നാട്ടുകാരെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞ് പ്രിയരഞ്ജൻ:- ഭാര്യയ്ക്കും, മക്കൾക്കുമൊപ്പം തമിഴ്നാട്ടിലേയ്ക്ക് മുങ്ങി:- ബന്ധു വീടുകളിൽ മാറി മാറി താമസം:- കുടുക്കിയത് പഴയ ഫോണിലെ സിഗ്നൽ

മലയിൻകീഴിൽ പതിനഞ്ചുകാരനെ കാർ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതി പ്രിയരഞ്ജനെ കുടുക്കിയത് പഴയ ഫോണിൽ നിന്നുള്ള സിഗ്നൽ. അപകട ശേഷം പ്രതി ആദിശേഖറിനെ കൊണ്ടു വന്ന കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തി. ഇതിനു ശേഷം ഇവിടെ നിന്നും മുങ്ങിയ ഇയാൾ രണ്ടാം ദിനം കാർ പേയാട് കുണ്ടമൺകടവിനു സമീപം ഉപേക്ഷിച്ച് കടന്നു. ഈ കാർ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടവിവരം അറിഞ്ഞ് വിദേശത്തുള്ള ഭാര്യ നാട്ടിലെത്തി. ഇവർ താമസിക്കുന്ന നാലാംചിറയിലെ വാടക വീട്ടിൽ പൊലീസെത്തി.വീട് അടച്ചിരുന്നു.
കുടുംബമായി നാടുവിട്ടു എന്ന് ഉറപ്പാക്കി. പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ്. ഭാര്യയുടെ ഫോണും നിശ്ഛലം. എന്നാൽ സ്വിച്ച് ഓഫ് ആകും മുൻപ് ബന്ധുക്കളിൽ ചിലരുമായി ഫോണിൽ ബന്ധപ്പെട്ടത് പൊലീസ് മനസ്സിലാക്കി. പ്രിയരഞ്ജന്റെ പഴയ ഒരു ഫോൺ നമ്പർ ലഭിച്ചു. ഇതും നിരീക്ഷണത്തിലാക്കി. ഇതിൽ നിന്നാണ് അന്വേഷണത്തിനു അനുകൂലമായ ആദ്യ ‘സിഗ്നൽ’ ലഭിച്ചത്. പിന്നീട് ഇതും സ്വിച്ച് ഓഫായി. ഇത് പോലീസിനെ ഏറെ വലച്ചു. ഇതിനിടെ പ്രതി വിദേശത്തേക്ക് കടന്നുവെന്ന അഭ്യൂഹം പരന്നു. പക്ഷേ ആദ്യമേ പൊലീസ് വിമാനത്താവളങ്ങളിൽ അലർട്ട് നൽകിയതിനാൽ പൊലീസ് ആ വഴി പോയില്ല.5–ാം തിയതി ലൊക്കേഷൻ തമിഴ്നാടെന്ന് സ്ഥിരീകരിച്ചു.
കേരള അതിർത്തി പങ്കിടുന്ന അരുമന, ദേവിയോട് പ്രദേശങ്ങളായിരുന്നു ലൊക്കേഷൻ. ഇവിടെ പ്രിയരഞ്ജനു ബന്ധുക്കളുണ്ട്. ഇവിടം കേന്ദ്രീകരിച്ച അന്വേഷണത്തിൽ പ്രിയരഞ്ജനും കുടുംബവും ഇവിടെ എത്തിയെന്ന് സ്ഥിരീകരിക്കാനായി. കുടുംബമായി പല ബന്ധുവീടുകളിലും മാറിമാറി താമസിച്ചു. ഇവിടെയൊക്കെ പൊലീസ് സംഘം തിരച്ചിലിനെത്തിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. ഒടുവിൽ പ്രിയരഞ്ജനെ കുഴിത്തുറയ്ക്ക് സമീപത്ത് നിന്നാണ് പൊലീസിന് ലഭിച്ചത്. പ്രിയരഞ്ജൻ പിടിയിലാകുമ്പോൾ ഭാര്യയും മക്കളും ഇല്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
വാഹനമിടിച്ച് കൊലപ്പെടുത്തിയ പ്രതി പ്രിയരഞ്ജൻ കൃത്യത്തിന് ശേഷം സുഹൃത്തിനെ വിളിച്ച് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞതായി കൊല്ലപ്പെട്ട ആദിശേഖറിന്റെ ഇളയച്ഛൻ പ്രതികരിച്ചിരുന്നു. ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള പ്രതിയുടെ നാടകമായാണ് പോലീസ് വിലയിരുത്തുന്നത്. രു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പ്രതികരിച്ചത്. പ്രിയരഞ്ജൻ നാട്ടിൽ വെള്ളമടിച്ചു കറങ്ങി നടക്കുന്ന ആളെന്നാണ് പറഞ്ഞു കേട്ടത്. ജോലിയൊന്നുമില്ല. ആദ്യം ഈ മരണം കൊലപാതകമാണെന്നു വിചാരിച്ചില്ല. സിസിടിവി ദൃശ്യം കണ്ടപ്പോൾ ആണ് ഞെട്ടിപ്പോയത്.
രണ്ടു മൂന്ന് ദിവസം ക്ഷേത്രത്തിനു മുമ്പിൽ പ്രതി കുട്ടിയെ കാത്തു നിന്നിരുന്നു. നാട്ടിൽ ഇയാൾ ആരുടെയോ കാൽ അടിച്ചൊടിച്ചെന്നു കേട്ടിട്ടുണ്ട്. പ്രിയരഞ്ജന് ഈ അടുത്ത കാലത്തായി അധികം സാമ്പത്തിക സ്ഥിതിയുണ്ട്. അത് എങ്ങനെയാണെന്ന് അറിയില്ല. ജോലിയില്ലാതെ നാട്ടിൽ വെറുതെ നടക്കുന്നതാണ് പതിവ്. ഭാര്യ ഗൾഫിലാണ്. ഇയാളും ഇടക്കിടയ്ക്ക് ഗൾഫിൽ പോകാറുണ്ട്. ആദിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ സുഹൃത്തിനെ വിളിച്ച് താൻ ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞു. പിന്നീട് മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു കാർ ലോക് ചെയ്ത ശേഷം ഓട്ടോയിൽ രക്ഷപ്പെട്ടതായാണ് അറിയാൻ കഴിഞ്ഞത്.
ആദിശേഖർ മിടുക്കനായ ഒരു കുട്ടിയായിരുന്നു. എല്ലാവർക്കും മാതൃകയായിരുന്നു അവൻ. പഠനത്തിലും കലയിലും പെരുമാറ്റത്തിലും മിടുക്കനാണെന്നും ഇളയച്ഛൻ പറഞ്ഞു. കൃത്യം നടത്തുമ്പോൾ ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥലത്തുണ്ടായിരുന്നവർ പൊലീസിനു വിവരം നൽകിയിരുന്നു. അപകടത്തിനു മുൻപ് പ്രിയരഞ്ജൻ ക്ഷേത്രത്തിനു മുന്നിൽ മൂത്രം ഒഴിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത കുട്ടിയോട് പ്രിയരഞ്ജൻ കയർത്തു. ഇതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് ബന്ധുക്കളുടെ മൊഴി. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മനഃപൂർവമാണ് കാർ ഇടിപ്പിച്ചതെന്ന് വ്യക്തമാണ്.
https://www.facebook.com/Malayalivartha
























