അരിക്കൊമ്പനെ പിടിച്ച വകയിൽ..!വെട്ടിയത് വെറും ഒരുകോടി ! കൊടും ക്രൂരതയുടെ ,ചതിയുടെ ഒടുവിലത്തെ ഇര ...പിടി 7 നും പന്തലൂർ മഗ്നക്കും കിട്ടിയത് 25 ലക്ഷത്തിനുമേൽ..!

ഇന്ത്യയിൽ 5500 വർഷങ്ങൾക്കു മുൻപുതന്നെ കാട്ടാനകളെ പിടിച്ചു മെരുക്കി ‘നാട്ടാന’കളാക്കിയിരുന്നു. ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപേ യുദ്ധരംഗത്തും ആനകളെത്തി. ബിസി മൂന്നാം നൂറ്റാണ്ടിൽ റോമാക്കാർക്കെതിരെ യുദ്ധം ചെയ്ത കാർത്തേജിലെ ഹാനിബാളിന്റെ ആനപ്പട ഉദാഹരണം. കാട്ടിൽ വാരിക്കുഴി ഒരുക്കിയും മറ്റും പിടിക്കുന്ന ആനകളെ ‘ആനക്കൊട്ടിലുകളിൽ’ എത്തിച്ചാണ് മെരുക്കുന്നത്. ഇതിനു പരിശീലനം കിട്ടിയ നാട്ടാനകളെ കുങ്കിയാനകളാക്കി ഉപയോഗിക്കും.
2022 ഡിസംബർ 31 നാണ് പാലക്കാടിനെ വിറപ്പിച്ച PT സെവൻ എന്ന ആനയെ മയക്കുവെടി വെച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിടുന്നത്. PT സെവനെ പിടികൂടിയ ശേഷം വയനാട് മുത്തങ്ങയിലേക്ക് കൊണ്ടുപോകാനായിരുന്നു ആദ്യത്തെ ആലോചന. ഇതിനായി മുത്തങ്ങയിൽ കൂട് നിർമ്മിച്ചു. എന്നാൽ പാലക്കാട് നിന്നും മുത്തങ്ങയിലേക്ക് 200 കിലോമീറ്ററോളം ദൂരമുണ്ട്.
ഇത്രയും ദൂരം മയക്കുവെടിയേറ്റ കാട്ടാനയെ കൊണ്ടുപോകുന്നത് അപകടകരമാണെന്ന വിലയിരുത്തലിനെ തുടർന്ന് ധോണിയിൽ തന്നെ കൂട് നിർമ്മാണം തുടങ്ങി. യൂക്കാലി മരങ്ങൾ കൊണ്ടാണ് കൂട് നിർമ്മാണം. കൂടിനായി യൂക്കാലി മരങ്ങൾ ഉപയോഗിക്കാൻ ഉള്ള കാരണം . കൂട്ടിലാക്കപ്പെട്ട കാട്ടാന കൂട് തകർക്കാൻ ശ്രമിക്കും. മറ്റ് മരങ്ങൾ ആകുമ്പോൾ ആനയ്ക്ക് പരുക്കേൽക്കാൻ സാധ്യതയുണ്ട് , ക്കാലി മരങ്ങൾ ആണെങ്കിൽ ആന ശക്തമായി ഇടിക്കുമ്പോൾ ചതയുക മാത്രമാണ് ചെയ്യുക. അതിനാൽ മുറിവ് ഉണ്ടാവുന്നത് തടയാൻ കഴിയും. നോക്കൂ ഏത് ശ്രദ്ധയാണ് ഇവർ കൊടുത്തത് ? അരിക്കൊമ്പനെ ദേഹത്തു മുറിവുകൾ ഉണ്ടാകാനുള്ള കാരണം വ്യക്തമായല്ലോ .. പതിനഞ്ച് അടി നീളവും വീതിയുമുള്ള കൂടിൻ്റെ നിർമ്മാണം ജനുവരി 12 ന് പൂർത്തിയായി.ജനുവരി 22 നാണു PT സെവൻ എന്ന കാട്ടുക്കൊമ്പനെ മയക്ക് വെടിവെച്ചു പിടികൂടുന്നത് . PT സെവന് വനംവകുപ്പ് മന്ത്രി ധോണി എന്ന് പേറുമിട്ടു ..
