കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ രണ്ട് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്. ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അടുത്ത മൂന്നു മണിക്കൂറുകളില്‍ മഴയ്ക്ക് സാധ്യത. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴക്കും (15.6 -64.4 mm) മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.
അതേസമയം സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ബുധനാഴ്ച എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. പടിഞ്ഞാറു വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു മധ്യ കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ സ്വാധീനഫലമായാണ് അടുത്ത നാല് ദിവസം മിതമായ / ഇടത്തരം വ്യാപകമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.1 മുതല്‍ 1.7 മീറ്റര്‍ വരെയും തെക്കന്‍ തമിഴ്‌നാട് തീരത്ത് 1.0 മുതല്‍ 1.6 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























