റേഡിയോ ജോക്കി രാജേഷ് ക്വട്ടേഷന്‍ കൊലക്കേസ്: ഗൂഢാലോചന , കൂട്ടായ്മ എന്നീ കുറ്റങ്ങള്‍ ചുമത്തി ഭേദഗതി ചെയ്ത കുറ്റപത്രം പ്രതികള്‍ക്ക് മേല്‍ ചുമത്തി, ഒന്നാം സാക്ഷി അനൗണ്‍സര്‍ കുട്ടനെ വീണ്ടും വിസ്തരിച്ചതില്‍ ആദ്യ മൊഴി തിരുത്തി പ്രതികള്‍.... മുഖം മൂടി ധരിച്ചാണ് ആക്രമണം നടത്തിയതെന്നും അതിനാര്‍ ഇപ്പോള്‍ തിരിച്ചറിയാനാകില്ലെന്നും ഏക ദൃക്‌സാക്ഷിയുടെ കോടതിയിലെ രണ്ടാം മൊഴി മുമ്പ് കോടതിയില്‍ തിരിച്ചറിഞ്ഞ് മൊഴി നല്‍കിയത് പോലീസ് നിര്‍ദ്ദേശ പ്രകാരമാണെന്ന് കോടതിയുടെ ചോദ്യത്തിന് ഉത്തരമായി സാക്ഷിമൊഴി നല്‍കി , ജയിലിലേ

ഖത്തറില്‍ വച്ചുള്ള ക്വട്ടേഷന്‍ ഏറ്റെടുത്ത് കൊല്ലം മടവൂര്‍ മെട്രാസ്സ് റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ പാതി രാത്രി 1.30 ന് ആയുധങ്ങളുമായി അതിക്രമിച്ചു കടന്ന് വെട്ടിക്കൊന്ന റേഡിയോ ജോക്കി രാജേഷ് ക്വട്ടേഷന്‍ കൊലക്കേസില്‍ ഗൂഢാലോചന , കൂട്ടായ്മ എന്നീ കുറ്റങ്ങള്‍ ചുമത്തി ഭേദഗതി ചെയ്ത കുറ്റപത്രം പ്രതികള്‍ക്ക് മേല്‍ ചുമത്തി. തുടര്‍ന്ന് നടന്ന പുനര്‍ വിസ്താരത്തില്‍ കൊലപാതക കൃത്യത്തിന് ഏക ദൃക്‌സാക്ഷിയായ ഒന്നാം സാക്ഷി അനൗണ്‍സര്‍ കുട്ടനെ വീണ്ടും വിസ്തരിച്ചതില്‍ ആദ്യ മൊഴി തിരുത്തി പ്രതിഭാഗം ചേര്‍ന്നു.
പ്രതികള്‍ മുഖം മൂടി ധരിച്ചാണ് ആക്രമണം നടത്തിയതെന്നും അതിനാല്‍ ഇപ്പോള്‍ തിരിച്ചറിയാനാകുന്നില്ലെന്നും ഏക ദൃക്‌സാക്ഷി കോടതിയില്‍ രണ്ടാം മൊഴി നല്‍കി . മുമ്പ് 2019 ല്‍ നടന്ന വിചാരണയില്‍ കോടതിയില്‍ പ്രതികളെ തിരിച്ചറിഞ്ഞ് മൊഴി നല്‍കിയത് പോലീസ് നിര്‍ദ്ദേശ പ്രകാരമാണെന്നും കോടതിയുടെ ചോദ്യത്തിന് ഉത്തരമായി ഒന്നാം സാക്ഷി മൊഴി നല്‍കി.
തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാര്‍ കേസില്‍ അന്തിമവാദം കേള്‍ക്കാനിരിക്കെയാണ് കുറ്റപത്രം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി 2023 ഫെബ്രുവരിയില്‍ എത്തിയത്. പ്രതിഭാഗം വാദവും കേട്ട ശേഷം പുതുക്കിയ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തുകയായിരുന്നു.
