നാളെ മെഡിക്കല്‍ കോളേജുകളിലെ പിജി മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും പണിമുടക്കുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ പിജി മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും ഉള്‍പ്പെടുന്ന ജോയിന്റ് ആക്ഷന്‍ കമ്മിറ്റി നവംബര്‍ എട്ടിന് ബുധനാഴ്ച പണിമുടക്കുന്നു. ബുധനാഴ്ച രാവിലെ എട്ടു മുതല്‍ വ്യാഴാഴ്ച രാവിലെ എട്ടുമണി വരെ അത്യാഹിത വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് പണിമുടക്ക്.
സെപ്തംബര്‍ 29ന് നടത്തിയ സൂചന പണിമുടക്കിന്റെ തുടര്‍ച്ചയായിട്ടാണ് നാളത്തെ സമരം. പിജി, ഹൗസ് സര്‍ജന്‍ വിഭാഗങ്ങളുടെ ന്യായമായ സ്റ്റൈപ്പന്‍ഡ് വര്‍ദ്ധനവ്, കേരളത്തിലെ പിജി വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധിത ബോണ്ട് അയവ് വരുത്തുക, സീനിയര്‍ റസിഡന്‍സി സീറ്റുകള്‍ കൂട്ടുക, പി ജി വിദ്യാര്‍ഥികള്‍ ഹൗസ് സര്‍ജന്മാര്‍ എന്നിവരുടെ ഉന്നമനത്തിനായി രൂപപ്പെട്ട, ആരോഗ്യ സെക്രട്ടറിയുടെ കീഴിലുള്ള കമ്മിറ്റി ഉടന്‍തന്നെ പ്രവര്‍ത്തന സജ്ജമാക്കുക, വിവിധ കോഴ്‌സുകളിലെ ആരോഗ്യ സര്‍വകലാശാല ഈടാക്കുന്ന വിദ്യാര്‍ഥികളുടെ ഫീസ് കുറയ്ക്കുക എന്നിവയാണ് മുന്നോട്ടുവയ്ക്കപ്പെടുന്ന പ്രധാന ആവശ്യങ്ങള്‍.
കഴിഞ്ഞ കുറെ മാസങ്ങളായി വിദ്യാര്‍ത്ഥികള്‍ മന്ത്രി തലത്തിലും മറ്റു ഉന്നത അധികാരികളുമായും നടത്തിവന്നിരുന്ന ചര്‍ച്ചകള്‍ വിജയം കാണാത്തതില്‍ ആണ് ഇത്തരമൊരു സമരത്തിലേക്ക് നീങ്ങുന്നതെന്നും സമരത്തിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ 9.30 മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഒ പി വിഭാഗത്തിന് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ ധര്‍ണ്ണയും തുടര്‍ന്ന് 10 മണിക്ക് ഡി എം ഇ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും സംഘടന അറിയിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നിലപാട് ഉണ്ടാകാത്ത പക്ഷം സമരം തുടര്‍ന്നും ശക്തമായ രീതിയില്‍ തന്നെ മുന്നോട്ടു പോകുമെന്നും മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha
























