ശിവശങ്കറിനു പ്രധാന പങ്ക്... നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ 44 പ്രതികള്‍, മൊത്തം 66.60 കോടി പിഴ; ഡോളര്‍ കടത്തില്‍ 6 പ്രതികള്‍, നാലര കോടി പിഴ; വിദേശ കറന്‍സി ഇടപാടുകളിലും ശിവശങ്കറിനു പ്രധാന പങ്ക്

വര്‍ഷങ്ങള്‍ക്ക് ശേഷം സ്വര്‍ണക്കടത്തില്‍ തീര്‍പ്പ് ഉണ്ടായിരിക്കുകയാണ്. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസിലും പ്രതികള്‍ക്ക് പിഴ ചുമത്തിയുള്ള കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ സമ്പൂര്‍ണ വിവരങ്ങളും പുറത്ത്. രണ്ട് കേസുകളിലുമായി പ്രതികള്‍ക്ക് മൊത്തം 71 കോടിയിലധികം രൂപയുടെ പിഴയാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ ചുമത്തിയിട്ടുള്ളത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ആകെ 44 പ്രതികളാണ് ഉള്ളത്. ഇവര്‍ക്കെല്ലാം കൂടി 66.60 കോടി രൂപയാണ് പിഴയിട്ടിരിക്കുന്നത്. ഡോളര്‍ കടത്ത് കേസിലാകട്ടെ 6 പ്രതികള്‍ക്കായി നാലര കോടിയാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ ആര്‍ രജേന്ദ്ര കുമാര്‍ പിഴ ചുമത്തിയത്. കോടതിയിലെ കേസിന് പുറമെയുള്ള നടപടിയാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സ്വീകരിച്ചിട്ടുള്ളത്.
സ്വപ്ന സുരേഷിനാണ് രണ്ട് കേസുകളിലും കൂടുതല്‍ തുക പഴയിട്ടിരിക്കുന്നത്. രണ്ട് കേസുകളിലുമായി സ്വപ്നക്ക് മൊത്തം ആറ് കോടി അറുപത്തിയഞ്ച് ലക്ഷത്തിന്റെ പിഴയാണ് ചുമത്തിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഒരു കോടി പതിനഞ്ച് ലക്ഷത്തിന്റെ പിഴയാണ് ലഭിച്ചിരിക്കുന്നത്.
സമ്പൂര്‍ണ വിവരങ്ങള്‍ ഇങ്ങനെയാണ്. കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറയുന്നതാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ ആര്‍ രജേന്ദ്ര കുമാറിന്റെ റിപ്പോര്‍ട്ട്. കോണ്‍സുല്‍ ജനറലിന്റെ സ്ഥാപിത താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ എം ശിവശങ്കറിന് പ്രധാന റോള്‍ ആയിരുന്നുവെന്നും എല്ലാ കാര്യങ്ങളും പ്രതികളുടെ അറിവോടെയാണ് നടന്നതെന്നും കസ്റ്റംസ് ക്കമീഷണറുടെ റിപ്പോര്‍ട്ടിലുണ്ട്. കോണ്‍സുലേറ്റിലെ മുന്‍ ഫിനാന്‍സ് മാനേജര്‍ ഖാലിദ് ഒരുകോടതി 30 ലക്ഷംരൂപയുടെ വിദേശ കറന്‍സി സ്വപ്ന സുരേഷ്, സരിത് അടക്കമുള്ളവുടെ സഹായത്തോടെ കടത്തിയെന്നും റിപ്പോട്ടില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. ലൈഫ് മിഷന്‍ കോഴയിലൂടെ നേടിയ കൈക്കൂലി പണമടക്കമാണിതെന്നുമുള്ള മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിനെതിരെ പ്രതികള്‍ക്ക് 30 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാന്‍ കഴിയും. പിഴ ഒടുക്കുന്നതോടൊപ്പം രണ്ട് കേസുകളിലും കോടതിയിലെ പ്രോസിക്യൂഷന്‍ നടപടിയും പ്രതികള്‍ നേരിടം.
കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിന് സ്വര്‍ണ്ണക്കടത്ത് കേസില്‍ 6 കോടി രൂപയും ഡോളര്‍ കടത്ത് കേസില്‍ 65 ലക്ഷവുമാണ് പിഴയിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരിന് രണ്ട് കേസിലുമായി ഒരുകോടി 15 ലക്ഷം പിഴ ഒടുക്കണം. മുന്‍ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, മുന്‍ അറ്റാഷെ റാഷിദ് ഖാമിസ്, സരിത്, സന്ദീപ് നായര്‍, റമീസ് അടക്കമുള്ള പ്രതികള്‍ക്കും 6 കോടി വീതം പിഴയുണ്ട്. കോണ്‍സുലേറ്റിലെ മുന്‍ ഫിനാന്‍സ് മാനേജര്‍ ഖാലിദ് മുഹമ്മദ് അല്‍ ഷൗക്രിയ്ക്ക് ഡോളര്‍ കടത്ത് കേസില്‍ ഒരു കോടി മുപ്പത് ലക്ഷം പിഴയുണ്ട്. യൂണിടാക് എം ഡി സന്തോഷ് ഈപ്പന് ഡോളര്‍ കടത്ത് കേസില്‍ 1 കോടിരൂപയും പിഴ ചുമത്തിയിട്ടുണ്ട്.
അതേസമയം ലൈഫ് മിഷന്‍ ഫ്‌ലാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ അനധികൃത വിദേശ കറന്‍സി ഇടപാടുകളില്‍ എം.ശിവശങ്കറിനു പ്രധാന പങ്കുണ്ടെന്നു കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്രകുമാറിന്റെ അഡ്ജുഡിക്കേഷന്‍ ഉത്തരവില്‍ പറയുന്നു. 'ലൈഫ് മിഷന്‍ ഫ്‌ലാറ്റ് പദ്ധതിയില്‍ കോഴപ്പണം ലഭിച്ചതിനു പുറമേയാണിത്. ഇടപാടുകളെപ്പറ്റി ശിവശങ്കര്‍ സര്‍ക്കാരിനെയോ അന്വേഷണ ഏജന്‍സികളെയോ അറിയിച്ചില്ല' ഉത്തരവില്‍ പറയുന്നു. പ്രതികളുടെ വാദംകൂടി കേട്ട ശേഷമായിരുന്നു ഉത്തരവ്.
'ടെന്‍ഡര്‍, ക്വട്ടേഷന്‍ നടപടികള്‍ അട്ടിമറിച്ച് യൂണിടാക് ബില്‍ഡേഴ്‌സിനു തന്നെ കരാര്‍ നല്‍കാന്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി ശിവശങ്കര്‍ പലതവണ കൂടിക്കാഴ്ച നടത്തി. യൂണിടാക്കിനെ കോണ്‍സുലേറ്റ് നേരിട്ടാണു തീരുമാനിച്ചതെന്ന ശിവശങ്കറിന്റെ വാദത്തിനെതിരാണ് ശിവശങ്കറും സ്വപ്നയും തമ്മില്‍ നടത്തിയ വാട്‌സാപ് ചാറ്റുകള്‍.
സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസറെയും വിദേശകാര്യ മന്ത്രാലയത്തെയും മറികടന്നാണ് ശിവശങ്കര്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി പലതവണ കൂടിക്കാഴ്ച നടത്തിയത്. കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫിസര്‍ ഖാലിദ് അലി ഷൗക്രി സ്വപ്നയ്ക്കു പണം നല്‍കിയതായി അറിയുമെന്നു പറഞ്ഞ ശിവശങ്കര്‍, പിന്നീട് നല്‍കിയ മൊഴിയില്‍ കോണ്‍സല്‍ ജനറല്‍ ഒഴികെയുള്ള ഉദ്യോഗസ്ഥരെ അറിയില്ലെന്നാണു പറയുന്നത്'.
https://www.facebook.com/Malayalivartha
























