അബിഗേൽ സാറ സേനയിൽ ബോംബിട്ടു പുകഞ്ഞു കത്തി ആഭ്യന്തരം!
അബിഗേൽ സാറയെ കണ്ടെത്തുന്ന കാര്യത്തിൽ പോലീസിന് സംഭവിച്ച വീഴ്ചയെ കുറിച്ച് കേരളം ചർച്ച കൊഴുപ്പിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സേനയിൽ അമർഷം പുകയുന്നു. ചില ഉയർന്ന പോലീസുദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിന്തുണയോടെ പോലീസിന്റെ പേര് ചീത്തയാക്കുന്നു എന്നാണ് പരാതി. പോലീസിന് പഴയതുപോലെ സ്വാതന്ത്ര്യം അനുവദിക്കുകയും അവരെ വിശ്വാസത്തിൽ എടുക്കുകയും ചെയ്തിരുന്നെങ്കിൽ പ്രതികളെ പിടികൂടാൻ കഴിയുമായിരുന്നു എന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ സാറയെ കണ്ടെത്താൻ ഒരു വിഭാഗം പോലീസുദ്യോഗസ്ഥർ രാപകൽ കഠിനാധ്വാനം നടത്തി എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ കലാപം മുക്കാനാണ് സാധ്യത.
1996 മുതൽ 2001 വരെ കേരളം ഭരിച്ച ഇ.കെ. നായനാർ മന്ത്രിസഭയുടെ അവസ്ഥയിലേക്കാണ് സർക്കാർ നീങ്ങുന്നതെന്ന പൊതു ചിന്തയാണ് കേരളത്തിലുള്ളത്. അന്ന് ഇ.കെ.നായനാരുടെ ഓഫീസാണ് നായനാരെ പ്രതിസന്ധിയിലാക്കിയത്.
പി.ശശിക്കെതിരെയാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. പി.ശശിക്ക് വിശ്വസ്തരായ ഉദ്യോഗസ്ഥരാണ് പോലീസ് ഭരിക്കുന്നത്.പഴയ പോലീസ് സിംഹങ്ങൾക്ക് ഇപ്പോൾ റോൾ ലഭിക്കുന്നില്ല. എ.ഡി. ജി.പി എം.ആർ. അജിത് കുമാറിന്റെ കൈയിലാണ് ക്രമ സമാധാനത്തിന്റെ ചുക്കാൻ. അദ്ദേഹം പ്രഗൽഭനായ ഉദ്യോഗസ്ഥനാണെങ്കിലും പോലീസിലെ ചില പാരമ്പര്യ വാദികൾക്ക് അദ്ദേഹത്തെ ഇഷ്ടമല്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണത്തിന്റെ ചുക്കാൻ എം.ആർ. അജിത് കുമാറിനായിരുന്നു. പോലീസ് നാടു മുഴുവൻ അരിച്ചുപെറുക്കുമ്പോൾ പ്രതിയായ സ്ത്രീ കുഞ്ഞിനെ ആശ്രാമം മൈതാനം പോലെയുള്ള നഗരമധ്യത്തിൽ കൊണ്ടിറക്കിയതാണ് പോലീസിന് നാണക്കേടായത്.
ശശി ഇന്ന് പാർട്ടിക്ക് വിശ്വസ്തനാണ്. പാർട്ടിക്കെതിരെയല്ലെങ്കിൽ, അതിനെ വലിയൊരു തെറ്റായി സിപിഎം കാണുന്നില്ല. വ്യക്തിപരമായ തെറ്റു ചെയ്യുന്ന നേതാക്കളോ പ്രവർത്തകരോ അച്ചടക്ക നടപടിക്കാലത്ത് പാർട്ടിക്കെതിരെ തിരിഞ്ഞില്ലെങ്കിൽ അവരെ അതേ പദവിയിലേക്കോ അതിലും ഉയരത്തിലേക്കോ മടക്കിക്കൊണ്ടുവരുന്നതു സിപിഎമ്മിന്റെ പതിവാണ്. തെറ്റു ചെയ്യാനും തിരുത്താനും പാർട്ടിക്കു സ്വന്തം നിയമങ്ങളുണ്ട്. ആ മാർഗത്തിലൂടെ തിരിച്ചെത്തിയയാളാണ് പി.ശശി. സദാചാര വിരുദ്ധ ആരോപണങ്ങളിൽ ശശി പാർട്ടിക്കു പുറത്താകുന്നതു 2011ലാണ്. അന്നു തൊട്ടിന്നോളം പാർട്ടിക്കെതിരെ ഒരു വാക്കോ നോട്ടമോ ശശിയിൽനിന്നുണ്ടായിട്ടില്ല. ഇതിനിടെ ഒരിക്കൽ മാത്രമാണു ശശിയുടെ നാവ് ഒരു പാർട്ടി നേതാവിനെതിരെ പരസ്യമായി ഉയർന്നത്.
നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരിക്കേ കോൺഗ്രസ് നേതാവിനെ രക്ഷിക്കാൻ സൂര്യനെല്ലിക്കേസിൽ ശശി വഴിവിട്ട് ഇടപെട്ടെന്ന വി.എസ്.അച്യുതാനന്ദന്റെ ആരോപണത്തിനായിരുന്നു ശശിയുടെ മറുപടി. കേസിൽ വിഎസിന്റെ വ്യക്തി താൽപര്യങ്ങൾക്കു പാർട്ടി വഴങ്ങിക്കൊടുക്കാത്തതിന്റെ വിദ്വേഷമാണ് വിഎസിനെന്നായിരുന്നു ശശിയുടെ തിരിച്ചടി. പറഞ്ഞതു വിഎസിനെതിരെ ആയതിനാൽ, അതു പാർട്ടി വിരുദ്ധമായി പിണറായി പക്ഷം കണ്ടില്ല.
ഏഴു വർഷം പാർട്ടിക്കു പുറത്തു നിന്നപ്പോഴും പാർട്ടിച്ചുമതലകളുള്ള നേതാക്കളെക്കാൾ ആത്മാർഥതയോടെ ശശി പ്രവർത്തിച്ചു. അതിനു കണ്ടെത്തിയ വഴി അഭിഭാഷകവൃത്തിയായിരുന്നു. ഡിവൈഐഫ്ഐക്കാരുടെ പെറ്റിക്കേസുകൾ മുതൽ, ടിപി വധക്കേസിലും കതിരൂർ മനോജ് വധക്കേസിലും ഉൾപ്പെട്ട പ്രതികളുടെ കേസുകൾ വരെ ശശി വാദിച്ചു. പാർട്ടി അംഗമല്ലാതിരിക്കുമ്പോഴും പാർട്ടി ഏൽപിച്ച എല്ലാ ഉത്തരവാദിത്തവും നിറവേറ്റി. പാർട്ടി വൃത്തത്തിനുള്ളിൽനിന്ന് ഒരിക്കലും ശശി പുറത്തുപോയില്ല. ഇതിൻ്റെ ഫലമായാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി അദ്ദേഹത്തിന് നിയമനം ലഭിച്ചത്. ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ അച്ചുതണ്ടാണ് പി.ശശി. അദ്ദേഹത്തിനെതിരെ ആർക്കും ശബ്ദിക്കാൻ ധൈര്യമില്ല. മുമ്പ് നായനാരുടെ സെക്രട്ടറിയായിരിക്കുമ്പോഴും ഇതായിരുന്നു അവസ്ഥ.
ധനമന്ത്രി കെ എൻ ബാലഗോപാൽ വി.എസിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. എന്നാൽ വ്യത്യസ്തമായ പ്രവർത്തനമാണ് ബാലഗോപാൽ കാഴ്ചവച്ചത്.അതിനാൽ തന്നെ പരാതികൾ കുറവായിരുന്നു. വി എസിൻ്റെ പ്രവർത്തന രീതിക്കും പിണറായിയുമായി ബന്ധമുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ കെ എൻ ബാലഗോപാൽ സമാധാനത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ചത്. എം.ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടത്തിയ പ്രവർത്തനങ്ങൾ വിവാദമായപ്പോഴാണ് പി.ശശിയെ പിണറായി കൊണ്ടുവന്നത്. ഇത് ഭരണപരമായ സൗകര്യത്തിന് ഗുണകരമായെങ്കിലും പോലീസ് ശശിയുടെ പോക്കറ്റിലായി. പോലീസ് വിവാദങ്ങളിൽ പെട്ടപ്പോഴൊക്കെ ശശിയുടെ പേരും നിഴൽ പോലെ പിന്തുടർന്നു. ഇതു രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിലേക്ക് പി. ശശി എത്തുന്നത്. ഇ.കെ.നായനാരുടെ അവസാന മന്ത്രിസഭയുടെ കാലത്തായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഊഴം. മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും ഭരണത്തിന്റെയും നിയന്ത്രണം അദ്ദേഹത്തിലൂടെ പൂർണമായി പാർട്ടി ഏറ്റെടുത്ത കാലമായിരുന്നു അത്. ഇപ്പോൾ പിണറായി വിജയനാണ് മുഖ്യമന്ത്രി. ഭരണത്തിന്റെ മാത്രമല്ല പാർട്ടിയുടെ കടിഞ്ഞാണും പൂർണമായി അദ്ദേഹത്തിന്റെ കൈകളിൽത്തന്നെയാണ്. ഭരണത്തിന്റെ സമസ്തമേഖലകളിലും പിണറായിയുടെ അദൃശ്യ സാന്നിധ്യം ഉറപ്പുവരുത്തുകയെന്നതാണ് പി. ശശിയുടെ ഇപ്പോഴത്തെ ദൗത്യമെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ സിവിക് ചന്ദ്രൻ ഒരിക്കൽ വിലയിരുത്തിയിരുന്നു.