ഇതിനിടയിലാണ് വയനാട്ടിൽ PM 2 എന്ന കാട്ടാന ഇറങ്ങുന്നത്. ഡോ. അരുൺ സഖറിയ തന്നെയായിരുന്നു അവിടെയും മയക്കുവെടി വെക്കുന്നതിന് നേതൃത്വം നൽകേണ്ടത്. PM 2 (പന്തല്ലൂർ മഗ്ന) വിനെ പിടികൂടി മുത്തങ്ങ ആന കൊട്ടിലിലടച്ചു ..കട്ടിൽ നിന്നിറങ്ങി നാട്ടിലെത്തി മനുഷ്യജീവന് ഭീഷണിയാകുന്ന വന്യ മൃഗങ്ങളെ തളക്കേണ്ടത് തന്നെയാണ് . പക്ഷെ അരികൊമ്പനോട് ചെയ്തതുപോലെയുള്ള ദ്രോഹം ഇതുവരെ ഉണ്ടായിട്ടില്ല ...നമ്മുടെ രാജ്യത്ത് ആനവേട്ട നിയമംമൂലം നിരോധിച്ചിട്ടുള്ളതാണെങ്കിലും ഒളിഞ്ഞും തെളിഞ്ഞും തുടർന്ന് കൊണ്ടേയിരിക്കുന്നു
ഈ അവസരത്തിൽ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡണ്ട് എഴുതിയ ലേഖനം വളരെ അർത്ഥവത്താണ് ..ലേഖനം ഇങ്ങനെയാണ്
വനംവകുപ്പിലെ ഒരുപറ്റം ഉദ്യോഗസ്ഥർ രാഷ്ട്രീയ പിൻബലത്തോടെ തുടരുന്ന ആനപിടുത്ത ഗൂഢാലോചനയുടേയും ക്രൂരതയുടേയും ഒടുവിലത്തെ ഇരയാണ് അരിക്കൊമ്പൻ ! ബ്രിട്ടീഷുകാരുടെ കാലം മുതൽക്കേ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ മുഖ്യ 'വനസംരക്ഷണ പ്രവർത്തനം ' മരം വെട്ടി വിൽക്കലും ഏകവിളത്തോട്ടങ്ങൾ വെച്ചുപിടിപ്പിക്കലും ആനയെ പിടിച്ച് ലേലംചെയ്ത് വിൽക്കലും ആയിരുന്നല്ലോ ? സംസ്ഥാന രൂപീകരണ ശേഷവും ജനകീയ സർക്കാരുകൾ അത് തുടർന്നു. ആനപിടിത്തം ഏതൊരു ഉദ്യോഗസ്ഥനും മതിഭ്രമം വരുത്തുന്ന വരുമാന സ്രോതസ്സാണ്. അരിക്കൊമ്പനെ പിടിച്ച് നാടുകടത്താൻ ഒരു കോടി രൂപ! പിടി 7 നും പന്തലൂർ മക്കനക്കും 25 ലക്ഷത്തിനുമേൽ.
1973ൽ ലോകമാകെ ആനക്കൊമ്പിന്റെ വിപണനം നിരോധിക്കുകയും ഇന്ത്യയിൽ ആനപിടിത്തം നിരോധിക്കുകയും ചെയ്ത ശേഷവും കേരളത്തിൽ ആനപിടിത്തം തുടർന്നു. 1970 കളുടെ അന്ത്യത്തിൽ സൈലന്റ് വാലി സമരവും ക്ളിയർ ഫെല്ലിംഗിനെതിരെ വയനാട്ടിൽ നടന്ന പ്രക്ഷോഭവും മൂലമുണ്ടായ സമ്മർദ്ദത്തിൽ കേരളത്തിൽ കാടുകളിലെ അടക്കിവെട്ട് നിറുത്തിവയ്‌ക്കാൻ വനംവകുപ്പ് നിർബന്ധിതരായി. എന്നിട്ടും വിവിധ കാരണങ്ങൾ പറഞ്ഞ് ആനപിടിത്തം തുടർന്നുകൊണ്ടേയിരുന്നു. തള്ളയാനകൾ ഉപേക്ഷിച്ച ആനക്കുട്ടികൾ, പരിക്കേറ്റ ആനകൾ, അബദ്ധത്തിൽ ചതിക്കുഴിയിൽ വീണവ, ഇവയായി അടുത്ത ഇര. മുത്തങ്ങയിൽ 1985 വരെ ഇടയ്‌ക്കിടെ ആക്സിഡന്റൽ ഫാളൻ ഉണ്ടായിക്കൊണ്ടിരുന്നു. 1985 ൽ ഒരു ചതിക്കുഴിൽ (വാരിക്കുഴിയിൽ) അഞ്ചാനകൾ വീണതിൽ മൂന്നും കുഴിയിൽത്തന്നെ ചത്തുവീണു. ബാക്കി രണ്ടെണ്ണത്തിൽ ഒന്നിനെ കാട്ടിലേക്ക് വിട്ടയച്ചു. ലക്ഷണമൊത്ത കുട്ടിക്കൊമ്പനെ പന്തിയിലാക്കി. ഇതിനെതിരെ വയനാട് പ്രകൃതിസംരക്ഷണ സമിതി കൽപ്പറ്റ കോടതിയിൽ നൽകിയ ഹർജിയിൽ ആനയെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടെങ്കിലും വിധി വരും മുൻപേ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ ആനയെ പുരി ശങ്കരാചാര്യർക്ക് സമ്മാനമായി നൽകിക്കഴിഞ്ഞിരുന്നു.
