രണ്ടു വര്‍ഷമായി കാണാതായിരുന്ന പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി

മനുഷ്യക്കടത്തുകാരുടെ റാക്കറ്റില്‍ അകപ്പെട്ടു തിരുപ്പൂരില്‍ നിന്നു രണ്ടു വര്‍ഷമായി കാണാതായിരുന്ന പെണ്‍കുട്ടിയെ പോലീസ് ചെന്നൈയില്‍ കണ്ടെത്തി രക്ഷിതാക്കള്‍ക്കു കൈമാറി. മനുഷ്യക്കടത്തു തടയുന്നതിനു കുടുംബശ്രീ മുഖേന കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് പദ്ധതി ദേവികുളം ബ്ലോക്കില്‍ ആരംഭിച്ചതാണു പെണ്‍കുട്ടിയെ കണ്ടെത്താന്‍ വഴിതുറന്നത്. ദേവികുളം ബ്‌ളോക്കിലെ എട്ടു പഞ്ചായത്തുകളില്‍ ഈ പദ്ധതിപ്രകാരം കുടുംബശ്രീ പ്രവര്‍ത്തകര്‍ മനുഷ്യക്കടത്തിന് ഇരയായവരെയും അതിനു സാധ്യത ഉള്ളവരെയും കുറിച്ചു പഠനവും കണക്കെടുപ്പും നടത്തിയിരുന്നു. അങ്ങനെയാണു പെണ്‍കുട്ടിയെ രണ്ടുവര്‍ഷമായി കാണാനില്ലെന്ന് അറിഞ്ഞത്.
കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെ മാതാവ് മൂന്നാര്‍ എഎസ്പി മെറിന്‍ ജോസഫിനു പരാതി നല്‍കി. ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് സംസ്ഥാന നോഡല്‍ ഓഫിസര്‍ എസ്. ശ്രീജിത്തും പ്രശ്‌നത്തില്‍ ഇടപെട്ടതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പെണ്‍കുട്ടി ചെന്നൈയില്‍ ഉള്ളതായി സൂചന ലഭിക്കുകയും ചെയ്തു. തുടര്‍ന്നു പോലീസും ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് വിഭാഗവും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണു പെണ്‍കുട്ടിയെ തിരിച്ചെത്തിച്ചു രക്ഷിതാക്കള്‍ക്കു കൈമാറാനായത്. പെണ്‍കുട്ടിയെ ആരാണു കടത്തിപ്പോയതെന്നതിനെക്കുറിച്ച് അന്വേഷിച്ചുവരുന്നതായി പോലീസ് പറഞ്ഞു.
കണ്ണന്‍ ദേവന്‍ കമ്പനി മാട്ടുപ്പെട്ടി എസ്‌റ്റേറ്റ് കുട്ടിയാര്‍ ഡിവിഷനില്‍ നിന്നുള്ള പെണ്‍കുട്ടിയെയാണു രണ്ടു വര്‍ഷംമുന്‍പ് തിരുപ്പൂരില്‍ നിന്നു കാണാതായത്. പിതാവു മരിച്ചതിനെ തുടര്‍ന്ന് അമ്മയും മൂന്നു സഹോദരങ്ങളും ഉള്‍പ്പെടുന്ന കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലായതോടെയാണു മാതാവ് മകളെ ഏജന്റ് മുഖേന തമിഴ്‌നാട്ടിലെ സ്വകാര്യ ബനിയന്‍ കമ്പനിയില്‍ പതിമൂന്നാം വയസ്സില്‍ ജോലിക്ക് അയച്ചത്. തുടര്‍ന്നു 2013ല്‍ പെണ്‍കുട്ടിയെ ജോലിസ്ഥലത്തു നിന്നു കാണാതായി. അമ്മ നടത്തിയ അന്വേഷണത്തില്‍, ഒരു സ്ത്രീ കുട്ടിയെ ജോലിസ്ഥലത്തു നിന്നു കൂട്ടിക്കൊണ്ടു പോയി എന്ന് അറിവായി. മകളെ കാണാനില്ലെന്നു കാണിച്ച് അവര്‍ തിരുപ്പൂര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