ശശിയെ സംബന്ധിച്ചടത്തോളം പിണറായി മാത്രമാണ് എല്ലാം. പിണറായിക്ക് അപ്പുറത്തേക്ക് ശശി ഒന്നും ചിന്തിക്കുന്നില്ല. പിണറായിയുടെ സംരക്ഷണം മാത്രമാണ് ശശിക്ക് മുന്നിലുള്ള ഏക ലക്ഷ്യം.
പോലീസെന്നല്ല ആർക്കുവേദനയുണ്ടായാലും മുഖ്യൻ്റെ ഓഫീസ് പ്രവർത്തനം ഇത്തരത്തിൽ തന്നെ മുന്നോട്ടു പോകുമെന്നാണ് സി പി എം പ്രവർത്തകർ പറയുന്നത്. കാരണം മാധ്യമങ്ങൾക്കും മറ്റും എതിരെയുള്ള നീക്കങ്ങൾ സി പി എം അണികളെ ഉത്തേജിപ്പിക്കുന്നുണ്ട്. അവർ പ്രസ്തുത നീക്കങ്ങളെ കൈയടികളോടെയാണ് സ്വീകരിക്കുന്നത് .മാധ്യമങ്ങൾ സി പി എമ്മിനോട് കാണിക്കുന്ന നിഷേധാത്മക സമീപനങ്ങളിൽ ക്രുദ്ധരാണ് പ്രവർത്തകർ. പാർട്ടിക്ക് അപ്പുറമുള്ള മറ്റൊരു സത്യത്തിലും വിശ്വസിക്കാത്ത ഇവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിനോ അവർ നടത്തുന്ന പ്രവർത്തനങ്ങളോടോ ഒരു വിയോജിപ്പുമില്ല.
പ്രതികളെ പിടി കൂടിയില്ലെങ്കിൽ പോലീസിന് നാണക്കേടാവും. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പോലീസ് ഉന്നതരെ അറിയിച്ചിട്ടുണ്ട്. പോലീസിനെതിരെ ട്രോളുകൾ പെരുകുകയാണ്. പ്രതികളെ പിടി കൂടിയില്ലെങ്കിൽ പ്രതികൾ സി പി എമ്മുകാർ ആണെന്ന് ആരോപണം ഉയരുമെന്നും പാർട്ടി സംശയിക്കുന്നു. പഴുതടച്ച പരിശോധന നടക്കുമ്പോൾ തന്നെ കുട്ടിയെ തട്ടി കൊണ്ടുപോയ സംഘം അതേ കാറിൽ കൊല്ലത്ത് സഞ്ചരിച്ചിരുന്നു എന്നാണ് വാർത്തകൾ വരുന്നത്.പ്രതിയായ സ്ത്രീ ഓട്ടോയിൽ സഞ്ചരിച്ചു. പ്രതിയായ സ്ത്രീ സാമ്പത്തിക കുറ്റവാളിയാണെന്ന് പോലീസ് കണ്ടെത്തി.പകൽ വെട്ടത്തിൽ കുട്ടിയെ തട്ടികൊണ്ടുപോവുകയും പകൽ സമയത്ത് ഉപേക്ഷിക്കുകയും ചെയ്തിട്ടും പോലീസിന് ഒന്നും ചെയ്യാനായില്ല... എത്രയും വേഗം പ്രതികളെ കണ്ടെത്താനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഇല്ലെങ്കിൽ സർക്കാർ മോശക്കാരാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്.
