എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസ് അന്വേഷണം ഉന്നതരിലേക്ക്; സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് ഇഡി നോട്ടീസ്; 55 പ്രതികളുടെ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത് ദിവസങ്ങള്‍ക്ക് മുമ്പ്; സ്വാഭാവിക ജാമ്യത്തിനുള്ള വഴിയടച്ച് ഇഡി

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസില്‍ അന്വേഷണം കടുക്കുന്നു.എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. ഉന്നത രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ ഇഡി വ്യക്തമാക്കിയിരുന്നു. സിപിഎം നേതാവും തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുമായ എംഎം വര്‍ഗീസിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് അയച്ചു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കള്ളപ്പണ കേസിലെ ഉന്നത ഇടപെടലിൽ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തിൽ ഇഡി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണിപ്പോള്‍ സിപിഎം നേതാവിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ രണ്ടാം ഘട്ട അന്വേഷണം ആരംഭിച്ചതോടെയാണ് ഇഡി സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ കൂടുതല്‍ ഉന്നതര്‍ക്കെതിരെ അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരം.
എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ 55 പ്രതികളുടെ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത് ദിവസങ്ങള്‍ക്ക് മുമ്പാണ്. സിപിഎം കൗൺസിലർ പി ആർ അരവിനാക്ഷൻ കേസിൽ പതിനാലാം പ്രതിയാണ്. എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ ആദ്യ അറസ്റ്റ് നടന്ന് 60 ദിവസം പൂർത്തിയാകുന്നതിന് മുമ്പാണ് പ്രതികളുടെ സ്വാഭാവിക ജാമ്യത്തിനുള്ള വഴിയടച്ച് ഇഡി കോടതിയിൽ ആദ്യഘട്ടകുറ്റപത്രം സമർപ്പിച്ചത്. 90 കോടി രൂപയുടെ കള്ളപ്പണ ഇടപാടിലാണ് 12,000 പേജുള്ള പ്രാഥമിക കുറ്റപത്രം. 50 പ്രതികളും 5 കമ്പനികളുമാണ് പ്രതിപ്പട്ടികയിൽ.പതിനഞ്ച് കോടിയിലേറെ രൂപ ബാങ്കിൽ നിന്ന് തട്ടിയ റബ്കോ കമ്മീഷൻ ഏജന്‍റ് കൂടിയായി എ കെ ബിജോയാണ് കേസിൽ ഒന്നാം പ്രതി.
ഇയാളുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളും മറ്റൊരു പ്രതിയായി പി പി കിരണിന്‍റെ ഉടമസ്ഥയിലുള്ള രണ്ട് കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. ക്രൈം ബ്രാഞ്ചിന്‍റെ പ്രതിപ്പട്ടികയിലുള്ള 1 മുതൽ 12 വരെയുള്ള പ്രതികളാണ് ഇഡിയുടെ കുറ്റപത്രത്തിലും. കള്ളപ്പണ കേസിന്‍റെ മുഖ്യആസൂത്രകൻ സതീഷ്കുമാറാണ് 13 ആം പ്രതി.
ഉന്നത ബന്ധങ്ങളും ഉന്നത ഇടപെടലും നടന്ന കേസിൽ കൂടുതൽ ആളുകളിലേക്ക് അന്വേഷണം തുടരുന്നതായി ഇഡി വ്യക്തമാക്കുന്നു. ഇക്കാര്യം വ്യക്തമാക്കിയാകും ഇനി തുടരന്വേഷണ റിപ്പോർട്ട് ഇഡി കോടതിയിൽ ഹാജരാക്കുക.ആദ്യഘട്ട കുറ്റപത്രം പരിശോധിച്ച ശേഷമാകും ഇത് സ്വീകരിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി തീരുമാനം അറിയിക്കുക. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണൻ, മുൻ മന്ത്രി എ സി മൊയ്തീൻ എന്നിവരെ ഇഡി കേസിൽ ചോദ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























