കേരളത്തിലും തമിഴ്നാട്ടിലും വാര്‍ത്തയിലെ താരം, അരിക്കൊമ്പന്‍ 75 ശതമാനം ആരോഗ്യം വീണ്ടെടുത്തു, പുതിയ ആവാസവ്യവസ്ഥതയുമായി യോജിച്ചു കഴിഞ്ഞതായി തമിഴ്നാട് വനം വകുപ്പ്....!

അരിക്കൊമ്പൻ ഏറെക്കാലമായി കേരളത്തിലും തമിഴ് നാട്ടിലും വാർത്തയിലെ താരമാണ്. അരിക്കൊമ്പനെക്കുറിച്ചുള്ള ഏതു വാർത്തകൾക്കും വായക്കാരും പ്രേക്ഷകരുമുണ്ട്. തമിഴ് നാട്ടിലെ കോതയാർ കടുവ സങ്കേതം ഉൾപ്പെടുന്ന വനത്തിൽ രണ്ടു മാസം മുൻപ് തുറന്നുവിട്ട അരിക്കൊമ്പന്റെ തുമ്പിക്കൈയിലുണ്ടായ മുറിവ് പൂർണമായി ഉണങ്ങിയെന്നതും ആന മൂന്നു തവണ കാട്ടാനക്കൂട്ടത്തിനൊപ്പം ചേർന്നുവെന്നതുമാണ് പുതിയ വാർത്ത.
അരിക്കൊമ്പൻ അവശനാണെന്നും നടക്കാനും തീറ്റയെടുക്കാനുമാകാതെ ബുദ്ധിമുട്ടുകയാണെന്നുമുഴള്ള ആക്ഷേപ വാർത്തകൾക്ക് ഇതോടെ വിരാമമാവുകയാണ്. അരിക്കൊമ്പൻ 75 ശതമാനം ആരോഗ്യം വീണ്ടെടുത്ത് പുതിയ ആവാസവ്യവസ്ഥതയുമായി യോജിച്ചു കഴിഞ്ഞതായി വനം വകുപ്പ് വ്യക്തമാക്കിയിരിക്കുന്നു. അരിക്കൊമ്പൻ രക്ഷകരായി മാറിയ ആരാധകർ തുടരെ കോടതി കയറുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് സർക്കാർ വിശദമായ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
കളക്കാട് കടുവ സങ്കേതത്തിലെ വിവിധ പ്രദേശങ്ങളിലായി ദിവസം 17 കിലോമീറ്റർ വരെയാണ് നിലവിൽ അരിക്കൊമ്പന്റെ സഞ്ചാരം. അരിക്കൊമ്പന്റെ പേരിൽ കോടതിയെ സമീപിക്കുന്ന പരാതിക്കാർക്കും ആരാധകർക്കും വ്യക്തമായ ഉത്തരം നൽകിക്കൊണ്ടാണ് ആരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും തീറ്റയും ഭക്ഷണവും എടുക്കുന്നുണ്ടെന്നുമുള്ള റിപ്പോർട്ട് തമിഴ് നാട് വനംവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. വനം വകുപ്പിലെ 22 ഉദ്യോഗസ്ഥരാണ് നിലവിൽ അരിക്കൊമ്പനെ രാവും പകലും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
റേഡിയോ കോളറിൽനിന്നും ഏറെക്കുറെ എല്ലാ ദിവസവും നീക്കം സംബന്ധിച്ച സന്ദേശങ്ങൾ വനംവകുപ്പിന് ലഭിക്കുന്നുമുണ്ട്. മറ്റ് കാട്ടുനകളുമായി അടുപ്പത്തിലായതോടെ അരിക്കൊമ്പൻ കാടിന്റെ പുതിയ ആവാസവ്യവസ്ഥയുമായി യോജിച്ചുകഴിഞ്ഞതായും ഇനി ഒരു നാടിറക്കമുണ്ടാകില്ലെന്നുമാണ് വനപാലകരുടെ പൊതുവായ നിരീക്ഷണം.
ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ പെരിയാർ ഉൾവനത്തിൽ തുറന്നുവിട്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ ആന ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങിവരികയായിരുന്നു.
കുമളി ഉൾപ്പെടുന്ന പ്രദേശങ്ങൾക്ക് സമീപമെത്തിയ ആന പിന്നീട് തമിഴ് നാട്ടിലെ വനപ്രദേശം 75 കിലോമീറ്ററുകൾ താണ്ടി കമ്പത്തും സമീപപ്രദേശങ്ങളിലും വിനാശം സൃഷ്ടിക്കുകയായിരുന്നു. നിലവിൽ അരിക്കൊമ്പൻ കേരളത്തിന്റെ ആനയാണോ അതോ തമിഴ് നാടിന്റെ ആനയാണോ എന്ന കാര്യത്തിൽ പുതിയ തർക്കം ഉടലെടുത്തിരിക്കുകയാണ്. കേരളത്തിൽ ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ, സൂര്യനെല്ലി പ്രദേശങ്ങളിൽ വിഹരിച്ചിരുന്ന അരിക്കൊമ്പനെ പിടികൂടി പെരിയാർ വനത്തിലേക്ക് അയച്ചെങ്കിലും ഇവിടെനിന്നും ആന തമിഴ് നാട്ടിലെ ജനവാസ മേഖയിലേക്കും കമ്പം ടൗണിലേക്കും ഇറങ്ങി നാശം വിതച്ചതോടെയാണ് ആനയെ തമിഴ് നാട്ടിലെ കോതയാർ വനത്തിലേക്ക് കടത്തിയത്. ഈ സാഹചര്യത്തിൽ അരിക്കൊമ്പൻ നിലവിൽ ഏതു സംസ്ഥാനത്തിന്റെ ആനയാണെന്നതിലാണ് തർക്കം ഉടലെടുത്തിരിക്കുന്നത്.
