ആ ശബ്ദം ഇനിയില്ല... 25 വര്‍ഷമായി ശബരിമല സന്നിധാനത്ത് പബ്ലിസിറ്റി കം പബ്ലിക് ഇന്‍ഫെര്‍മേഷന്‍ സെന്ററില്‍ വിവിധ ഭാഷകളില്‍ അനൗണ്‍സറായിരുന്ന ശ്രീനിവാസ് സ്വാമി വാഹനാപകടത്തില്‍ മരിച്ചു

ആ ശബ്ദം ഇനിയില്ല ... 25 വര്‍ഷമായി ശബരിമല സന്നിധാനത്ത് പബ്ലിസിറ്റി കം പബ്ലിക് ഇന്‍ഫെര്‍മേഷന്‍ സെന്ററില്‍ വിവിധ ഭാഷകളില്‍ അനൗണ്‍സറായിരുന്ന ശ്രീനിവാസ് സ്വാമി (63) വാഹനാപകടത്തില്‍ മരിച്ചു.
ഇന്നലെ വൈകുന്നേരം ബെഗളൂരുവില്‍ വച്ച് അദ്ദേഹം ഓടിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിവയില്‍ അയ്യപ്പഭക്തര്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നത് ശ്രീനിവാസായിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് സംസ്‌കാരചടങ്ങുകള്‍ നടക്കും.
അതേസമയം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് പരിചിതമായ ശബ്ദത്തിന്റെ ഉടമയായിരുന്നു ബാംഗളൂര്‍ സ്വദേശിയായ ശ്രീനിവാസ് സ്വാമി.
മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്ക് വേണ്ടിയുള്ള അറിയിപ്പുകളും നിര്‍ദേശങ്ങളും വിവിധ ഭാഷകളില്‍ അനൗണ്‍സ് ചെയ്തിരുന്നത് അദ്ദേഹമായിരുന്നു.
കന്നഡയും മലയാളവും കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളും ശ്രീനിവാസ് സ്വാമി കൈകാര്യം ചെയ്യുമായിരുന്നു. ശബരിമലയിലെ തിരക്കില്‍ കൂട്ടം തെറ്റിപ്പോകുന്ന കന്നി അയ്യപ്പന്‍മാരെയും പ്രായമായവരെയുമൊക്കെ തേടി സന്നിധാനത്ത് സ്പീക്കറുകളിലൂടെ മുഴങ്ങിയിരുന്നത് ശ്രീനിവാസ് സ്വാമിയുടെ ശബ്ദമായിരുന്നു.
പൂജകളെക്കുറിച്ചും വഴിപാടുകളെക്കുറിച്ചുമുളള വിവരങ്ങള്‍ മൈക്കിലൂടെ ഭക്തരെ അറിയിക്കുന്നതും കളഞ്ഞുകിട്ടുന്ന വിലപിടിപ്പുളള സാധനങ്ങളുടെ ഉടമസ്ഥരെ തേടിയുളള അറിയിപ്പുകളും കൂടുതലും കൈകാര്യം ചെയ്തിരുന്നത് ശ്രീനിവാസ് സ്വാമിയാണ്.
ശബരിമലയില്‍ സ്ഥിരമായി എത്തുന്ന ഭക്തരുമായും ദേവസ്വം ജീവനക്കാരുമായുമൊക്കെ അടുത്ത സൗഹൃദം കാത്ത് സൂക്ഷിച്ച വ്യക്തിയുമാണ് അദ്ദേഹം.
"
https://www.facebook.com/Malayalivartha























