രാഖികൊലക്കേസ്... യുവതിയെ കഴുത്തുഞെരിച്ചു കൊന്ന് കുഴിച്ചുമൂടിയ കേസിലെ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ

അമ്പൂരി രാഖികൊലക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ. അമ്പൂരിയില്‍ യുവതിയെ കഴുത്തുഞെരിച്ചു കൊന്ന് കുഴിച്ചുമൂടിയ കേസിലെ മൂന്ന് പ്രതികള്‍ക്കാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പ്രതികള്‍ നെയ്യാറ്റിന്‍കര തിരുപ്പുറം പുത്തന്‍കട സ്വദേശി രാഖിമോളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നു. അമ്പൂരി തട്ടാമുക്ക് അശ്വതി ഭവനില്‍ സൈനിക ഉദ്യോഗസ്ഥനായ അഖില്‍ ആര്‍. നായര്‍, സഹോദരന്‍ രാഹുല്‍ ആര്‍. നായര്‍, ഇരുവരുടെയും സുഹൃത്തും അയല്‍വാസിയുമായ ആദര്‍ശ് ഭവനില്‍ ആദര്‍ശ് നായര്‍ എന്നിവരാണ് കുറ്റക്കാര്‍. 2019 ജൂണ്‍ 21നാണ് പ്രതികള്‍ രാഖിയെ കൊലപ്പെടുത്തിയത്.
ലഢാക്കില്‍ സൈനിക ഉദ്യോഗസ്ഥനായ അഖില്‍ വര്‍ഷങ്ങളായി രാഖിമോളുമായി പ്രണയത്തിലായിരുന്നു. ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെയാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ ഇരുവരും രഹസ്യമായി വിവാഹം ചെയ്തിരുന്നു. അഖിലിന് മറ്റൊരു യുവതിയുമായി വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചതിനെച്ചൊല്ലി ഇരുവരും കലഹിച്ചു. അമ്പൂരിയില്‍ പുതുതായി പണിയുന്ന വീട് കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞാണ് രാഖിമോളെ പ്രതികള്‍ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ നിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയത്.
കളമശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന രാഖിമോള്‍ അഖിലിനെ കാണാനാണ് നാട്ടിലെത്തിയത്. കാറില്‍ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അഖിലിന്റെ വീടിന് സമീപമെടുത്ത കുഴിയില്‍ മൃതദേഹം മറവുചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha























