മിത്ത് വിവാദത്തിൽ സ്പീക്കർ ഷംസീർ മാപ്പ് പറയാത്തതിന് എതിരെ നിയമ നടപടിയുമായി എൻ.എസ്.എസ്; നാമജപഘോഷയാത്രയ്ക്കെതിരെ കേസെടുത്തതിനെതിരെ എൻ എസ് എസ് ഹൈക്കോടതിയിലേയ്ക്ക്

മിത്ത് വിവാദത്തിൽ സ്പീക്കർ ഷംസീർ മാപ്പ് പറയാത്തതിന് എതിരെ നിയമ നടപടിയുമായി എൻ.എസ്.എസ്. എൻഎസ്എസ് ഡയറക്ടർ ബോർഡിന്റെ അടിയന്തര യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഷംസീർ മാപ്പ് പറയാത്തതിനെതിരെ സമരവും തുടർ നിയമ നടപടികളും ആരംഭിക്കും.
ഷംസീറിന്റെ പരാമർശത്തിന് എതിരെ തിരുവനന്തപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ നേതൃത്വത്തിൽ നടത്തിയ നാമജപ ഘോഷയാത്രയ്ക്ക് എതിരെ കേസെടുത്ത സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കും. എൻ.എസ്. എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ വാദിയായാണ് ഹൈക്കോടതിയെ സമീപിക്കുക. നിയമപരമായി നിലനിൽക്കാത്ത കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കുക.
സ്പീക്കറുടെ വിവാദ പരാമർശങ്ങളെ സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല എന്ന് എൻഎസ്എസ് ആരോപിക്കുന്നു.ഇതിൽ എൻഎസ്എസ് ഡയറക്ടർ ബോർഡ് ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. എന്നാൽ പ്രശ്നം കൂടുതൽ വഷളാക്കാതെ സർക്കാർ ഇക്കാര്യത്തിൽ ഉടനടി നടപടി എടുക്കാത്ത പക്ഷം വിശ്വാസ സംരക്ഷണത്തിനുവേണ്ടി നിയമപരമായ മാർഗങ്ങളുമായി മുന്നോട്ടു പോകാനും എൻഎസ്എസ് ഡയറക്ടർ ബോർഡ് തീരുമാനിച്ചു.
ഈ വിഷയത്തിൽ ഷംസീർ മാപ്പ് പറയാനും തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല തിരുത്തേണ്ട ഒരു കാര്യവും ഇതിലില്ല എന്ന പ്രതികരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയിൽ നിന്നും ഉണ്ടായത്. ഇതിനെ പാർട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ വിശ്വാസികൾ കാണുന്നുള്ളൂ. വിഷയത്തിൽ സ്പീക്കറുടെ വിശദീകരണവും ഉരുണ്ടുകളി മാത്രമായിരുന്നു. ഈ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരം ആകുന്നില്ലെന്നും എൻഎസ്എസ് പറയുന്നു.
https://www.facebook.com/Malayalivartha
























