ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ ചാത്തനൂരിലെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് തുടങ്ങി; തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള വെള്ള കാർ കസ്റ്റഡിയില്‍ എടുക്കും:- തെളിവെടുപ്പ് സംഘത്തോടൊപ്പം, ഫോറന്‍സിക്ക് സംഘവും: കുട്ടിയെ താമസിപ്പിച്ച മുറിയിലടക്കം തെളിവെടുപ്പ് നടത്തും; കുട്ടിയെ തട്ടിക്കൊണ്ട് പോയത് റൂട്ട് മാപ്പ് തയ്യാറാക്കി...
രണ്ട് ദിവസത്തെ കസ്റ്റഡി ചോദ്യം ചെയ്യലിന് ശേഷം, ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ ചാത്തനൂരിലെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് തുടങ്ങി. ആദ്യം പത്മകുമാറിനെയാണ് വീട്ടിലേയ്ക്ക് എത്തിച്ചത്. തൊട്ട് പിന്നാലെയാണ് രണ്ടും മൂന്നും പ്രതികളായ അനിത കുമാരിയെയും, മകള്‍ അനുപമയെയും എത്തിച്ചത്. മുഖം ഷാള് കൊണ്ട് മറച്ച് വികാര നിര്‍ഭരരായാണ് ഇരുവരും ഇവിടേയ്ക്ക് എത്തിയത്. ചാത്തനൂരിലെ ഈ വീട്ടില്‍ വച്ചാണ് ഒരു വര്‍ഷം മുമ്പ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള പദ്ധതി ഇട്ടത്.
തുടര്‍ന്ന് ഒരു മാസം മുമ്പാണ് ഇതിന്റെ മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കിയതെന്ന് വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ്, അതീവ സുരക്ഷാ അകമ്പടിയോടുകൂടി മൂന്ന് പ്രതികളെയും ചാത്തനൂരിലെ കവിതാ രാജില്‍ എത്തിച്ചത്. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള സ്വിഫ്റ്റ് ഡിസൈര്‍ വെള്ള കാര്‍ ഇപ്പോഴും വീട്ട് മുറ്റത്ത് തന്നെയുണ്ട്. ഫോറന്‍സിക്ക് സംഘം ഇതിന് മുമ്പേ തന്നെ ഇവിടെ എത്തി പരിശോധനകള്‍ അടക്കം നടത്തിയിരുന്നു. ഫോറന്‍സിക്ക് സംഘവും ഈ തെളിവെടുപ്പ് സംഘത്തോടൊപ്പം ഉണ്ട്. ഈ തെളിവെടുപ്പ് നടപടികള്‍ക്ക് ശേഷം കാര്‍ കസ്റ്റഡിയില്‍ എടുക്കും.
ഈ കാറിലാണ് കുട്ടിയെ ഓയൂരിലെ കാറ്റാടിയില്‍ നിന്ന് തട്ടിക്കൊണ്ട് പോയത്. ചാത്തനൂരിലെ ഈ വീട്ടില്‍ തന്നെയാണ് കുട്ടിയെ രഹസ്യമായി പാര്‍പ്പിച്ചതെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. അങ്ങനെയാണെങ്കില്‍ കുട്ടിയെ താമസിപ്പിച്ച മുറിയിലടക്കം തെളിവെടുപ്പ് നടത്തും.
ഈ കേസുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും രേഖകള്‍ പിടിച്ചെടുക്കേണ്ടതുണ്ടെങ്കില്‍ അത് ശേഖരിക്കും. മൊഴി പ്രകാരമുള്ള പല കാര്യങ്ങളിലും പരിശോധന നടത്തും. ഈ കേസിനെ സംബന്ധിച്ചിടത്തോളം ഗൂഡാലോചന നടന്ന ഏറ്റവും സുപ്രധാനമായ സ്ഥലമാണ് ഈ വീട്. ഇതിന് ശേഷം പ്രതികളെ കൊണ്ട് പോകുന്നത് കാറ്റാടിയിലെ കുട്ടിയുടെ ട്യൂഷന്‍ സെന്ററിന് അടുത്തേയ്ക്ക് ആയിരിക്കും.
പ്രതികളുടെ മൊഴികളിലെ വൈരുധ്യം ഇപ്പോഴും തുടരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി. പത്ത് ലക്ഷം രൂപയ്ക്ക് വേണ്ടിയാണ് തട്ടിക്കൊണ്ട് പോയതെന്ന് പറയുമ്പോഴും, എന്താണ് ഈ പണത്തിനുള്ള അത്യാവശ്യം എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ആസൂത്രണത്തിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.
റൂട്ട് മാപ്പ് തയ്യാറാക്കിയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഓയൂരില്‍ നിന്ന് വിവിധ റോഡുകളിലേയ്ക്ക് റൂട്ട് മാപ്പ് തയ്യാറാക്കി. പ്രതികളുടെ ഫോണില്‍ നിന്നാണ് റൂട്ട് മാപ്പ് കണ്ടെത്തിയത്. സിസിടിവി സ്ഥലങ്ങള്‍ പോലും അടയാളപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha