പി.സി ജോര്‍ജ് ഇടത്തോട്ട്, പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

യു.ഡി.എഫ് സീറ്റില്‍ മത്സരിച്ച് നിയമസഭയിലെത്തുകയും പിന്നീട് സര്‍ക്കാരിനെ വിമര്‍ശിച്ച് യു.ഡി.എഫില്‍ നിന്നും പുറത്ത് പോകേണ്ടിയും വന്ന കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പി.സി ജോര്‍ജ് ഇടത് പാളയത്തിലേക്ക്. എ.കെ.ജി സെന്ററിലെത്തിയ പി.സി ജോര്‍ജ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. 28 ന് നടക്കുന്ന ഉപവാസ സമരത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെടാനാണ് കൂടിക്കാഴ്ച നടത്തിയതെന്നും എന്നാല്‍, സിപിഎം പ്ലീനം നടക്കുന്നതിനാല്‍ അദ്ദേഹത്തിന് അസൗകര്യം ഉള്ളതായി തന്നെ അറിയിച്ചുവെന്നും ജോര്‍ജ് പറഞ്ഞു. റബര്‍ കര്‍ഷകരുടെ മോചനമാണ് തന്റെ ലക്ഷ്യമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പി.സി ജോര്‍ജ് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും കഴിഞ്ഞ ദിവസം പി.സി ജോര്‍ജ് കൂടിക്കാഴ്ച നടത്തിയിരുന്നു. പി.സി ജോര്‍ജുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും എല്‍.ഡി.എഫുമായി സഹകരിച്ചു പോരുന്ന എല്ലാ വ്യക്തികളുമായും സംഘടനകളുമായും യോജിച്ചു പോകുമെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സെക്യുലര്‍ ഇടത് പക്ഷത്തിനൊപ്പമാണ് മത്സരിച്ചത്.
https://www.facebook.com/Malayalivartha