ഇവിടെയുള്ളവരൊക്കെ നല്ല ആള്‍ക്കാര്‍, എനിക്ക് ഈ പോലീസ് സ്റ്റേഷനില്‍ ഒരു ജോലി തരുമോ'; കണ്ണൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി പോലീസിനോട്; ഭക്ഷണത്തെക്കുറിച്ച് മാത്രമാണ് ഇയാള്‍ക്ക് സംസാരിക്കാനുള്ളത്

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ട ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ തന്നെയാണ് കോച്ചിന് തീവെച്ച കേസിലെ പ്രതി പ്രസോണ്‍ജിത്ത് സിദ്ഗര്‍ (37) തലശ്ശേരിയില്‍നിന്ന് കണ്ണൂരിലെത്തിയത് . സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നാണ് പോലീസ് തിരിച്ചറിഞ്ഞു. തീവണ്ടിയില്‍ പ്രതി ഓടിക്കയറുന്നത് സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യത്തിലുണ്ട്.
ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ. ബിനു മോഹന്‍, ആര്‍.പി.എഫ്. സി.ഐ. ബിനോയ് ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് തെളിവെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് പ്രതിയുമായി അന്വേഷണസംഘം തലശ്ശേരിയിലെത്തിയത്.
പ്രസോണ്‍ജിത്ത് സിദ്ഗറിനെ കസ്റ്റഡിയിലെടുത്ത ദിവസം അറസ്റ്റുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുന്നതിനിടെ ഉത്തരമേഖലാ ഐ.ജി. നീരജ് കുമാര്‍ ഗുപ്ത പറഞ്ഞത് പ്രതി തലശ്ശേരിയില്‍നിന്ന് നടന്നാണ് കണ്ണൂരിലെത്തിയതെന്നാണ്. പ്രതി പോലീസിന് നല്‍കുന്ന മൊഴിയില്‍ പലപ്പോഴും വൈരുധ്യമുള്ളത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്. വിവിധ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.
പോലീസ് കസ്റ്റഡിയിലുള്ള പ്രസോണ്‍ജിത്ത് സിദ്ഗര്‍ വിചിത്രമായ ആവശ്യവുമുന്നയിച്ചു. 'സാര്‍, ഇവിടെയുള്ളവരൊക്കെ നല്ല ആള്‍ക്കാര്‍, എനിക്ക് ഈ പോലീസ് സ്റ്റേഷനില്‍ ഒരു ജോലി തരുമോ' - പ്രതിയുടെ ആവശ്യം കേട്ട് പോലീസുകാര്‍ക്ക് ചിരിയടയ്ക്കാനായില്ല. പ്രധാനമായും ഭക്ഷണത്തെക്കുറിച്ച് മാത്രമാണ് ഇയാള്‍ക്ക് സംസാരിക്കാനുള്ളത്. റിമാന്‍ഡ് ചെയ്ത സ്‌പെഷ്യല്‍ സബ് ജയിലും ഇഷ്ടമായി. നല്ല ഭക്ഷണവും കിടക്കാനുള്ള സൗകര്യവുമുണ്ടെന്നായിരുന്നു ജയിലധികൃതരോടുള്ള പ്രതിയുടെ പ്രതികരണം.
പ്രതിയുടെ പശ്ചിമബംഗാളിലെ വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പ്രസോണ്‍ജിത്തിന് മാനസികപ്രശ്‌നമുള്ളതായി അച്ഛന്‍ പറഞ്ഞു. മാനസികപ്രശ്‌നങ്ങള്‍ കാരണം വീട്ടില്‍ സ്ഥിരമായി താമസിക്കാറില്ല. പലയിടങ്ങളിലും അലഞ്ഞുനടക്കുന്ന സ്വഭാവവുമുണ്ട്. ഒരു ദിവസം വീട്ടിനകത്ത് ഹോമകുണ്ഡമുണ്ടാക്കി റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, കുടുംബാംഗങ്ങളുടെ തിരിച്ചറിയല്‍രേഖകള്‍ എന്നിവ അതിലിട്ട് കത്തിച്ചു. മണ്ണ് കുഴച്ച് വീടിന്റെ ഭിത്തിയിലാകെ പതിച്ച സംഭവവുമുണ്ടായിട്ടുണ്ട്. വീട്ടുകാരോടുള്ള ദേഷ്യത്തില്‍ ചെയ്തതാണിത്. വീട് ഉപേക്ഷിച്ച് കുടുംബം സ്വന്തമായുള്ള കടയിലേക്ക് മാറിത്താമസിക്കുകയാണ്.
https://www.facebook.com/Malayalivartha