കാട്ടിൽ വന്യമൃഗങ്ങൾക്ക് അതിർത്തി നിശ്ചയിച്ചിട്ടില്ലാത്തത്തിനാൽ അരിക്കൊമ്പൻ തമിഴ്നാടിന്റേതാണെന്നോ കേരളത്തിന്റേതാണെന്നോ പറയാനാവില്ലെന്നാണ് തമിഴ് നാട് വിശദമാക്കുന്നത്. ആനയുടെ മുറിവുകളെല്ലാം ഉണങ്ങിതയായും യഥേഷ്ടം വെള്ളം കുടിക്കുകയും പുല്ലുതിന്നുകയുംചെയ്യുന്നുണ്ടെന്നും തമിഴ് നാട് വനംമന്ത്രി പറയുന്നു. കാട്ടിൽ വന്യമൃഗങ്ങൾക്ക് പ്രത്യേകം അതിർത്തി നിശ്ചയിച്ചിട്ടില്ല. അതുകൊണ്ട് ഏതെങ്കിലും കാട്ടാന പ്രത്യേക സംസ്ഥാനത്തിന്റേതാണെന്ന് പറയാൻ പറ്റില്ല. കേരളത്തിലാവുമ്പോൾ അരിക്കൊമ്പനെന്ന് അറിയപ്പെട്ട ആനയെ ഇപ്പോൾ അരിശിക്കൊമ്പൻ എന്നാണ് വിളിക്കുന്നതെന്നും തമിഴ് നാട് വനംമന്ത്രി പറയുന്നു.
എന്തായാലും ചിന്നക്കനാലിലും കമ്പത്തുനിന്നും വിവിധ ഘട്ടങ്ങളിലായി അരിക്കൊമ്പനെ കോതയാർ വനത്തിൽ എത്തിക്കും വരെ വനംവകുപ്പിന് രണ്ടു കോടിയോളം രൂപയുടെ ചെലവു വന്നിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഏറെ വൈകാതെ കേരള, തമിഴ് നാട് വനംവകുപ്പുകൾ ഇത്തരത്തിലുണ്ടായ ഭാരിച്ച ചെലവുകളുടെ കണക്ക് കേന്ദ്ര സർക്കാരിന് സമർപ്പിക്കും. തിരുനെൽവേലിക്കടുത്ത് കോതയാർ വനത്തിൽ കഴിയുന്ന അരിക്കൊമ്പന്റെ വിവിധ വീഡിയോ ദൃശ്യങ്ങൾ തമിഴ്നാട് വനം വകുപ്പ് പുറത്തുവിട്ടിരുന്നു. സംസ്ഥാന വനം- പരിസ്ഥിതി- കാലാവസ്ഥ വ്യതിയാന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് അരിക്കൊമ്പന്റെ വീഡിയോ ട്വീറ്റ് ചെയ്തത്.
പ്രദേശവുമായി ഇണങ്ങിയതിനാൽ കേരളത്തിലേക്കോ തമിഴ്നാട്ടിലെ അതിർത്തി ഗ്രാമങ്ങളിലേക്കോ അരിക്കൊമ്പൻ വരുമെന്ന ആശങ്ക ഒഴിഞ്ഞെന്നാണ് കരുതുന്നത്. തുമ്പിക്കൈയിലുണ്ടായിരുന്ന പരുക്കിനു പുറമെ കാലിനുണ്ടായിരുന്ന പരിക്കും ഭേദമായിട്ടുണ്ട്. അതേ സമയം അരിക്കൊമ്പനെ വീണ്ടും ചിന്നക്കനാലിൽ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കനാലാലിൽ സ്ത്രീകൾ ഉൾപ്പെടെ ഒരു വിഭാഗം പ്രതിഷേധത്തിലാണ്. അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് അരിക്കൊമ്പൻ ഫാൻസ് രംഗത്തെത്തിയതോടെ ചിന്നക്കനാൽ മേഖലയിൽ സംഘർഷം ഉടലെടുത്തിരിക്കുകയാണ്.
അരിക്കൊമ്പൻ പോയതോടെ നാട്ടിൽ ഐശ്വര്യം നഷ്ടമായെന്നാണ് ഒരു വിഭാഗം ദേശവാസികളുടെ പരിഭവം. അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് ദേവികുളം ഡിഎഫ്ഒ ഓഫീസിലേയ്ക്ക് സമരം നടത്താണ് നിലവിലെ നീക്കം. അതേ സമയം അരിക്കൊമ്പനെ ഒഴിവാക്കിയതിൽ ആശ്വാസം കൊള്ളുന്ന ഒട്ടേറെ ജനങ്ങൾ ഇപ്പോഴും ചിന്നക്കനാലിലും ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിലുമുണ്ട്.
https://www.facebook.com/Malayalivartha


























