സി.പി.എം കണ്ണൂര്‍ ലോബി തകര്‍ന്നു: ചെറിയാന് ഫിലിപ്പ്

പിണറായി വിജയന്റെ ഉറ്റവരായ ജയരാജന്മാര് മൂന്നു തട്ടിലായതോടെ എക്കാലത്തെയും സി.പി.എം -ലെ ശാക്തിക ചേരിയായ കണ്ണൂര്‍ ലോബി യദുകുലം പോലെ തമ്മിലടിച്ചു തകര്‍ന്നിരിക്കുകയാണ്.
നിഴല്‍ യുദ്ധം തുടരുന്ന ജയരാജന്മാരെ താമസിയാതെ കുലംകുത്തികളായി പ്രഖ്യാപിക്കും. പാര്‍ട്ടി അംഗത്വം, ചുവപ്പുസേന എന്നിവയില്‍ എന്നും ഒന്നാമതായ കണ്ണൂരിലാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ ഒലിച്ചു പോയത്. ബംഗാളില്‍ നന്ദിഗ്രാമില്‍ നിന്നാണ് സി.പി.എം -ന്റെ മരണമണി മുഴങ്ങിയതെങ്കില്‍ കേരളത്തില്‍ കണ്ണൂരിലാണ് അന്ത്യകൂദാശ നടന്നത്.
മുഖ്യമന്ത്രി, പാര്‍ട്ടി സെക്രട്ടറി, മുന്നണി കണ്‍വീനര്‍ എന്നീ ഉന്നത സ്ഥാനങ്ങള്‍ കണ്ണൂരില്‍ മാത്രമായി കേന്ദ്രീകരിക്കുന്നതില്‍ മറ്റു ജില്ലക്കാര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. വി.എസിന്റെ പതനത്തോടെ ദുര്‍ബലമായ തിരുവിതാംകൂര്‍ ലോബി പുതിയ നേതാവിനെ തേടുകയാണ്.
ആദ്യ കാലത്ത് എ.കെ.ജിയായിരുന്നു കണ്ണൂര്‍ ലോബിയുടെ നായകന്. പിന്നീട് എം.വി.രാഘവനായി. ഇ.എം എസും വി.എസും ചേര്‍ന്ന് രാഘവനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഇ.എം.എസിനെ ഒരുക്കാന്‍ വി.എസ് കണ്ണൂര്‍ ലോബിയേയും ഇ.കെ.നായനാരെയും വിലക്കെടുത്തു. പിണറായിയെ പാര്‍ട്ടി സെക്രട്ടറിയാക്കാന്‍ വി.എസ് മുന്‍കൈ എടുത്തത് സി.ഐ.ടി.യു ലോബിയെ വെട്ടി നിരത്താനായിരുന്നു. ചൊല്‍പ്പടിക്കു നില്‍ക്കാതെ വന്നപ്പോള്‍ മലപ്പറം സമ്മേളനത്തില്‍ പിണറായിയെ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റാന്‍ വി.എസ്. ശ്രമിച്ചെങ്കിലും കണ്ണൂര്‍ ലോബി ചെറുത്തു തോല്പിച്ചു. വി.എസിനെ മുഖ്യമന്ത്രിയാക്കാതിരിക്കാന് കണ്ണൂര്‍ ലോബി സംസ്ഥാന കമ്മറ്റിയിലും സെക്രട്ടറിയേറ്റിലും ശക്തി തെളിയിച്ചെങ്കിലും പോളിറ്റ് ബ്യൂറോ വീറ്റോ ചെയ്തു. പിണറായി മുഖ്യമന്ത്രിയായതോടെ വി.എസിനെ രാഷ്ട്രീയ വേദിയില്‍ നിന്നും ഉന്മൂലനം ചെയ്യുന്നതില്‍ കണ്ണൂര്‍ ലോബി വിജയിച്ചു. സൃഷ്ടിസ്ഥിതിസംഹാരമൂര്ത്തികളായ കണ്ണൂര്‍ ലോബി അന്ത:ച്ഛിദ്രം മൂലം ഇപ്പോള്‍ ഊര്‍ദ്ധശ്വാസം വലിക്കുകയാണ്. ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ സി.പി.എം-ലെ ശക്തി ബന്ധങ്ങളില്‍ വലിയ മാറ്റമുണ്ടാകും.
https://www.facebook.com/Malayalivartha

