കുറ്റപത്രം ഭേദഗതി ചെയ്തതിനാലാണ് ഒരിക്കല്‍ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത്.പ്രതികളെ ഇനിയും കണ്ടാലറിയാമെന്ന ആദ്യ പോലീസ് മൊഴി , കേസന്വേഷണ ഘട്ടത്തില്‍ വനിത ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ മേല്‍നോട്ടത്തില്‍ ജയിലില്‍ വച്ച് നടത്തിയ ടെസ്റ്റ് ഐഡന്റിഫിക്കേഷന്‍ പരേഡ് (തിരിച്ചറിയല്‍ പരേഡ്) ല്‍ പ്രതികളെ ചൂണ്ടിക്കാട്ടി മജിസട്രേട്ടിന് നല്‍കിയ വിരല്‍ പതിപ്പും ഒപ്പും വച്ച് നല്‍കിയ സ്ഥിരീകരണ മൊഴി , തുടര്‍ന്ന് 2019 ല്‍ നടന്ന ആദ്യ വിചാരണയില്‍ സത്യം ചെയ്ത് പ്രതികളെ വീണ്ടും തിരിച്ചറിഞ്ഞ് ചൂണ്ടിക്കാട്ടി കോടതിയില്‍ ജില്ലാ ജഡ്ജിക്ക് നല്‍കിയ മൊഴി എന്നിവയുടെ വെളിച്ചത്തില്‍ സാക്ഷിയുടെ ഇപ്പോഴത്തെ മൊഴി തിരുത്തല്‍ കൂറുമാറ്റത്തിന് നിയമസാധുതയില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിചാരണക്ക് ശേഷം മജിസ്‌ട്രേട്ടിന് നല്‍കിയ മൊഴിയും കോടതിയില്‍ നല്‍കിയ മൊഴിയും തിരുത്തിയതിന് സാക്ഷിക്കെതിരെ കോടതിയില്‍ കള്ള തെളിവ് നല്‍കിയ കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 193 ചുമത്തി കോടതിക്ക് നേരിട്ട് കേസെടുക്കാവുന്നതാണ്.
കോടതിയില്‍ സത്യം ചെയ്ത് നല്‍കിയ ആദ്യ മൊഴി തെളിവു മൂല്യമുള്ള മൊഴിയാണ്. അത് പിന്നീട് മാറ്റി പറയാനാകില്ല. പറഞ്ഞാലും അത് മുഖവിലക്കെടുക്കണോ വേണ്ടയോ എന്നത് കോടതിയുടെ വിവേചന അധികാരത്തില്‍ പെട്ടതാണ്. അതിനാലാണ് ഇന്ത്യന്‍ തെളിവു നിയമത്തിലെ വകുപ്പ് 145 പ്രകാരം സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിക്കാത്തത്. കൂറുമാറിയ സാക്ഷിയുടെ ചീഫ് - ക്രോസ് വിസ്താര മൊഴിയില്‍ പ്രോസിക്യൂഷന് അനുകൂലമായ ഘടകങ്ങള്‍ ഉണ്ടെങ്കില്‍ അവ പ്രോസിക്യൂഷന്‍ ഭാഗം തെളിവില്‍ സ്വീകരിക്കാവുന്നതാണെന്ന് ഇന്ത്യന്‍ തെളിവുനിയമത്തിലെ വകുപ്പ് 154 നെ നിര്‍വ്വചിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിന്യായത്തില്‍ വിവക്ഷിക്കുന്നുണ്ട്.
കൊലക്കേസില്‍ ദൃക്‌സാക്ഷിയായ കൊല്ലം നൊസ്റ്റാള്‍ജിയ ട്രൂപ്പില്‍ നാടന്‍ പാട്ട് ഗായകനും ട്രൂപ്പില്‍ അനൗണ്‍സറായ രാജേഷിന്റെ സഹപ്രവര്‍ത്തകനുമായ കുട്ടന്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത് കൃത്യം ചെയ്ത പ്രതികളെയും പ്രതികള്‍ കൃത്യത്തിനുപയോഗിച്ച ആയുധങ്ങളെയും 2019 ല്‍ കോടതിയില്‍ തിരിച്ചറിഞ്ഞു നല്‍കിയ മൊഴിയാണ് തിരുത്തിയത്.
