യു.ഡി.എഫ് സര്‍ക്കാരിനും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനുമെതിരെ പ്രചരണ പൊതുയോഗങ്ങളുമായി എല്‍.ഡി.എഫ്

യു.ഡി.എഫ് സര്‍ക്കാരിനും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനുമെതിരെ പ്രചരണ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു. അഴിമതി, വര്‍ഗീയത, കെടുകാര്യസ്ഥത, വിലക്കയറ്റം എന്നീ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. ഈ മാസം 20 മുതല്‍ 23 വരെ നിയോജകമണ്ഡലാടിസ്ഥാനത്തിലാണ് പൊതുയോഗങ്ങളെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
22ന് തലസ്ഥാനത്ത് നടക്കുന്ന പൊതുയോഗം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. കാനം രാജേന്ദ്രന്‍, മാത്യു ടി.തോമസ്, ഉഴവൂര്‍ വിജയന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി. സുരേന്ദ്രന്‍ പിള്ള എന്നിവര്‍ പങ്കെടുക്കും. റബര്‍ വിലയിടിവ് മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെ മേഖലയില്‍ അവരെ അണിനിരത്തി എല്‍.ഡി.എഫ് പ്രക്ഷോഭം സംഘടിപ്പിക്കും.
ചരിത്രത്തില്‍ ഇന്നുവരെ ഇല്ലാത്തവിധം തകര്‍ന്നടിഞ്ഞ റബര്‍ കര്‍ഷകരുടെ അവസ്ഥയ്ക്ക് കാരണം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളാണ്. 248 രൂപ വരെ വിലയുണ്ടായിരുന്ന റബറിന് ഇപ്പോള്‍ അത് 90രൂപയില്‍ താഴെയായി. കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതിനയത്തെ ചെറുക്കുന്ന സമീപനംസംസ്ഥാനസര്‍ക്കാരില്‍ നിന്നുണ്ടാകുന്നില്ല. വര്‍ഗീയത വളര്‍ത്താനും ജനങ്ങളെ ഭിന്നിപ്പിക്കാനും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ ശ്രമങ്ങള്‍ നടക്കുമ്പോള്‍ അതിനെ ചെറുക്കാന്‍ യു.ഡി.എഫ് സര്‍ക്കാരോ മുഖ്യമന്ത്രിയോ തയാറല്ല.
ഭൂരിപക്ഷവര്‍ഗീയതയുടെ വക്താക്കളായാണ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. വസ്ത്രധാരണത്തിലും ഭക്ഷണക്രമത്തിലും ജീവിതരീതിയിലുമെല്ലാം പ്രത്യേകരീതി വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. കേരളത്തിലും അത്തരം സംഭവങ്ങള്‍ക്ക് അവര്‍ തുടക്കം കുറിക്കുമ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആ ഗൗരവത്തില്‍ അതിനെ കാണുന്നില്ല. ഏത് കാര്യത്തിലും കൈക്കൂലി കൊടുക്കാതെ രക്ഷയില്ല എന്നതാണ് കേരളത്തിലെ സ്ഥിതി.
ഈ മന്ത്രിസഭയുടെ യോഗ്യതയ്ക്ക് തന്നെ ക്ഷീണമാണ് അഴിമതി ഇല്ലാത്ത അവസ്ഥ. 1,59,000 കോടിയുടെ കടമാണ് ഈ സര്‍ക്കാരിന്റെ കാലയളവിലുണ്ടായത്. ക്ഷേമപെന്‍ഷനുകള്‍ ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ പറ്റാത്ത അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ഈ ബാദ്ധ്യത വന്നിരിക്കുന്നത്. പരമ്ബരാഗത വ്യവസായമേഖലയെ തകര്‍ക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളും അതിനനുസരിച്ച് നീങ്ങുന്ന കേരളസര്‍ക്കാരിന്റെ നയവുമാണ് വിലക്കയറ്റത്തിനിടയാക്കുന്നത്. വിപണിയിലിടപെട്ട് വിലനിലവാരം പിടിച്ചുനിറുത്താന്‍ ഇന്നുവരെ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇടപെടുന്നത് അഴിമതി നടത്താന്‍ മാത്രമാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക
https://www.facebook.com/Malayalivartha