കുട്ടിയെ കിട്ടിയതിൽ പോലീസ് സന്തോഷിക്കുന്നുണ്ടെങ്കിലും വലിയ നിരാശയാണ് എം.ആർ. അജിത് കുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കുള്ളത്. നാണം കെട്ടു എന്ന് തന്നെയാണ് പോലീസ് വിശ്വസിക്കുന്നത്. എന്നാൽ പ്രതിപക്ഷം പോലും പോലീസിനെതിരെ രംഗത്ത് എത്തിയിട്ടില്ല. ഇത്തരം ഒരു സാഹചര്യത്തെ ദോഷകരമായി ഉപയാഗിക്കാൻ പ്രതിപക്ഷം തയ്യാറല്ല. യഥാർത്ഥത്തിൽ മാധ്യമങ്ങളുടെ കണ്ണിൽ എണ്ണയൊഴിച്ചുള്ള കാത്തിരിപ്പാണ് സ്ഥലമായത്. മാധ്യമങ്ങൾ കൃത്യമായി ഇക്കാര്യം ഫോളോ ചെയ്തില്ലായിരുന്നെങ്കിൽ പോലീസ് ഉൾപ്പെടെ ഇത് ഉപേക്ഷിച്ചേനെ.
അബിഗേൽ സാറയെന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീയെകുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞെങ്കിലും അതിലുംനിർണായക പുരോഗതി ഉണ്ടായിട്ടില്ല. കല്ലമ്പലം ഞെക്കാട് വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയെന്നാണ് പൊലീസിന് സംശയം. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഞെക്കാട്ടെ വാടകവീട്ടിൽ പൊലീസ് പരിശോധന നടന്നുവരികയാണ്. സ്ത്രീയുടെ ഫോട്ടോ കുട്ടിയെ കാണിച്ച് വ്യക്തത വരുത്താനാണ് പൊലീസിന്റെ തീരുമാനം. ഞെക്കാട്ടെ വീട്ടിൽ പൊലീസ് പരിശോധിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
കല്ലമ്പലം ഞെക്കാട്ടെ വീട്ടിലാണ് പരിശോധന. ഈ വീട്ടിൽ താമസിച്ചുവരുന്ന സ്ത്രീയെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. ചിട്ടിയുൾപ്പെടെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നയാളാണ് സ്ത്രീ. ഇതും പൊലീസിൻ്റെ അന്വേഷണ പരിധിയിലുണ്ട്. എന്നാൽ ഈ വീട്ടിൽ കഴിഞ്ഞ നാല് ദിവസമായി ആളില്ലെന്നാണ് വീട്ടുടമ പറയുന്നത്. നാല് ദിവസമായി അവരെ കാണാനില്ല. ഇവർക്ക് ലോട്ടറി കച്ചവടവുമുണ്ടെന്ന് മൊഴിയിലുണ്ട്. സ്ത്രീയുടെ ഫോട്ടോ കുട്ടിയെ കാണിക്കാനായി കൊല്ലത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. കുട്ടിയെ കാണിച്ച് സ്ഥിരീകരിക്കാനാണ് പൊലീസിന്റെ ശ്രമം. കുട്ടിയെ കിട്ടിയതോടെ പ്രതികൾ രക്ഷപ്പെട്ടു എന്നാണ് കേരളം കരുതുന്നത്.
സംസ്ഥാന പോലീസിൽ അതിരൂക്ഷമായ ദിന്നത നിലനിൽക്കുന്നുണ്ട്.
ഡിജിപിയായി പരിഗണിക്കാന്‍ അഞ്ച് ഉന്നത ഐപിഎസ് ഓഫീസര്‍മാരുടെ പട്ടികയാണ് സംസ്ഥാനം യുപിഎസ് സിയ്ക്ക് കൈമാറിയത്. എഡിജിപിമാരായ പദ്‌മകുമാര്‍, ഷേക്ക് ദര്‍വേഷ് സാഹിബ്, ടി.കെ. വിനോദ്‌കുമാര്‍, സഞ്ജീവ് പട്‌ജോഷി, യോഗേഷ് ഗുപ്‌ത എന്നിവരുടെ പേരുകളാണ് കൈമാറിയത്.
സംസ്ഥാനം കൈമാറിയ പട്ടികയില്‍ നിന്ന് പരിശോധന നടത്തി മൂന്നു പേരുടെ ലിസ്റ്റാണ് യുപിഎസ് സി തിരിച്ചയക്കുക. ഈ മൂന്നു പേരില്‍ നിന്ന് ഒരാളെ സംസ്ഥാനത്തിനു പരിഗണിക്കാം. സീനിയോറിറ്റി പ്രകാരം പദ്മകുമാറിനായിരുന്നു സാധ്യത . എന്നാൽ അദ്ദേഹം സര്‍ക്കാരിനു സമ്മതനായിരുന്നില്ല.