ജയിലിലേക്ക് തിരിച്ചയച്ച അലിഭായി , അപ്പുണ്ണി, തന്‍സീര്‍ എന്നീ 3 പ്രതികളെ ജൂണ്‍ 12 ന് ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷന്‍ വാറണ്ട്
അലിഭായി എന്ന ഓച്ചിറ മുഹമ്മദ് സാലിഹ്, കായംകുളം അപ്പുണ്ണി, കരുനാഗപ്പള്ളി തന്‍സീര്‍, സ്ഫടികം എന്ന കുണ്ടറ സ്വാതി സന്തോഷ് ,വള്ളിക്കീഴ്‌സാനു എന്ന സുബാഷ് , ഓച്ചിറ യാസിന്‍, മുളവന എബി ജോണ്‍, ചെന്നിത്തല സുമിത്, വെണ്ണല സെബല്ലാമണി, കായംകുളം ഭാഗ്യശ്രീ, വര്‍ക്കല ഷിജിന ഷിഹാബ് എന്നിവരാണ് കേസില്‍ വിചാരണ നേരിടുന്ന നിലവിലുള്ള 11 പ്രതികള്‍. ക്വട്ടേഷന്‍ കൊടുത്ത ഒന്നാം പ്രതി അബ്ദുള്‍ സത്താര്‍ വിദേശത്ത് ജയിലില്‍ കഴിയുകയാണ്. 2 മുതല്‍ 4 വരെയുള്ള പ്രതികളായ അലിഭായി , അപ്പുണ്ണി , തന്‍സീര്‍ എന്നിവര്‍ ജാമ്യം ലഭിക്കാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. പ്രതികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു.
കൊലക്കേസില്‍ ദൃക്‌സാക്ഷിയായ കൊല്ലം നൊസ്റ്റാള്‍ജിയ ട്രൂപ്പില്‍ നാടന്‍ പാട്ട് ഗായകനും ട്രൂപ്പില്‍ അനൗണ്‍സറായ രാജേഷിന്റെ സഹപ്രവര്‍ത്തകനുമായ കുട്ടന്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത് കൃത്യം ചെയ്ത പ്രതികളെയും പ്രതികള്‍ കൃത്യത്തിനുപയോഗിച്ച ആയുധങ്ങളെയും കോടതിയില്‍ തിരിച്ചറിഞ്ഞു മൊഴിനല്‍കി. 2019 മെയ് 9 ന് ആരംഭിച്ച വിചാരണയിലാണ് ഒന്നാം സാക്ഷിയായ വെള്ളളല്ലൂര്‍ തേവലക്കാട് തില്ല വിലാസത്തില്‍ കുട്ടന്‍ പ്രതിക്കൂട്ടില്‍ നിന്ന മൂന്നു പ്രതികളെ തിരിച്ചറിഞ്ഞ് മുന്‍ ജില്ലാ ജഡ്ജി ഇ .എം. സാലിഹ് മുമ്പാകെ ചൂണ്ടിക്കാണിച്ച് മൊഴി നല്‍കിയത്. അലിഭായി , അപ്പുണ്ണി , തന്‍സീര്‍ എന്നിവരെയും അവര്‍ കൃത്യത്തിന് ഉപയോഗിച്ച തൊണ്ടിമുതലുകളായ വാളുകള്‍ , വെട്ടുകത്തി എന്നിവയും കോടതിയില്‍ തിരിച്ചറിഞ്ഞു സാക്ഷിമൊഴി നല്‍കിയിരുന്നു.