കഴിഞ്ഞ 40 വർഷമായി മുത്തങ്ങയിൽ ആനകളുടെ ആക്സിഡന്റൽ ഫോളൻ ഉണ്ടായിട്ടില്ല. സമീപകാലത്തായി വയനാട്ടിൽ വീണ്ടും ആനപിടിത്തം തുടങ്ങി. വടക്കനാട് കൊമ്പനെ മയക്കുവെടിവച്ച് പിടിച്ച് പീഡനകേന്ദ്രത്തിൽ (ആന പരിപാലന കേന്ദ്രത്തിൽ !) തടവിലിട്ട് മെരുക്കി കുങ്കിയാനയാക്കി. തൊട്ടടുത്ത വർഷം കല്ലൂർക്കൊമ്പനെയും അങ്ങനെതന്നെ ചെയ്തു. കൃഷിനാശമല്ലാതെ രണ്ടു കൊമ്പന്മാരും ഒരാളെയും ഉപദ്രവിച്ചിട്ടില്ല. ആറുമാസം മുൻപ് സുൽത്താൻ ബത്തേരി നഗരത്തിൽ നേരം പുലരാൻ നേരത്ത് വഴിതെറ്റിയെത്തി, സമീപത്തെ കാട്ടിൽ കയറിയ പന്തലൂർ മക്കനയെ മനുഷ്യർക്കോ കൃഷിക്കോ നാശമുണ്ടാക്കിയില്ലെങ്കിലും മൂന്നാം ദിവസം മയക്കുവെടിവച്ച് കുങ്കിയാക്കി. പാലക്കാട്ടെ ധോണിയിൽ കൃഷിനാശം വരുത്തിയ പിടി 7 നെ മുഴുവൻ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ദൃശ്യമാദ്ധ്യമങ്ങളുടെ തൽസമയ സംപ്രേക്ഷേണത്തോടെ പിടികൂടി കൂട്ടിലടച്ചത്.
സമീപകാലത്തായി വനംവകുപ്പ് ഭ്രാന്തമായ ആവേശത്തോടെ ആനപിടിത്തത്തിൽ മുഴുകിയതിനിടെയാണ് അരിക്കൊമ്പനെ പിടികൂടാൻ പശ്ചാത്തലമൊരുങ്ങുന്നത് .
ചിന്നക്കനാൽ സമീപകാലം വരെ ആനത്താരയും നിബിഡ വനവുമായിരുന്നെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. ഇവിടത്തെ റവന്യൂ ഭൂമിയിൽ ജനങ്ങൾ താമസിച്ചാൽ മനുഷ്യ വന്യജീവി സംഘർഷം ഉറപ്പാണെന്ന വിദഗ്ദാഭിപ്രായം മാനിക്കാതെയാണ് പാവപ്പെട്ട മനുഷ്യരെ വിളിച്ചുവരുത്തി കുടിയിരുത്തിയത്. വാസ്തവത്തിൽ തദ്ദേശീയരുടെ അഭിപ്രായമല്ല, റിസോർട്ട് മാഫിയയുടെയും വനം കൈയേറ്റക്കാരുടെയും താത്പര്യമാണ് പ്രചരിപ്പിച്ചത്.
അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി സമാനതകളില്ലാത്ത ക്രൂരപീഡനത്തിലൂടെ കുങ്കിയാക്കി മാറ്റരുതെന്ന മൃഗസ്നേഹികളുടെ അപേക്ഷ ചെവിക്കൊണ്ട കോടതിയുടെ നിലപാട് ശരിയാണെന്ന് മാത്രമല്ല , ശ്ലാഘനീയവുമാണ്. ഒരു വന്യജീവിയെ പിടികൂടി തടങ്കലിൽ ഇടാൻ സുപ്രീം കോടതിയെ വരെ സമീപിച്ച ലോകത്തെ ഏക സർക്കാരാണ് കേരളം !
വന്യജീവികളുടെ ആവാസസ്ഥാനങ്ങളും സ്വസ്ഥതയും തീറ്റയും വെള്ളവും തുടച്ച് മാറ്റിയ നാമിപ്പോൾ ആവാസ വ്യവസ്ഥാ പുനസ്ഥാപനത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. അവ തകർത്തു കളഞ്ഞതുപോലെ എളുപ്പമല്ല പുനഃസ്ഥാപനം.
