എ ഗ്രൂപ്പിനും ലീഗിനും എതിരെ കച്ചമുറുക്കി ഐ ഗ്രൂപ്പ്, ലക്ഷ്യം മുഖ്യമന്ത്രി പദം തന്നെ

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വരുന്നതിന് മുന്നോടിയായി ഐ ഗ്രൂപ്പ് ലീഗിനും എ ഗ്രൂപ്പിനും എതിരെ കച്ചമുറുക്കി ഇറങ്ങി. കുഞ്ഞാലിക്കുട്ടിയുടെ കോഴിക്കോട്ടെ വിമര്‍ശനത്തിനെതിരെ കെ.മുരളീധരന്‍ ഇന്നലെ പരസ്യമായി രംഗത്ത് വന്നത് ഇതിന്റെ തുടക്കമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌പോരുകളുണ്ടാകും. ലീഗിനെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് ഐ ഗ്രൂപ്പ് സോണിയയോട് ആവശ്യപ്പെടും. ഉമ്മന്‍ചാണ്ടിയാണ് ലീഗിന് സംരക്ഷണം നല്‍കുന്നതെന്നും അവര്‍ ബോധ്യപ്പെടുത്തും. ലീഗിലൂടെ മുഖ്യമന്ത്രിയെയാണ് ലക്ഷ്യം വയ്‌ക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനും അദ്ദേഹത്തിന്റെ ജീവനക്കാര്‍ക്കുമെതിരെ നിരന്തരം വിവാദങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്ന് ഐ ഗ്രൂപ്പ് പറയുന്നു. പക്ഷെ, ലക്ഷ്യം മുഖ്യമന്ത്രി പദം തന്നെ.
ടി.പി വധവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച എ ഗ്രൂപ്പ് നേതാവ് പി.ടി തോമസിനെതിരെ ഇടുക്കിയില്‍ ഐ ഗ്രൂപ്പ് രംഗത്തെത്തി. പി.ടി തോമസിനെ വഴിയില്‍ തടയുന്നത് ഉള്‍പ്പെടെയുള്ള പരിപാടികളുമായി മുന്നോട്ട് പോകാന്‍ കട്ടപ്പനയില്‍ ചേര്‍ന്ന രഹസ്യ യോഗം തീരുമാനിച്ചു. രമേശിനെതിരെ നടത്തിയ പ്രസ്‌താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് അവരുടെ ആവശ്യം. ടി.പി കേസില്‍ ഗൂഢാലോചന നടന്നെന്ന് ജനങ്ങള്‍ക്ക് സംശയമുണ്ട്. അതിനാല്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് കോഴിക്കോട് ഡി.സി.സി യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. പക്ഷെ, അത് അംഗീകരിക്കാന്‍ പ്രസിഡന്റ് കെ.സി അബു തയ്യാറായില്ല. ഇതും ഐ ഗ്രൂപ്പിനെ ചൊടിപ്പിച്ചു.
എ ഗ്രൂപ്പിനെതിരായ നീക്കത്തിന്റെ ഭാഗമായി രാജീവ് ഗാന്ധി യൂത്ത് സ്റ്റഡി ഫോറം എന്ന പേരിലാണ് ഐ ഗ്രൂപ്പ് വിവിധ ജില്ലകളില്‍ യോഗം ചേരുന്നത്. ഉമ്മന്‍ചാണ്ടിയുടെ മകനും മറ്റുമെതിരെ ഇതുവരെ വിമര്‍ശനം ഉന്നയിച്ചില്ലെങ്കിലും ഹൈക്കമാന്‍ഡിനെയും സോണിയാ ഗാന്ധിയെയും ഇക്കാര്യം രേഖകള്‍ സഹിതം ധരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha