‍ഐടിയിലേക്കോ പ്രസാഡിയയിലേക്കോ പണം എത്തുന്ന രീതിയില്‍ ഗവേഷണം നടത്തിയുള്ള അഴിമതിയാണ് എല്ലായിടത്തും നടപ്പാക്കുന്നത്. ഏതു പാതയില്‍ കൂടി സഞ്ചരിച്ചാലും ഒരു പെട്ടിയിരിക്കുന്ന സ്ഥലത്തേക്കെത്തും. ക്യാമറയില്‍ നടന്നത്തിയതിനേക്കാള്‍ വ്യാപക അഴിമതിയാണ് കെ–ഫോണില്‍ നടന്നത്. ശിവ ശങ്കറിൻ്റെ ആശയത്തെ മുഖ്യമന്ത്രി ഇപ്രകാരമാണ് സ്വീകരിച്ചത്.രാജ്യത്ത് ആദ്യമായി, ഇന്റര്‍നെറ്റ് ലഭ്യത പൗരന്റെ അവകാശമായി ഐടി നയത്തില്‍ പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. അതിന്റെ ചുവട് പിടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചത്. തോമസ് ഐസക് ധനമന്ത്രിയായിരുന്ന കാലത്തായിരുന്നു ഇത്. അന്ന് ധനമന്ത്രിയുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം കാരണം പിണറായിക്ക് അത് നടപ്പിലാക്കാനായില്ല.
കെ-ഫോണ്‍ പദ്ധതിയെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ഇതിലൊന്നും മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ ഐസക്ക് എത്തിയില്ല. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൈയെടുത്താണ് നാല് പദ്ധതികൾ സർക്കാർ നടപ്പിലാക്കിയത്..
കെ ഫോണ്‍, സ്മാര്‍ട് സിറ്റി, ഡൗണ്‍ടൗണ്‍, ഇ മൊബിലിറ്റി പദ്ധതികളാണ് ഇവ.ഇതിൻറെ വിശദാംശങ്ങളാണ് കേന്ദ്രം ആവശ്യപ്പെട്ടത്.സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ലഭിച്ച കമ്മീഷൻ യു എ ഇയിൽ മുടക്കാനായിരുന്നു ശിവശങ്കറിന്റെ പദ്ധതിയെന്ന് കേന്ദ്ര ഏജൻസികൾ പറയുന്നു. 110 കോടിയുടെ കോഴ ഇടപാട് ശിവശങ്കർ നടത്തിയതായാണ് ഇ ഡിക്ക് ലഭിച്ച വിവരം. ഐ.ടി. പാർക്കുകൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമി സ്വകാര്യസംരംഭകർക്ക് മറിച്ചുവിറ്റ വകയിലും ശിവശങ്കറിന് ലഭിച്ചത് കോടികളാണ്. വിവാദമായ കെ ഫോൺ പദധതിയിൽ ടെൻഡറിനെക്കാൾ 49 ശതമാനം കൂടിയ തുകക്കാണ് ശിവശങ്കർ കരാർ നൽകിയത്. 1028 കോടിക്ക് ടെണ്ടർ വിളിച്ച പദ്ധതിക്ക് 1531 കോടിയുടെ കരാർ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിന് കാത്തുനിൽക്കാതെ നൽകാൻ ശിവശങ്കർ കാണിച്ച ധ്യതിയും എൻഫോഴ്സ്മെന്റ് പരിശോധിച്ചിരുന്നു.. സർക്കാർ കമ്പനികൾ മത്സരത്തിന് ഉണ്ടായിരുന്നിട്ടും അവയെ മറികടന്നാണ് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത്. ഇതെല്ലാം സി.എം രവീന്ദ്രൻ്റെ അറിവോടെയായിരുന്നു.
