കാനഡയിൽ മലയാളിക്ക് പൂട്ട്... ലൈംഗികാതിക്രമ കേസിൽ അഞ്ച് കുറ്റങ്ങൾ; കൂടുതൽ പരാതിക്കാരുണ്ടാകാമെന്ന് പൊലീസ്

കാനഡയിൽ വേലത്തരം കാണിച്ച യുവാവിനെ പൂട്ടി. മലയാളിയായ 44കാരൻ ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായി. പിന്നാലെ പുറത്തുവന്ന കർശന നിയന്ത്രണങ്ങളാണ് ഇപ്പോൾ വാർത്തയാകുന്നത്. ഇയാൾക്കെതിരെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതിലും ഗൗരവമുള്ള കാര്യം, സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുള്ള കൂടുതൽ പേർ പരാതിയുമായി എത്തിയേക്കാമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ എഡ്മന്റനിലാണ് സംഭവം. ജോസ് മാജോ പുലിക്കോട്ടിൽ എന്ന 44കാരനെയാണ് എഡ്മന്റൻ പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 17നാണ് ഇയാൾക്കെതിരെ ആദ്യ പരാതി ലഭിക്കുന്നത്. ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെ തന്റെ സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നായിരുന്നു ഒരു യുവതിയുടെ പരാതി.
ഈ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരു യുവതിയും പൊലീസിനെ സമീപിച്ചത്. 2016ൽ താൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായിരിക്കെ പ്രതിയിൽനിന്ന് ആവർത്തിച്ചുള്ള ലൈംഗിക അതിക്രമങ്ങൾ നേരിടേണ്ടിവന്നെന്നായിരുന്നു രണ്ടാമത്തെ യുവതിയുടെ പരാതി. ഈ പരാതികളും അന്വേഷണത്തിന്റെ ഭാഗമായതോടെ കേസ് കൂടുതൽ ഗൗരവമുള്ളതായി.
തുടർന്നാണ് ഒക്ടോബർ 19ന് ജോസ് മാജോ പുലിക്കോട്ടിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ലൈംഗികാതിക്രമ കുറ്റങ്ങൾ, ലൈംഗിക ചൂഷണം, ലൈംഗിക സ്പർശനത്തിന് പ്രേരിപ്പിക്കൽ, പ്രായപൂർത്തിയാകാത്തയാളുമായി ബന്ധപ്പെട്ട ലൈംഗിക കുറ്റം എന്നിങ്ങനെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
എന്നാൽ അറസ്റ്റിലായതോടെ പ്രതിയെ ജയിലിൽത്തന്നെ തുടരാൻ വിട്ടില്ല. കർശനമായ നിബന്ധനകളോടെയാണ് പൊലീസ് ഇയാളെ വിട്ടയച്ചത്. ഈ നിബന്ധനകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
പൊതുജനങ്ങൾക്കായുള്ള നീന്തൽക്കുളങ്ങൾ, സ്കൂളുകൾ, ഡേകെയർ കേന്ദ്രങ്ങൾ, കുട്ടികൾ കളിക്കുന്ന പാർക്കുകൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ ഇയാൾക്ക് പ്രവേശനമില്ല. 16 വയസ്സോ അതിൽ താഴെയോ പ്രായമുള്ളവരുമായി തൊഴിൽസ്ഥലത്തെ സാഹചര്യങ്ങൾ ഒഴികെ ഇടപഴകാനും വിലക്കുണ്ട്. പരാതിക്കാരുമായി യാതൊരു തരത്തിലുള്ള ബന്ധവും പാടില്ല. തോക്കുകളോ മറ്റ് ആയുധങ്ങളോ കൈവശം വയ്ക്കാനും അനുവാദമില്ല.
അതായത്, പുറത്തിറങ്ങിയെങ്കിലും സാധാരണ ജീവിതത്തിൽ ഏർപ്പെടുന്നതിന് നിരവധി നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട ഇടപെടലുകൾക്കും പൊതുസ്ഥലങ്ങളിലെ സാന്നിധ്യത്തിനും വരെ നിയന്ത്രണം വന്നിരിക്കുകയാണ്.
ഇതിനിടെയാണ് കേസിൽ കൂടുതൽ പരാതിക്കാർ ഉണ്ടാകാമെന്ന് എഡ്മന്റൻ പൊലീസ് മുന്നറിയിപ്പ് നൽകിയത്. അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുള്ള മറ്റുള്ളവരും മുന്നോട്ടുവരാൻ സാധ്യതയുണ്ടെന്ന് പൊലീസ് വിലയിരുത്തുന്നത്.
ഇയാളിൽനിന്ന് സമാനമായ അനുഭവങ്ങൾ നേരിട്ടിട്ടുള്ളവർ എഡ്മന്റൻ പൊലീസിന്റെ 780-423-4567 എന്ന നമ്പറിലോ മൊബൈൽ ഫോണിൽനിന്ന് 377 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നാണ് അധികൃതരുടെ അഭ്യർഥന.
അതേസമയം, കേസിലെ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല. കൂടുതൽ പരാതികൾ ഉയർന്നുവരുമോ, അന്വേഷണം കൂടുതൽ പേരിലേക്ക് എത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്.
https://www.facebook.com/Malayalivartha

























