മങ്കയം കൊലപാതകം: മൃതദേഹം തിരിച്ചറിഞ്ഞു, നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോടിനടുത്ത് ബാലുശേരിയില്‍ മങ്കയം നെട്ടന്‍പറച്ചാലിലെ റബര്‍ എസ്‌റ്റേറ്റില്‍ മുഖം കത്തിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം നരിക്കുനി കല്‍ക്കുടുമ്പ് പിലാത്തോട്ടത്തില്‍ രാജന്റേത് ആണെന്നു തിരിച്ചറിഞ്ഞു.
ഇക്കഴിഞ്ഞ 20-നു രാത്രി രാജനെ (44) സഹോദരപുത്രനും രണ്ടു സുഹൃത്തുക്കളും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം റബര്‍ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നെന്നു പൊലീസ് കണ്ടെത്തി. രാജന്റെ ഭാര്യ വി.എം. ഷീബ (31), രാജന്റെ ജ്യേഷ്ഠ സഹോദരപുത്രന്‍ എ.എം. ലിബിന്‍ (27), ഇയാളുടെ സുഹൃത്തുക്കളായ കല്‍ക്കുടുമ്പില്‍ പിലാത്തോട്ടത്തില്‍ പുറായില്‍ വിപിന്‍ (22), കിഴക്കെ കുറുമ്പൊയില്‍ സദാനന്ദന്‍ എന്ന ആനന്ദന്‍ (43) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
മുന്‍പു രണ്ടു തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടും നടക്കാതെ പോയിരുന്നു. കൊലപ്പെടുത്തിയ ശേഷം ആളെ തിരിച്ചറിയാതിരിക്കാനായി മുഖം കത്തിച്ചു വികൃതമാക്കിയതിനാല്‍ അന്വേഷണത്തില്‍ പൊലീസ് ഏറെ വെല്ലുവിളി നേരിട്ടെന്നു ഡിവൈഎസ്പി ആര്‍. ശ്രീകുമാര്‍ പറഞ്ഞു.
കേസിനെ കുറിച്ചുള്ള പൊലീസ് ഭാഷ്യം ഇങ്ങനെയാണ്. രാജന്റെ ഭാര്യ ഷീബയുമായി രാജന്റെ ചേട്ടന്റെ മകനായ ലിബിനുണ്ടായിരുന്ന അവിഹിത ബന്ധം അറിഞ്ഞ രാജന്‍ ഇതേക്കുറിച്ച് ഇരുവരുമായും കലഹിച്ചിരുന്നു. സ്വന്തം വീട്ടുകാരുമായി തെറ്റിയ ലിബിന്‍ അഞ്ചു വര്‍ഷമായി രാജന്റെ വീട്ടിലാണു താമസം. വീടു പുതുക്കിപ്പണിതെങ്കിലും രാജന്‍ ഇവിടെ താമസിക്കാതെ സമീപത്തെ ചെറിയൊരു ഷെഡിലാണു കഴിഞ്ഞിരുന്നത്. കൊലപാതകത്തിനു രണ്ടു ദിവസം മുന്‍പു രാജനും പ്രതികളും തമ്മില്‍ തര്‍ക്കമുണ്ടായി.
രാജന്റെ വീട്ടില്‍ ലിബിനും വിപിനും സദാനന്ദനും മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴാണു രാജന്‍ എത്തുന്നതും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും. ഇതിനു ശേഷം ഷീബയുടെ അറിവോടെയും സമ്മതത്തോടെയുമാണു പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത്. നേരത്തെ രണ്ടുതവണ രാജനെ വീട്ടിലേക്കുള്ള വഴിയില്‍ നിന്നു താഴ്ചയിലേക്കു തള്ളിയിട്ടു കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. പക്ഷേ അതു നടന്നില്ല.
എന്നാല്‍ ഷീബയുടെ അമ്മ ശബരിമല തീര്‍ഥാടനത്തിനായി പോകുന്ന ഇക്കഴിഞ്ഞ 20-ാം തീയതി രാജന്‍ ഇവരുടെ കാരുകുളങ്ങരയിലെ വീട്ടില്‍ എത്തിയിരുന്നു. ഇവിടെനിന്ന് ഉച്ചയോടെ ലിബിനു പെണ്ണുകാണാന്‍ തലയാട് പോകണമെന്നു പറഞ്ഞു കാറില്‍ വിപിനൊപ്പം രാജനെയും കയറ്റി. ബ്രോക്കര്‍ കൂടിയായ കോമരം സദാനന്ദനെ വഴിയില്‍നിന്ന് ഒപ്പം കൂട്ടി. തലയാട്ടെ കള്ളുഷാപ്പില്‍നിന്നു കള്ളുവാങ്ങി അതില്‍ കീടനാശിനി കലക്കി നല്‍കി. എന്നാല്‍, കള്ള് കുടിക്കില്ലെന്നു രാജന്‍ പറഞ്ഞതോടെ ഇവര്‍ കരിക്കാംകുളത്തു പോയി വിദേശമദ്യം വാങ്ങി തിരികെ മങ്കയത്ത് എത്തി.
മരുതിന്‍ ചുവട്ടില്‍ വച്ച് ഇവര്‍ മദ്യപിച്ചു. ശേഷം രാജന്റെ കണ്ണില്‍ വിപിന്‍ മുളകു പൊടി എറിഞ്ഞു. ലിബിന്‍ പിന്നില്‍നിന്നു ഹാമര്‍ കൊണ്ടു തലയ്ക്കടിച്ചു. രാജനെ ആശുപത്രിയില്‍ കൊണ്ടുപോകാമെന്നു പറഞ്ഞ് കാറില്‍ കയറ്റി. കാറില്‍ വച്ചു പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ചു കഴുത്തില്‍ കുരുക്കിട്ടു. മരിച്ചെന്നു കരുതി റബര്‍ എസ്‌റ്റേറ്റില്‍ ഉപേക്ഷിച്ചു. തിരിച്ചറിയാതിരിക്കാന്‍ പെട്രോള്‍ ഒഴിച്ചു മുഖം കത്തിച്ചു. ശേഷം കാര്‍ കഴുകി ഇവര്‍ രക്ഷപ്പെട്ടു.
പിറ്റേദിവസം പുലര്‍ച്ചെ റബര്‍ എസ്‌റ്റേറ്റില്‍ ടാപ്പിങ്ങിന് എത്തിയ തൊഴിലാളികളാണു മൃതദേഹം കണ്ടത്. കൃത്യം നടത്തി രണ്ടു ദിവസത്തിനു ശേഷമാണു ലിബിന്‍ ഷീബയോടു കൊലപാതക വിവരം പറഞ്ഞത്. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ തിരിച്ചറിയാനാകാത്ത ആ മൃതദേഹം ആരുടേതാണെന്നു കണ്ടെത്താന്‍ പൊലീസ് ഓരോ വിവരവും ഇഴകീറി ആഴത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണു രാജനെ കാണാനില്ലെന്ന വിവരം ലഭിച്ചത്. ഭര്‍ത്താവ് ദൂരെ സ്ഥലത്തു ജോലിക്കു പോയെന്നായിരുന്നു ഷീബയുടെ വിശദീകരണം. ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോള്‍ ഷീബ മൃതദേഹം തന്റെ ഭര്‍ത്താവിന്റേതല്ലെന്ന നിലപാടിലായിരുന്നു.
കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണു കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി ബന്ധുക്കള്‍ മൃതദേഹത്തിലെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞു. മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