സംഭവ ദിവസം രാത്രി ക്ഷേത്രത്തില്‍ ഉത്സവപ്രോഗ്രാം കഴിഞ്ഞ് താനും രാജേഷും മടവൂര്‍ മെട്രാസ്സ് റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ റെക്കോര്‍ഡിംഗ് ജോലി ചെയ്യും മുമ്പ് ഭക്ഷണം കഴിക്കവേ അര്‍ദ്ധരാത്രി 1.30- 1.45 മണിയോടെ പള്ളിക്കല്‍ ഭാഗത്ത് നിന്ന് ഒരു ചുവപ്പുനിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാര്‍ സ്പീഡില്‍ കൊണ്ടുവന്ന് സ്റ്റുഡിയോയ്ക്ക് മുന്‍വശം ബ്രേക്ക് ചെയ്തു നിര്‍ത്തി. രണ്ടു മൂന്ന് സെക്കന്റില്‍ വണ്ടി എടുത്ത് തുമ്പോട് ഭാഗത്തേക്ക് പോയി. അഞ്ചു മിനിറ്റിനുള്ളില്‍ കാര്‍ തിരിച്ചു വന്നു. ആദ്യം നിര്‍ത്തിയ അതേ സ്‌പോട്ടില്‍ നിര്‍ത്തിയിട്ട് വീണ്ടും പള്ളിക്കല്‍ ഭാഗത്തേക്ക് പോയി. പതിനഞ്ചു മിനിറ്റിനുള്ളില്‍ കാര്‍ തിര്യെ വന്നു. താന്‍ ഉടന്‍ സ്റ്റുഡിയോ പടിയിറങ്ങി താഴെ റോഡില്‍ വന്നു. അപ്പോള്‍ പുറകുവശം കാറിന്റെ ഡോര്‍ തുറന്ന് ഇറങ്ങി വന്ന തന്‍സീര്‍ എന്ന പ്രതി എന്നെ വെട്ടുകത്തി കൊണ്ട് വെട്ടി. വെട്ട് കൈ കൊണ്ട് തടുത്തപ്പോള്‍ തോളിലും കൈമുക്കിലുമായി കൊണ്ട് മാരകമായി പരിക്കേറ്റു. തുടര്‍ന്ന് അയാള്‍ ആയുധവുമായി സ്റ്റുഡിയോ വരാന്തയില്‍ നിന്നു. ആ സമയം കാറിന്റെ മുന്‍വശം ഡോര്‍ തുറന്ന് വാളുമായി ഒരു പ്രതി (അലിഭായി) സ്റ്റുഡിയോയില്‍ ഓടിക്കയറി രാജേഷിനെ 3 - 4 വെട്ട് വെട്ടി. അതു കഴിഞ്ഞ് മറ്റൊരു പ്രതി (അപ്പുണ്ണി) വാളുമായി സ്റ്റുഡിയോയില്‍ കയറി രാജേഷിനെ ചന്നം പിന്നം വെട്ടി. താന്‍ ഭയന്ന് സഹായം അഭ്യര്‍ത്ഥിച്ച് സമീപ വീടുകളില്‍ പോയി ആളെ കൂട്ടി വന്നു. അപ്പോഴേക്കും പ്രതികള്‍ കൃത്യം നിര്‍വ്വഹിച്ച് തിര്യെ പോയി. തന്നെയും രാജേഷിനെയും ആദ്യം പാരിപ്പളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. രാജേഷ് മരണപ്പെട്ടതായി ഡോകടര്‍ സ്ഥിരീകരിച്ചു.