കെ.എസ് ഇ ബിയുടെ നേതൃത്വത്തിൽ നടപ്പിലാക്കേണ്ടിയിരുന്ന പദ്ധതിയാണ് ഇത്. എന്നാൽ ശിവശങ്കർ സ്വന്തം താല്പര്യഫലമായി സ്വകാര്യ കമ്പനിക്ക് കെ ഫോൺ നൽകിയെന്ന് കരുതാനാവില്ല. അക്കാലത്ത് ശിവശങ്കർ എല്ലാം ചെയ്തതും മുഖ്യമന്ത്രിയുടെ താൽപ്പര്യം കണക്കിലെടുത്ത് മാത്രമാണ്. വർഷങ്ങൾക്ക് ശേഷമാണ് മരുമകളുടെ കുടുംബമെല്ലാം കഥയിലേക്ക് വരുന്നത്.മന്ത്രിസഭാ യോഗം തീരുമാനിക്കുന്നതിന് മുമ്പ് കരാർ സ്വകാര്യ കമ്പനികൾ ഉൾപ്പെട്ട കൺസോർഷ്യത്തിന് മറിച്ചു നൽകിയതിന് പിന്നിൽ ചില സി പിഎം നേതാക്കളും അവരുടെ കുടുംബാംഗങ്ങളും കൈപറ്റിയത് കോടികളെന്ന് ഇ ഡിക്ക് സൂചന ലഭിച്ചിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല.. മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കുന്നതിന് മുമ്പ് കരാർ സ്വകാര്യ കമ്പനിക്ക് മറിച്ചു നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന സംശയത്തിലാണ് ഇ ഡി എത്തിയത്. ടെണ്ടർ തുകയെക്കാൾ 49 ശതമാനം കൂട്ടി സ്വകാര്യ കമ്പനിക്ക് കരാർ നൽകുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. 1028 കോടിയായിരുന്നു ടെണ്ടർ.എന്നാൽ കരാർ നൽകിയത് 1581 കോടിക്ക്. ഇതിന്റെ കമ്മീഷന്റെ ആദ്യ ഗഡുവായി 30 കോടി ദുബായിൽ ശിവശങ്കർ കൈപ്പറ്റിയതായി കേട്ടിരുന്നു. പദ്ധതിയുടെ പൂർണമായ മേൽനോട്ടം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ശിവശങ്കർ ഏറ്റെടുത്തെന്നാണ് ഇഡിക്ക് ലഭിച്ച വിവരം. കിഫ്ബിയിൽ നിന്നും 823 കോടിയാണ് പദധതിക്കായി അനുവദിച്ചിട്ടുള്ളത്. കെ എസ് ഇ ബി പദ്ധതി നടപ്പിലാക്കിയിരുന്നെങ്കിൽ നിരവധി പേർക്ക് ജോലി ലഭിക്കുമായിരുന്നു.
മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് ഇത്തരം വിഷയങ്ങൾ എത്തിയാൽ അത് സഹമന്ത്രിമാർ അറിയും എന്നതു കൊണ്ടാണ് മന്ത്രിസഭയിൽ നിന്നും വിഷയങ്ങൾ പിണറായി മറച്ചു വച്ചത്. തോമസ് ഐസക്കിനെ പോലുള്ള മന്ത്രിമാരെ പിണറായിക്ക് ഭയമായിരുന്നു എന്നാണ് കേൾക്കുന്നത്.പല വൻകിട പദ്ധതികളും മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വരുന്നതിന് മുമ്പ് ശിവശങ്കർ നടപ്പിലാക്കിയത് പിണറായിക്ക് വേണ്ടിയായിരുന്നു.
കേരള വൈദ്യുതി ബോര്‍ഡും, കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും (കെ എസ് ഐ ടി എല്‍) ചേര്‍ന്ന് 1028 കോടി മുതല്‍മുടക്കില്‍ സ്ഥാപിക്കുന്ന ഒപ്റ്റിക് ഫൈബര്‍ കേബിള്‍ (ഒ എഫ് സി) ശൃംഖലയാണ് ഈ പദ്ധതിയുടെ അടിസ്ഥാനം. 2016 -ല്‍ രൂപമെടുത്തതാണ് ഈ പദ്ധതി. കെഎസ് ഇ ബിയുടെ മുൻ ചെയർമാനാണ് ശിവശങ്കർ. അദ്ദേഹത്തിൻ്റെ താൽപ്പര്യം പദ്ധതി കെ എസ് ഇ ബിക്ക് പദ്ധതി നൽകുന്നതായിരുന്നു.12ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി നൽകുന്നു എന്നതാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന മുഖ്യ ഘടകം. മറ്റുള്ളവര്‍ക്കു മാസം എത്ര തുകയാവുമെന്ന കാര്യം നിശ്ചയിച്ചിട്ടില്ല. സംസ്ഥാനത്തെ 30,438 സര്‍ക്കാര്‍ ഓഫീസുകളാണ് കെ-ഫോണിന്റെ പരിധിയില്‍ വരുന്നത്. 52,746 കിലോമീറ്റര്‍ കേബിളുകള്‍ വഴിയാണ് കെ ഫോണ്‍ സര്‍വീസ് ലഭ്യമാക്കും. ഇ- ഗവേണിംഗ് രംഗത്തെ നട്ടെല്ലായി കെ-ഫോണ്‍ മാറും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഇതാണ് ശിവശങ്കറെ വേദനിപ്പിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്: യു ടു ബ്രൂട്ടസ്!
https://www.facebook.com/Malayalivartha






