യുപിഎസ് സി തിരിച്ചയക്കുന്ന ലിസ്റ്റില്‍ നിന്ന് സര്‍ക്കാരിനു ആരെ വേണമെങ്കിലും പരിഗണിക്കാന്‍ കഴിയും. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യം പരമപ്രധാനമാണ്. ഡിജിപി അനില്‍കാന്തിന്റെ നിയമനവും തെളിയിച്ചത് അത് തന്നെയാണ്. ബി.സന്ധ്യയും സുധേഷ് കുമാറും അടക്കമുള്ളവര്‍ സീനിയോറിറ്റി പട്ടികയിലുണ്ടായിരുന്നു.
എന്നാല്‍പലവിധ കാരണങ്ങളാല്‍ സീനിയോറിറ്റി മറികടന്നാണ് എഡിജിപിയായിരുന്ന അനില്‍കാന്തിനെ നിയമിച്ചത്. അന്ന് പരിഗണിക്കപ്പെടാന്‍ സന്ധ്യയും സുധേഷ് കുമാറുമല്ലാതെ ഒരാളുടെ പേര് കൂടിയുണ്ടായിരുന്നു. സീനിയോറിറ്റിയിൽ രണ്ടാമനായ ടോമിൻ ജെ.തച്ചങ്കരിയുടെ പേര്. തച്ചങ്കരിയുടെ പേര് വെട്ടിയതില്‍ പ്രധാനമായത് അന്നത്തെ ഡിജിപിയായിരുന്ന ലോക്നാഥ് ബഹ്റയുടെ നിലപാടാണ്.
യുപിഎസ്‌സി യോഗത്തിൽ ലോക്നാഥ് ബഹ്റ തച്ചങ്കരിക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. അദ്ദേഹത്തിനു എതിരായ കേസുകളും തിരിച്ചടിയായി. തുടര്‍ന്നാണ് യുപിഎസ്‌സി സംസ്ഥാന സർക്കാരിനു 3 പേരുടെ പട്ടിക നൽകിയത്. ആ പട്ടികയില്‍ നിന്നാണ് അനില്‍ കാന്തിനെ നിയമിച്ചത്.
അനില്‍കാന്ത് 2021ലാണ് ഡിജിപിയായി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുക്കപ്പെട്ടതിന്റെ അടുത്ത മാസമാണ് അദ്ദേഹത്തിനു ഡിജിപി റാങ്ക് ലഭിച്ചത്. നിയമനത്തിനു പരിഗണിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിനു ഏഴു മാസത്തെ സര്‍വീസ് കാലാവധിയുണ്ടായിരുന്നു. ഡിജിപിയായപ്പോള്‍ അദ്ദേഹത്തിന്റെ കാലാവധി സര്‍ക്കാര്‍ രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടുകയായിരുന്നു.. ഇക്കുറി ദർവേഷ് സാഹിബിനെ നിയമിച്ചതും സീനിയോറിറ്റി മറികടന്നായിരുന്നു. ഒരു കാലത്ത് പിണറായിയുടെ വിശ്വസ്തൻ ആയിരുന്ന ടോമിൻ തച്ചങ്കരി ആരോരുമറിയാതെ സർവീസിൽ നിന്നും വിരമിച്ചു. ഇപ്പോൾ പത്മകുമാർ തച്ചങ്കരിയെ പോലെ അസംതൃപ്തനാണ്. ഇതെല്ലാം പോലീസ് ഭരണത്തിൽ പ്രതിഫലിക്കുന്നുണ്ട്.
എം.ആർ. അജിത് കുമാറാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തൻ. ഇതിൽ ഉന്നത ഉദ്യോഗസ്ഥരിൽ പലർക്കും വിരോധമുണ്ട്. ഇതാണ് അജിത് കുമാറിന് എതിരായ നിക്കങ്ങളിൽ പ്രതിഫലിക്കുന്നത്. ഇഷ്ടമില്ലാത്ത അച്ചി ചെയ്യുന്നതെല്ലാം തെറ്റ് എന്ന് പറയുന്നതു പോലെ അജിത് കുമാർ ചെയ്യുന്നതൊന്നും പലർക്കും പിടിക്കുന്നില്ല.
https://www.facebook.com/Malayalivartha