കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കാതെ സ്‌കൂളുകളില്‍ പാഠ്യഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാന്‍ ഏപ്രില്‍ അഞ്ചുവരെ പ്രവൃത്തിദിനമാക്കാനെടുത്ത തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു... മദ്ധ്യവേനലവധി തുടങ്ങുന്നത് മാര്‍ച്ച് 31 ന്, പ്രവൃത്തിദിനങ്ങള്‍ 205 ആയി ചുരുങ്ങും

കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കാതെ സ്‌കൂളുകളില്‍ പാഠ്യഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാന്‍ ഏപ്രില്‍ അഞ്ചുവരെ പ്രവൃത്തിദിനമാക്കാനെടുത്ത തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. മാര്‍ച്ച് 31ന് തന്നെ മദ്ധ്യവേനലവധി തുടങ്ങും. ഇതോടെ മൊത്തം പ്രവൃത്തിദിനങ്ങള്‍ 205 ആയി ചുരുങ്ങും. 210 ദിനങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.
അതേസമയം, 13 ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. എന്നാല്‍, അവധികള്‍ ഇല്ലാതെ തുടര്‍ച്ചയായി അഞ്ചു പ്രവൃത്തിദിനങ്ങള്‍ വന്നാല്‍ ആ ശനിയാഴ്ച ക്‌ളാസ് പാടില്ലെന്നാണ് അദ്ധ്യാപക സംഘടനകളുടെ നിലപാട്. അടുത്ത മാര്‍ച്ചിലെ രണ്ടു ശനിയാഴ്ചകള്‍ (16, 23) മാത്രമാണ് ഇങ്ങനെ വരുന്നത്.
205 പ്രവൃത്തി ദിനങ്ങള്‍ പുനഃക്രമീകരിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ കലണ്ടര്‍ വൈകാതെ പുറത്തിറങ്ങും. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അദ്ധ്യാപക സംഘടനകളുടെ യോഗത്തിലാണ് മുന്‍തീരുമാനം സര്‍ക്കാര്‍ മാറ്റിയത്. സ്‌കൂള്‍ പ്രവേശനോത്സവ വേദിയിലാണ് 210 പ്രവൃത്തി ദിനങ്ങളുണ്ടാകുമെന്നും മദ്ധ്യവേനലവധി ഏപ്രില്‍ ആറിനാണ് ആരംഭിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത്.
ഇതിനെതിരെ അന്നുതന്നെ പ്രതിപക്ഷ അദ്ധ്യാപക സംഘടനകള്‍ രംഗത്തുവന്നിരുന്നു. മന്ത്രിയെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഭരണപക്ഷ സംഘടനകളും എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് ഇന്നലെ എല്ലാ സംഘടനകളുമായും മന്ത്രി ചര്‍ച്ച നടത്തിയത്.
https://www.facebook.com/Malayalivartha