തന്റെ പരിക്ക് ഗുരുതരമായതിനാല്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ റെഫര്‍ ചെയ്തു. ഒന്നര മാസത്തിനുള്ളില്‍ തന്നെ തിരിച്ചറിയല്‍ പരേഡിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊണ്ടുപോയി. അവിടെ ഒരു വനിതാ മജിസ്‌ട്രേട്ടിന് മുമ്പില്‍ താന്‍ മൂന്നു പ്രതികളെയും തിരിച്ചറിഞ്ഞ് ചൂണ്ടിക്കാണിച്ച് കൊടുത്തു
2018 മാര്‍ച്ച് 27 ന് വെളുപ്പിന് 1.40 മണിക്കാണ് കിളിമാനൂര്‍ മടവൂര്‍ മെട്രാസ് റിക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ അതിക്രമിച്ച് കയറി രജേഷിനെ മാരകായുധങ്ങള്‍ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ഖത്തര്‍ ദോഹയില്‍ ജിംനേഷ്യവും ബിസിനസ്സുമുള്ള സത്താര്‍ എന്നയാളിന്റെ ഭാര്യയും നര്‍ത്തകിയുമായ സഫിയ എന്ന മെറ്റില്‍ഡാ സോളമനും ഖത്തറില്‍ റേഡിയോ ജോക്കിയായി ജോലി നോക്കി വന്ന രാജേഷും തമ്മില്‍ പ്രണയത്തിലാവുകയും സത്താറിന്റെ എതിര്‍പ്പുകളെയും താക്കീതുകളെയും അവഗണിച്ച് ബന്ധം തുടര്‍ന്നതും വിവാഹബന്ധം വേര്‍പെടുത്തുവാന്‍ കാരണമായതും ഖത്തറില്‍ തന്റെയും ഭാര്യ സഫിയയുടെയും പേര്‍ക്കുണ്ടായിരുന്ന ജോയിന്റ് ട്രേഡ് ലൈസന്‍സ് റദ്ദായതില്‍ വച്ച് വന്‍ സാമ്പത്തിക ബാദ്ധ്യത തനിക്ക് വരുത്തി വച്ചതില്‍ വച്ചുള്ള വിരോധവുമാണ് ക്വട്ടേഷന്‍ കൊലയ്ക്ക് കാരണമെന്നാണ് പോലീസ് കേസ്. അബ്ദുള്‍ സത്താര്‍ ഖത്തറില്‍ സാമ്പത്തിക കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതിനാല്‍ അവിടത്തെ കേസ് തീരാതെ ഇയാളെ ഇന്ത്യക്ക് കൈമാറാന്‍ വിദേശ നിയമം അനുവദിക്കാത്തതിനാല്‍ നിലവില്‍ ഇയാളെ കേരളാ പോലീസ് റേഡിയോ ജോക്കി കൊലക്കേസില്‍ കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഖത്തറിലെ കേസ് തീരുന്ന മുറക്ക് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തികൂടുതല്‍ തെളിവെടുത്ത ശേഷം ഇയാള്‍ക്കെതിരെ പ്രത്യേക കുറ്റപത്രം സമര്‍പ്പിക്കും. തുടര്‍ന്ന് ഇപ്പോള്‍ വിസ്തരിച്ച 118 സാക്ഷികളെയും വീണ്ടും വിസ്തരിക്കും.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 449 (വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്യുന്നതിനു വേണ്ടിയുള്ള ഭവനഭേദനം) , 302 (കൊലപാതകം) , 307 (വധശ്രമം) , 120 (ബി) ( ക്രിമിനല്‍ ഗൂഢാലോചന) , 201( കുറ്റക്കാരെ ശിക്ഷയില്‍ നിന്ന് മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കലും കളവായ വിവരം നല്‍കലും) , 212 (കുറ്റക്കാര്‍ക്ക് സംശ്രയം നല്‍കി ഒളിവില്‍ പാര്‍പ്പിക്കല്‍) , 34 (കൂട്ടായ്മ) , ആയുധ നിയമത്തിലെ 27 (ആയുധം കൈവശം വക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികളെ വിചാരണ ചെയ്തത്. 2019 ഒക്ടോബര്‍ 21 നാണ് കുറ്റം ചുമത്തിയത്.
11 പ്രതികളെ കോടതി നേരിട്ട് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷി വിസ്താര വിചാരണ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് വിചാരണ കോടതി പ്രതിക്കൂട്ടില്‍ നിന്നും പ്രതികളെ ജഡ്ജിയുടെ ഡയസിന് സമീപം വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 313 (1) (ബി) പ്രകാരമാണ് മുന്‍ ജഡ്ജി ബിജു.കെ.മേനോന്‍ പ്രതികളെ ചോദ്യം ചെയ്തത്. പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരത്തില്‍ കോടതി മുമ്പാകെ വന്ന 118 സാക്ഷിമൊഴികള്‍ , 319 രേഖകള്‍ എന്നിവയില്‍ നിന്നും പ്രതികളെ കുറ്റപ്പെടുത്തുന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് ഓരോ പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്തത്. പ്രതി ഭാഗത്തേക്ക് 4 സാക്ഷികളെ വിസ്തരിച്ചു. 7 രേഖകള്‍ പ്രതിഭാഗത്തേക്ക് ഹാജരാക്കി.
