വിലക്കയറ്റം, സാമ്പത്തികപ്രതിസന്ധി, കെ.എസ്.ആര്‍.ടി.സി ശമ്പളം, വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധി അങ്ങനെ കേരളീയ സമൂഹത്തെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ മിത്തിന് പുറകെയാണ് എല്ലാവരുമെന്ന് എം.എന്‍ കാരശ്ശേരി ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. സര്‍ക്കാരിന് ജനശ്രദ്ധതിരിക്കാനും ബി.ജെ.പിക്ക് ഭൂരിപക്ഷത്തെ ചാക്കിലാക്കാനും ഉള്ള വഴിയാണ് മിത്ത് വിവാദം തുറന്നിട്ടിരിക്കുന്നത്. ഈ ചര്‍ച്ച കൊണ്ട് സംസ്ഥാനത്ത് വിദ്വേഷം കൂടുതല്‍ ശക്തമാക്കാമെന്നാണ് നേതാക്കളുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച ഗോവിന്ദന്‍ മാഷ് ന്യൂഡല്‍ഹിയില്‍ വിവാദം തണുപ്പിച്ചെങ്കിലും ശനിയാഴ്ച മരുമോന്‍ മന്ത്രി അത് വീണ്ടും ആളിക്കത്തിച്ചു. എന്‍.എസ്.എസിനെതിരെയും ആഞ്ഞടിച്ചു. ഇതില്‍ നിന്നൊക്കെ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്ന സൂചനയാണ് നല്‍കുന്നത്. അതേസമയം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ മറികടന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സി.പി.എമ്മില്‍ ഇസ്ലാംവല്‍ക്കരണമാണെന്നും റിയാസും ഷംസീറും അതിന് നേതൃത്വം കൊടുക്കുകയാണെന്നുമുള്ള ആക്ഷേപം ബി.ജെ.പി കൂടുതല്‍ ശക്തമാക്കി. ശബരിമലയിലെ നമ്മുടെ സുവര്‍ണാവസരം കൊയ്തത് കോണ്‍ഗ്രസുകാരാണെന്നും ഈ അവസരം നമുക്ക് മുതലാക്കണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പ്രസംഗിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് റിയാസ് ഉറഞ്ഞുതുള്ളിയത്. ഇത് രണ്ട് കൂട്ടരും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഈ വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കുന്നില്ലതാനും. അവര്‍ക്ക് എന്‍.എസ്.എസിനെയും മുസ്‌ലിംലീഗിനെയും പിണക്കാന്‍ വയ്യ. അതേസമയം ബി.ജെ.പിക്കെതിരെ ശക്തമായി നില്‍ക്കുന്നത് കൊണ്ട് സി.പി.എമ്മിന് രാഷ്ട്രീയ മേല്‍ക്കൈ നേടാനായി എന്നും വിലയിരുത്തുന്നു.ന്യൂസ് അവറില്‍ ഹിന്ദു ഐക്യവേദിയുടെ ആര്‍.വി ബാബുവും ഇടത് സഹയാത്രികന്‍ ഡോ. സെബാസ്റ്റിയന്‍ പോളും തമ്മില്‍ ചൂടേറിയ വാഗ് വാദം നടന്നു. എം.എന്‍ കാരശ്ശേരി അതിന് മുതിരാതെ തനിക്ക് പറയാനുള്ളത് ഭംഗിയായി പറഞ്ഞു. സി.പി.എം ഹിന്ദു മതത്തെയാണ് ഏറ്റവും കൂടുതല്‍ അവഹേളിക്കുന്നതെന്ന് ആര്‍.വി ബാബു ആരോപിച്ചു. മീശ നോവലിന് അവാര്‍ഡ് കൊടുത്തപ്പോള്‍ സി.പി.എം പിന്തുണച്ചു. ബിഷപ്പ് ഫ്രാങ്കോയെ പരിഹസിക്കുന്ന കാര്‍ട്ടൂണിന് അവാര്‍ഡ് കൊടുത്തത് വിവാദമായപ്പോള്‍ ഒരു മതവിഭാഗത്തെ ആക്ഷേപിക്കുന്നത് പിന്‍വലിക്കണമെന്ന് മന്ത്രിയായിരുന്ന എ.കെ ബാലന്‍ പ്രതികരിച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെല്ലാം ചേര്‍ത്ത് സെബാസ്റ്റ്യന്‍ പോള്‍ കട്ടയ്ക്ക് മറുപടി കൊടുത്തു. ' നബിയുടെ തിരുകേശം ബോഡി വേസ്റ്റാണെന്ന് ഇന്നലെ പറഞ്ഞെങ്കില്‍ ഇന്നും പറേം നാളേം പറയും. അതാണ് സി.പി.എം അതില്‍ മാറ്റമില്ല' അദ്ദേഹം വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് സൈദ്ധാന്തിക തലത്തിലല്ല പ്രായോഗിക തലത്തിലാണ് ഭരണകക്ഷിയായ സി.പി.