ഇടുക്കിയില്‍ മരുമകന്‍ ദേഹത്ത് പെട്രോളൊഴിച്ച് തീകത്തിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു...

ഇടുക്കിയില്‍ മരുമകന്‍ ദേഹത്ത് പെട്രോളൊഴിച്ച് തീകത്തിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു...
പൈനാവ് അന്‍പത്തിയാറ് കോളനിയില്‍ കൊച്ചുമലയില്‍ അന്നക്കുട്ടി(58)ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ 16 ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. 30 ശതമാനം പൊള്ളലേറ്റിരുന്നു.പെട്രോള്‍ ദേഹത്തൊഴിച്ച് കത്തിച്ചതിനെ തുടര്‍ന്ന് ശ്വാസനാളത്തിനേറ്റ പൊള്ളലും ഇതേത്തുടര്‍ന്നുണ്ടായ അണുബാധയും, ശ്വാസകോശത്തില്‍ പ്രവേശിച്ച കരിയും പുകയും രാസവസ്തുക്കളും മരണത്തിന് കാരണമായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്നക്കുട്ടി മരിച്ചതോടെ പ്രതി കഞ്ഞിക്കുഴി നിരപ്പേല്‍ സന്തോഷ് ഫല്‍ഗുനന്‍ (52)ന്റെ പേരില്‍ കൊലക്കുറ്റം ചുമത്തി.
മുന്‍പ് വധശ്രമകേസായിരുന്നു എടുത്തിരുന്നത്. അന്നക്കുട്ടിക്കൊപ്പം പൊള്ളലേറ്റ കൊച്ചുമകള്‍ മൂന്ന് വയസ്സുകാരി ലിയ ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളേജില്‍ കുട്ടികളുടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയകുയാണ്.
സംഭവം ജൂണ്‍ അഞ്ചിനാണ്. അന്നക്കുട്ടിയുടെ മകള്‍ പ്രിന്‍സിയുടെ ഭര്‍ത്താവാണ് സന്തോഷ്. രണ്ടുമാസം മുന്‍പ് കുവൈത്തില്‍ ജോലിക്കായി പോയിരുന്നു. ഇതില്‍ സന്തോഷിന് താത്പര്യമുണ്ടായിരുന്നില്ല.പ്രിന്‍സിയെ തിരിച്ചുകൊണ്ടുവരണമെന്നും ശമ്പളംമുഴുവന്‍ തനിക്ക് വേണമെന്നും ആവശ്യപ്പെട്ട് അന്നക്കുട്ടിയുമായി പലവട്ടം ഇയാള്‍ വഴക്കുണ്ടാക്കി. ഇതിന്റെ വൈരാഗ്യത്തിലാണ് ജൂണ്‍ അഞ്ചിന് പെട്രോളും ലൈറ്ററുമായി ഇയാള്‍ അന്നക്കുട്ടിയെ തേടിയെത്തിയത്.
അന്നക്കുട്ടി മകന്‍ ലിന്‍സിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇയാള്‍ എത്തുമ്പോള്‍ അന്നക്കുട്ടി ലിന്‍സിന്റെ മകള്‍ ലിയയെ ഒക്കത്തെടുത്ത് വീട്ടില്‍ നില്‍ക്കുകയായിരുന്നു.ഉടന്‍തന്നെ ഇരുവരുടേ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ചതിനുശേഷം തീവെക്കുകയായിരുന്നു. ഇതിന് ശേഷം ഒളിവില്‍പോയ സന്തോഷ് 10 ദിവസം കഴിഞ്ഞ് തിരിച്ചെത്തി അന്നക്കുട്ടി താമസിച്ചിരുന്ന വാടകവീടും സമീപത്തുള്ള മൂത്തമകന്‍ പ്രിന്‍സിന്റെ വീടും പെട്രോള്‍ ഒഴിച്ച് കത്തിച്ചു.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അന്നക്കുട്ടി മരിക്കുന്നത്.
"
https://www.facebook.com/Malayalivartha

