2019 ഡിസംബര്‍ 9 മുതല്‍ 2020 മാര്‍ച്ച് 20 വരെയുള്ള ദിവസങ്ങളില്‍ പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് 118 സാക്ഷികളെ വിസ്തരിച്ചിരുന്നു. 319 രേഖകള്‍ അക്കമിട്ട് പ്രോസിക്യൂഷന്‍ ഭാഗം തെളിവായി കോടതി സ്വീകരിച്ചു. ദൃക്‌സാക്ഷികള്‍ , സ്വതന്ത്ര സാക്ഷികള്‍ , ഫോറന്‍സിക് വിദഗ്ധര്‍ , കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറി സയന്റിസ്റ്റുകള്‍ , അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ള ഔദ്യോഗിക സാക്ഷികള്‍ എന്നിവരായിരുന്നു പ്രോസിക്യൂഷന്‍ ഭാഗം സാക്ഷിപ്പട്ടികയിലുള്ള 118 സാക്ഷികള്‍. പ്രതിഭാഗം സാക്ഷികളോ രേഖകളോ ഹാജരാക്കിയില്ല. പ്രതി ഭാഗത്തിന് പ്രോസിക്യൂഷന്‍ സാക്ഷിമൊഴികളിലെ 4 വൈരുദ്ധ്യങ്ങള്‍ മാത്രമേ ക്രോസ് വിസ്താരത്തില്‍ കോടതി മുമ്പാകെ കൊണ്ടുവരാന്‍ സാധിച്ചുള്ളു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 161 പ്രകാരം പോലീസ് എടുത്ത മൊഴികളിലെ 4 വൈരുദ്ധ്യങ്ങള്‍ പ്രതിഭാഗം തെളിവായി കോടതി സ്വീകരിച്ചു.
വിചാരണ തീയതി ഷെഡ്യൂള്‍ ചെയ്യാനിരിക്കേ ഒന്നാം പ്രതിയായ അലിഭായി മറ്റൊരു കേസില്‍ കായംകുളം കോടതിയില്‍ ഹാജരാക്കി തിര്യെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊണ്ടു വരവേ എസ്‌കോര്‍ട്ട് പോലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിവില്‍ പോയി. എന്നാല്‍ പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
വിചാരണ തടവുകാരായി റിമാന്റില്‍ കഴിയുന്ന നാലു പ്രതികളെയും ഹാജരാക്കാന്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷന്‍ വാറണ്ടയക്കാനും കോടതി ഉത്തരവിട്ടു. .കൂടാതെ മറ്റെല്ലാ പ്രതികളും ഹാജരാകാനും കോടതി ഉത്തരവിട്ടു. സെഷന്‍സ് വിചാരണ കേസായതിനാല്‍ ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വകുപ്പ് 228 പ്രകാരമാണ് പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തിയത്. തങ്ങള്‍ക്കെതിരെ കുറ്റം ചുമത്താന്‍ തെളിവുകള്‍ ഇല്ലാത്തതിനാലും തങ്ങള്‍ക്കെതിരായ കേസ് അടിസ്ഥാന രഹിതമായതിനാലും തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നുള്ള പ്രതികളുടെ വാദം തള്ളിക്കൊണ്ടാണ് കുറ്റം ചുമത്താന്‍ കോടതി ഉത്തരവായത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 227 പ്രകാരം പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് വകുപ്പ് 228 പ്രകാരം കോടതി കുറ്റം ചുമത്തിയത്.
"
https://www.facebook.com/Malayalivartha























