മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ വാഹനങ്ങളില്‍ അഭ്യാസ പ്രകടനം നടത്തുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്.

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ വാഹനങ്ങളില്‍ അഭ്യാസ പ്രകടനം നടത്തുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെയുണ്ടായ മൂന്ന് സംഭവങ്ങളില്‍ വാഹനമോടിച്ചവരുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യാനായി മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു.
ഇതുസംബന്ധിച്ച നോട്ടീസ് വാഹനമുടമകള്‍ക്ക് നല്കി. അഭ്യാസ പ്രകടനങ്ങള്‍ക്കുപയോഗിച്ച വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. രണ്ടാഴ്ചക്കിടെ അഞ്ച് സംഭവങ്ങളാണ് ഉണ്ടായത്. മോട്ടോര്‍ വാഹനവകുപ്പ് പരിശോധനയും ബോധവത്കരണവും തുടര്‍ന്നിട്ടും ഫലം കാണാത്തതിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നത്.
അടുപ്പിച്ച് 2 ദിവസങ്ങളില്‍ സാഹസിക പ്രകടനം നടത്താനുപയോഗിച്ച മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലുണ്ട്. ഏറ്റവുമൊടുവില്‍ തമിഴ്നാട് രജിസ്ട്രേഷനിലെത്തിയ കാര്‍ ഗ്യാപ്പ് റോഡിലെ പെരിയ കനാലിനടുത്ത് വച്ച് അപകടകരമായ രീതിയില്‍ അഭ്യാസ പ്രകടനം നടത്തിയിട്ടുണ്ടായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ, മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സമെന്റ് വിഭാഗം കാര്‍ കസ്റ്റഡിയിലെടുത്തു.
വെളളിയാഴ്ച തലശ്ശേരിയില്‍ നിന്നെത്തിയ രണ്ട് വാഹനങ്ങളില്‍ കുട്ടികളുള്‍പ്പെടെ ഡോറിലിരുന്ന് സാഹസിക യാത്ര ആസ്വദിക്കുന്ന സംഭവവുമുണ്ടായി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെയും നടപടി തുടങ്ങി. മൂന്ന് വാഹനങ്ങളുടെയും ആര്‍സി ഉടമസ്ഥരുടെ വിവരങ്ങള്‍ ശേഖരിച്ച് വാഹനമോടിച്ചവര്‍ക്കെതിരെ നോട്ടീസ് നല്കി്. ഇവരുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ഇതുസംബന്ധിച്ച നടപടി ഉടനുണ്ടാകുമെന്നാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗം നല്കുന്ന വിവരം.
നേരത്തെ, അപകടകരമായി വാഹനം ഓടിച്ച മൂന്ന് പേരുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കാനും മോട്ടോര്‍ വാഹന വകുപ്പിന് നീക്കമുണ്ട്.
https://www.facebook.com/Malayalivartha

