എം പ്രവര്‍ത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. അതോടെ അവതാരകനായ പി.ജി സുരേഷ് കുമാര്‍ ഇടപെട്ടു, ' അങ്ങനെയെങ്കില്‍ 2006ല്‍ ഐഷാ പോറ്റിയും എം.എം മോനായിയും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് വിവാദമാക്കുകയും 2021ല്‍ വീണാ ജോര്‍ജും ദലീമയും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ ഒന്നും മിണ്ടുകയും ചെയ്തില്ല. പ്രീണിപ്പിച്ച് വോട്ട് വാങ്ങിയവര്‍ക്ക് എവിടെ നിന്നെങ്കിലും ഇതുപോലെ അടികിട്ടുമെന്നും' ചൂണ്ടിക്കാണിച്ചു.സി.പി.എമ്മിന്റെ ഇത്തരം ഇരട്ടത്താപ്പുകളാണ് ബി.ജെ.പിക്ക് ഇന്ധനമാകുന്നത്. ശബരിമല സമരകാലത്ത് പോലും ബി.ജെ.പിയുമായി സഹകരിക്കാതിരുന്ന എന്‍.എസ്.എസ് അവരെ മാത്രമല്ല ആര്‍.എസ്.എസ് നേതാക്കളെയും കൂട്ടുപിടിച്ചിരിക്കുകയാണ്. ഇത് സി.പി.എമ്മിനേക്കാളേറെ കോണ്‍ഗ്രസിനെയാണ് അങ്കലാപ്പിലാക്കിയിരിക്കുന്നത്. എവിടെയും ആരുടെയും കൂടെ നില്‍ക്കാതെ നില്‍ക്കുകയാണ് കോണ്‍ഗ്രസ്. വി.എം സുധീരനോ, എ.കെ ആന്റണിയോ ഇതേക്കുറിച്ച് വ്യക്തത വരുത്താന്‍ പോലും തയ്യാറായിട്ടില്ല. ഇവന്മാരൊക്കെ ഇവിടെ വന്നടിയും എന്നാണ് സുകുമാരന്‍ നായര്‍ കോണ്‍ഗ്രസ് നേതാക്കളെ കുറിച്ച് പറഞ്ഞത്. എന്നിട്ട് ശക്തമായ മറുപടി കൊടുക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. അതിനുള്ള ആമ്പിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ല. കാരണം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പെരുന്നയില്‍ ചെന്ന് സുകുമാരന്‍ നായരുടെ പിന്തുണ തേടിയ വി.ഡി സതീശന്‍ റിസല്‍റ്റ് വന്ന ശേഷം എന്‍.എസ്.എസിനെ തള്ളിപ്പറഞ്ഞു. താക്കോല്‍ സ്ഥാനം വേണമെന്ന് സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രിയായ രമേശ് ചെന്നിത്തല പിന്നെ പെരുന്നയിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. കേരളത്തില്‍ മുഖ്യമന്ത്രിയാകാനായി കോണ്‍ഗ്രസുകാരായ നാല് നായന്മാരാണ് കുപ്പായം തയ്പ്പിച്ച് വച്ചിരിക്കുന്നതെന്ന് സുകുമാരന്‍ നായര്‍ അടുത്തിടെ പരിഹസിച്ചിരുന്നു. വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവരെ ഉദ്ദേശിച്ചായിരുന്നു അത്. താന്‍ വഴക്ക് പറയുമെന്ന് അറിയാവുന്നത് കൊണ്ട് മന്നംസമാധി ദിവസം ഊണ് സമയത്ത് ചെന്നവരാണ് സതീശനും വേണുഗോപാലുമെന്നും ആക്ഷേപിച്ചു. എന്നിട്ടും ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസുകാരനും മറുപടി കൊടുത്തില്ല. സമുദായങ്ങള്‍ക്കും സഭകള്‍ക്കും മുന്നില്‍ നട്ടെല്ല് കുനിഞ്ഞ് നിന്ന് നിന്ന് കോണ്‍ഗ്രസ് ഇപ്പോള്‍ നിലപാടില്ലാത്ത അവസ്ഥയിലായി. അത് പരമാവധി മുതലെടുക്കുകയാണ് സി.പി.എം. ബി.ജെ.പിയാകട്ടെ ഇതെല്ലാം സുവര്‍ണാവസരമായി കാണുന്നു. ഇവിടെ ആരാകും രാഷ്ട്രീയ വിജയം നേടുക എന്നതാണ് പ്രശ്‌നം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ചരിത്രത്തിലെ നമ്പര്‍ വണ്‍ തോല്‍വിയാണ് ലഭിച്ചത്. ഇത്തവണയും അവര്‍ക്ക് വലിയ പ്രതീക്ഷയില്ല. അവരുടെ ലക്ഷ്യം അതുക്കുംമേലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പാണ്. അതിനുള്ള കളം അവര്‍ ഒരുക്കിക്കഴിഞ്ഞു. ബി.ജെ.പി അതില്‍ പിടിച്ച് കളിക്കുന്നു. കോണ്‍ഗ്രസ് വെറും കാഴ്ചക്കാരാകുന്നു.