കാടും നാടും വേർതിരിക്കണമെന്ന വാദം പ്രായോഗികമല്ല. വൈദ്യുതവേലി, റെയിൽ ഫെൻസ്, ആനക്കിടങ്ങുകൾ തുടങ്ങിയവയ്ക്ക് പുറമേ കൃഷിയിടങ്ങൾക്ക് ചുറ്റും കാവൽ ശക്തമാക്കണം. കാടിനു പുറത്തുള്ള വന്യജീവികളെ ചെറുക്കാൻ പഞ്ചായത്തുകൾക്കും ഗ്രാമസഭകൾക്കും മതിയായ ഫണ്ട് നൽകേണ്ടതാണ്. ടൂറിസവും കന്നുകാലി മേയ്ക്കലും കർശനമായി നിയന്ത്രിക്കണം. അധിനിവേശ സസ്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഉന്മൂലനം ചെയ്യണം. കാർഷികവിളകൾക്ക് മതിയായ നഷ്ടപരിഹാരവും ഇൻഷുറൻസ് സംരക്ഷണവും നൽകണം.
കാടിനുള്ളിലുള്ളതും ആനത്താരകളിൽ താമസിക്കുന്നവരുമായ ആദിമ നിവാസികളെയടക്കം പുറത്തു കൊണ്ടുവന്ന് പുനരധിവസിപ്പിക്കാൻ അമാന്തിക്കരുത്. ഇപ്പോൾ നൽകിവരുന്ന നഷ്ടപരിഹാരം അപര്യാപ്തമാണ്. നാഷണൽ ഹൈവേക്ക് സ്ഥലം അക്വയർ ചെയ്യുന്നതിനേക്കാൾ പ്രാധാന്യമുണ്ട് കർഷ പുനരധിവാസത്തിന് . അതുകൊണ്ട് നാഷണൽ ഹൈവേയ്ക്ക് സ്ഥലമേറ്റെടുത്ത അതേ മാനദണ്ഡം ഇക്കാര്യത്തിലും നടപ്പാക്കണം. ജനവാസ പ്രദേശങ്ങളിൽ നിരന്തരം പ്രശ്നമുണ്ടാക്കുന്ന ആനകളെയും മറ്റു ജീവികളെയും തുരത്താൻ മതിയായ പരിശീലനം സിദ്ധിച്ച വാച്ചർമാരെ നിയമിക്കണം. അനിയന്ത്രിതമായി നിരന്തരം പ്രശ്നമുണ്ടാക്കുന്നവയെക്കുറിച്ച് പഠിച്ച് ശുപാർശ നൽകാൻ ദേശീയതലത്തിലെ വിദഗ്ദരുടെ കമ്മിറ്റികൾ ഉണ്ടാക്കുകയും അനിവാര്യ സന്ദർഭങ്ങളിൽ ആനകളെ പിടികൂടി അർദ്ധ-വന്യതയിൽ, പീഡിപ്പിക്കാതെ, കുങ്കികളാക്കാതെ പരിപാലിക്കുകയും വേണം.
കേരളത്തിന് ഇനിയും കുങ്കിയാനകൾ വേണമെന്ന മുറവിളി നിലവിലുള്ള ശാസ്ത്ര - സാങ്കേതികവിദ്യയെ അപഹസിക്കുന്നതും ലാഭം കൊയ്യാനുള്ള ക്രൂര ഇച്ഛയിൽ നിന്നും ഉയർന്നുവന്നതുമാണ്. കേരളത്തിൽ വനംവകുപ്പ് നടത്തുന്ന മുഴുവൻ ആനപീഡന കേന്ദ്രങ്ങളും നിറുത്തൽ ചെയ്യേണ്ടതും അവിടെയുള്ള ആനകളെ സംസ്ഥാനത്തെ വിവിധ വനങ്ങളിൽ പരിപാലിക്കേണ്ടതുമാണ്.എന്നാണു വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡണ്ട് ന്റെ ലേഖനം
അരിക്കൊമ്പനെ പിടികൂടാൻ ചെലവാക്കിയ പണമുണ്ടെങ്കിൽ കാടിനുള്ളിലുള്ളതും ആനത്താരകളിൽ താമസിക്കുന്നവരുമായ ആദിമ നിവാസികളെ പുനരധിവസിപ്പിക്കാവുന്നതേ ഉള്ളൂ..പക്ഷെ അവിടെ ആർക്കും ലാഭം കൊയ്യാനുള്ള വഴി ഇല്ല.. ആനയാണെങ്കിൽ മിണ്ടാപ്രാണിയാണല്ലോ ...ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ലെങ്കിലും ലാഭം കൊയ്യാനുള്ള വഴി അധികൃതർക്ക് നന്നായറിയാം
https://www.facebook.com/Malayalivartha






















