അമ്പലമുക്ക് വിനിത കൊലക്കേസ്: വിചാരണ തുടങ്ങി...പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പനശാലാ ജീവനക്കാരിയുടെ മാല പ്രതി തന്റെ ഫൈനാന്സില് പണയം വച്ചിരുന്നതായി സാക്ഷി

അമ്പലമുക്ക് വിനിത കൊലക്കേസ്: വിചാരണ തുടങ്ങി...പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പനശാലാ ജീവനക്കാരിയുടെ മാല പ്രതി തന്റെ ഫൈനാന്സില് പണയം വച്ചിരുന്നതായി സാക്ഷി
നാല് പവന് തൂക്കമുളള മാലയക്ക് പ്രതി 92,000 രൂപ വാങ്ങിയെന്നും സാക്ഷി മൊഴി നല്കി. തിരുനെല്‍വേലി ലവഞ്ചി പുരം സ്വദേശിയും തമിഴ്നാട് അഞ്ചു ഗ്രാമം ഭാരത് ഫിനാന്‍സ് ഉടമയുമായ പളനിസ്വാമിയാണ് കോടതിയില്‍ മൊഴി നല്‍കിയത്. ദളപതി മോഡല്‍ ഫാഷനിലുള്ള സ്വര്‍ണ്ണമാല പണയം വയ്ക്കാന്‍ എത്തിയപ്പോള്‍ പ്രതിയുടെ വലത് കൈയിലെ മുറിവ് കെട്ടി വച്ചിരുന്നതായും സാക്ഷി പറഞ്ഞു.
പ്രതി 2022 ഫെബ്രുവരി ഏഴിനാണ് പണയം വച്ചത്. 12-ാം തീയതി പോലീസ് പ്രതിയുമായി എത്തി പണയം വച്ചിരുന്ന മാല മടക്കി വാങ്ങിയെന്നും സാക്ഷി കോടതിയെ അറിയിച്ചു. കോടതിയില്‍ വച്ച് സാക്ഷി പ്രതി പണയം വച്ച മാലയും പ്രതിയായ കന്യാകുമാരി തോവാള വെളളമഠം സ്വേദേശിയുമായ രാജേന്ദ്രനെയും തിരിച്ചറിഞ്ഞു. ഏഴാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂന്‍ മോഹനാണ് കേസ് പരിഗണിച്ചത്.
നെടുമങ്ങാട് കരിപ്പൂര്‍ ചരുവളളികോണത്ത് വിനീതയാണ് കൊല്ലപ്പെട്ടത്.
വിനീതയുടെ കഴുത്തില്‍ കിടന്ന നാല് പവന് മാല കവരുന്നതിനു വേണ്ടിയാണ് പ്രതി കൊലപാതകം ചെയ്തതെന്നാണ്പ്രോസിക്യൂഷന് കേസ്. സ്വര്‍ണ്ണം പണയം എടുക്കാനുളള ലൈസന്‍സ് നിങ്ങളുടെ സ്ഥാപനത്തിന് ഇല്ലെന്ന് പ്രതിഭാഗം ആരോപിച്ചപ്പോള്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് കോടതിയില്‍ സാക്ഷി ഹാജരാക്കി.
പ്രതി ജോലി ചെയ്തിരുന്ന പേരൂര്‍ക്കടയിലെ കുമാര്‍ ടീ സ്റ്റാള്‍ ഉടമ ഇസക്കി പാണ്ടിയും പ്രതിയെ കോടതിയില്‍ തിരിച്ചറിഞ്ഞു. സംഭവ ദിവസം പ്രതി രാവിലെ 10 ന് കടയിലെത്തി കാപ്പി കുടിച്ചു മടങ്ങിയതായി സാക്ഷി മൊഴി നല്കി. പ്രതി രാവിലെ കടയിലേക്ക് വരുന്നതിന്റെയും മടങ്ങി പോകുന്നതിന്റെയും സി. സി.ടി.വി ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചതും സാക്ഷി കണ്ട് തിരിച്ചറിഞ്ഞു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീനും പ്രതിക്കു വേണ്ടി അഡ്വക്കേറ്റ് സന്തോഷ് മഹാദേവും ഹാജരായി.
2022 ഫെബ്രുവരി ആറിനായിരുന്നു തിരുവനന്തപുരം നഗരത്തെ നടുക്കിയ സംഭവം. കടുത്ത ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളപ്പോഴാണ് രാജേന്ദ്രന് പട്ടാപകല്‍ വനിതയെ നഗരഹൃദയത്തില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. വിനിതയുടെ സ്വര്‍ണമാല കവര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു കൊലപാതകം. അമ്പലമുക്ക് കുറവന്‍കോണം റോഡിലെ 'ടാബ്സ് അഗ്രി ക്ലിനിക്' എന്ന സ്ഥാപനത്തില്‍ ചെടികള്‍ക്ക് വെള്ളം ഒഴിക്കാന്‍ എത്തിയ വിനീതയെ തമിഴ്നാട്ടില്‍നിന്നും പേരൂര്‍ക്കടയിലെ ടീ സ്റ്റാള്‍ ജീവനക്കാരനായിരുന്ന രാജേന്ദ്രന് ചെടി വാങ്ങാനെന്ന വ്യാജേനയെത്തി കൊലപ്പെടുത്തുകയായിരുന്നു.
രണ്ടുവര്‍ഷം മുമ്പ് ഹൃദ്രോഗ ബാധിതതിനായി ഭര്‍ത്താവ് മരിച്ച വിനിത കൃത്യത്തിന് ഒമ്പത് മാസം മുമ്പാണ് ഈ സ്ഥാപനത്തില്‍ ജോലിക്കെത്തിയത്. അലങ്കാരച്ചെടി വില്‍പ്പന കേന്ദ്രത്തിലെത്തിയ രാജേന്ദ്രന് തന്റെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിനീതയെ കഴുത്തില്‍ കുത്തികൊലപ്പെടുത്തിയ ശേഷം സ്വര്‍ണമാലയുമായി രക്ഷപ്പെട്ട ഇയാളെ ഫെബ്രുവരി 11 ന് തിരുനല്‍വേലിക്ക് സമീപമുള്ള കാവല്‍ കിണറില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിനിത ധരിച്ചിരുന്ന സ്വര്‍ണമാല കാവല്‍ കിണറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചിരുന്നത് പോലീസ് കണ്ടെടുത്തിരുന്നു.
പേരൂര്‍ക്കട പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന വി സജികുമാര്‍, കണ്ടോണ്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ വി എസ് ദിന രാജ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും, ശാസ്ത്രീയമായ തെളിവുകളും, സൈബര്‍ തെളിവുകളുമാണ് പ്രോസിക്യൂഷന് ആശ്രയിക്കുന്നത്. 118 സാക്ഷിമൊഴികളും,158 രേഖകളും,75 തൊണ്ടിമുതലുകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി.
സമാനസ്വഭാവമുള്ള മൂന്ന് കൊലപാതകങ്ങള്‍ തമിഴ്നാട്ടില്‍ ചെയ്തശേഷം ജാമ്യത്തില്‍ കഴിയവെയാണ് പ്രതി പേരൂര്‍ക്കടയിലെ കൊലപാതകം നടത്തിയത്. തമിഴ്നാട് തിരുനെല്‍വേലി ആരുല്‍വാമൊഴി വെള്ളമടം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യ , ഭാര്യ വാസന്തി, മകള്‍ അഭിശ്രീ (13) എന്നിവരെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസിലും പ്രതിയാണ് രാജേന്ദ്രന്.
https://www.facebook.com/Malayalivartha

























