അടുത്ത മുട്ടൻ തേപ്പ്; കെ-ഫോൺ ഉദ്ഘാടനം കഴിഞ്ഞ് 2 മാസം, പ്രഖ്യാപിച്ച സൗജന്യ കണക്ഷനുകളിൽ മൂന്നിലൊന്ന് പോലും നൽകിയില്ല....സർക്കാരിന്റെ പ്രഖ്യാപനങ്ങൾ എല്ലാം വെള്ളത്തിൽ വരച്ച വര പോലെ...

കെ-ഫോൺ ഉദ്ഘാടനം കഴിഞ്ഞ് 2 മാസമായിട്ടും പ്രഖ്യാപിച്ച സൗജന്യ കണക്ഷനുകളിൽ മൂന്നിലൊന്ന് പോലും നൽകാനാകാതെ സർക്കാർ. ജൂൺ അവസാനത്തോടെ ആദ്യഘട്ട സൗജന്യ കണക്ഷൻ കൊടുത്തു തീര്‍ക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ കണക്ഷൻ നൽകാനായത് 4800 ഓളം പേര്‍ക്ക് മാത്രമാണ്. ജൂൺ അവസാനത്തോടെ ആദ്യ ഘട്ടത്തിലെ 14000 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ നൽകുമന്നായിരുന്നു കെ-ഫോൺ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.ജൂണും ജൂലൈയും കഴിഞ്ഞ് ആഗസ്റ്റ് ആദ്യ ആഴ്ച പിന്നിട്ടിട്ടും നാളിത് വരെ കണക്ഷനെത്തിയത് വെറും 4800 ഓളം കുടുംബങ്ങളിൽ മാത്രമാണ്. മാസങ്ങളെടുത്ത് തദ്ദേശ ഭരണ വകുപ്പ് കണ്ടെത്തി നൽകിയ 14000 ബിപിഎൽ കുടുംബങ്ങളുടെ ലിസ്റ്റ് വച്ച് കണക്ഷൻ നടപടികൾ മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്നാണ് കേരള വിഷൻ പറയുന്നത്.
മതിയായ വ്യക്തി വിവരങ്ങൾ പോലും ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 5000 പേരുടെ ലിസ്റ്റ് കേരളാവിഷൻ കെ-ഫോണിന് തന്നെ തിരിച്ച് നൽകിയത്. പോരായ്മകൾ പരിഹരിച്ച് പുതിയ ലിസ്റ്റ് തദ്ദേശ ഭരണ വകുപ്പ് നൽകിയാൽ മാത്രമെ ഇനി കണക്ഷൻ നടപടികൾ മുന്നോട്ട് പോകൂ.ഉൾപ്രദേശങ്ങളിലേക്ക് കേബിളെത്തിക്കുന്ന കാര്യത്തിലും കേരള വിഷന് കാലതാമസം വരുന്നുണ്ട്. സൗജന്യ കണക്ഷൻ നടപടികളിലേ അനിശ്ചിതത്വത്തെ കുറിച്ച് ചോദിച്ചാൽ ഓണത്തിന് മുൻപെങ്കിലും കൊടുത്ത് തീര്‍ക്കാനാകുമെന്ന പ്രതീക്ഷ മാത്രമാണ്കെ ഫോൺ അധികൃതര്‍ പങ്കുവയ്ക്കുന്നത്. ആദ്യഘട്ടത്തിന്‍റെ അവസ്ഥ ഇതാണെങ്കിൽ രണ്ടാം ഘട്ടത്തിലെ രണ്ടര ലക്ഷം കണക്ഷനുകൾ നൽകാൻ സാങ്കേതിക പങ്കാളിയെ കണ്ടെത്താനും ഇതുവരെ കെ ഫോണിന് കഴിഞ്ഞിട്ടില്ല. ഗാര്‍ഹിക വാണിജ്യ കണക്ഷൻ നടപടികൾക്ക് മൂന്നാം തവണ വിളിച്ച ഐഎസ്പി ടെണ്ടര്‍ നടപടികളും അനിശ്ചിതമായി നീളുകയാണ്.
സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ബ്രോഡ്ബാൻഡ് കണക്‌ഷനാണ് കെ ഫോൺ. കെഎസ്ഇബിയും കെഎസ്ഐടിഐഎല്ലും (കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം കുടുംബത്തിന് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാകും. മുപ്പതിനായിരത്തോളം സർക്കാർ സ്ഥാപനങ്ങളിലും ഇന്റർനെറ്റ് എത്തും. 75 ലക്ഷം കുടുംബത്തിൽ ഇന്റർനെറ്റ് സേവനം നൽകാമെന്നാണ് കണക്കുകൂട്ടൽ.ഇന്റർനെറ്റ് സേവന പദ്ധതിയെന്നതിലുപരി സർക്കാരിന് വിപുലമായ വരുമാന പദ്ധതിയാണ് കെ ഫോൺ. സേവനദാതാക്കൾ എത്തിപ്പെടാത്ത ഇടങ്ങളിലെല്ലാം ബൃഹത്തായ നെറ്റ്‌വർക്കുള്ളതിനാൽ സേവനദാതാക്കളിൽനിന്ന് പാട്ടം ഇനത്തിൽ കെ ഫോണിലേക്ക് വരുമാനം കണ്ടെത്താനാകും. സംസ്ഥാനത്തുടനീളം വിന്യസിച്ച ഡാർക്ക് ഫൈബറാണ് പാട്ടത്തിന് നൽകുക.
സർക്കാർ സ്ഥാപനങ്ങളിൽ കണക്‌ഷൻ നൽകുന്നതിൽനിന്ന് സർവീസ് ചാർജ് ഈടാക്കുക,ട്രഷറിയുൾപ്പെടെയുള്ള കേന്ദ്രീകൃത സ്ഥാപനങ്ങൾക്ക് പ്രത്യേകം ഇന്റർനെറ്റ് നെറ്റ്‌വർക്ക് നൽകുക, വീടുകളിലേക്ക് വ്യാവസായിക അടിസ്ഥാനത്തിൽ ഇന്റർനെറ്റ് കണക്‌ഷൻ നൽകുക, കോർപറേറ്റുകൾക്കായി പ്രത്യേകം കണക്‌ഷനുകളും മൾട്ടിപ്രോട്ടോകോൾ ലേബൽ സ്വിച്ചിങ് നെറ്റ്‌വർക്കും നൽകുക തുടങ്ങിയവയും വരുമാനം എത്തിക്കും. 14,000 റേഷൻ കട, രണ്ടായിരത്തിലധികം സപ്ലൈകോ ഔട്ട്‌ലെറ്റുകൾ, കേരള ബാങ്ക് പോലുള്ള മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും വാണിജ്യ അടിസ്ഥാനത്തിൽ കണക്‌ഷൻ നൽകുന്നതിലൂടെ വരുമാനം കണ്ടെത്താം.
https://www.facebook.com/Malayalivartha
























