രാജി സന്നദ്ധത അറിയിച്ച് കെ എൻ ബാലഗോപാൽ....സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് മന്ത്രിയുടെ നീക്കം..കേരളത്തിലെ 19 സീറ്റിലും ഇടതുപക്ഷം തോൽക്കാൻ കാരണം ധനകാര്യമാനേജ്മെന്റിലെ വീഴ്ചയാണെന്ന പരാമർശവും സംസ്ഥാന കമ്മറ്റിയിൽ സജീവമായിരുന്നു

സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ രാജി സന്നദ്ധത അറിയിച്ചെന്ന് റിപ്പോർട്ട്. ഭാവിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കാൻ കഴിയുന്ന നേതാവായതുകൊണ്ടാണു കെ.കെ.ശൈലജ വടകരയിൽ പരാജയപ്പെട്ടതെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ പറഞ്ഞിരുന്നു. കേരളത്തിലെ 19 സീറ്റിലും ഇടതുപക്ഷം തോൽക്കാൻ കാരണം ധനകാര്യമാനേജ്മെന്റിലെ വീഴ്ചയാണെന്ന പരാമർശവും സംസ്ഥാന കമ്മറ്റിയിൽ സജീവമായി ഉയർന്നു. ഈ സാഹചര്യത്തിലാണ് ധനമന്ത്രി രാജി സന്നദ്ധത അറിയിച്ചതെന്നാണ് റിപ്പോർട്ട്.
സാമ്പത്തിക ഞെരുക്കവും ധനകാര്യ മാനേജ്മെന്റും തോൽവിക്കു കാരണമായെന്ന ആക്ഷേപം സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നിരുന്നു. ഇതു തന്നെ ലക്ഷ്യമിട്ടാണെന്ന വികാരത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടിക്കു വിശ്വാസമില്ലെങ്കിൽ ഒഴിയാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റിൽ ധനമന്ത്രി പ്രകടിപ്പിച്ചെന്നാണു വിവരമെന്ന് മനോരമയാണ് റിപ്പോർട്ട് ചെയ്യുന്നത്. മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ ഇതിനെ അനുകൂലിച്ചില്ല. യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെയാണ് അതിരൂക്ഷ വിമർശനം ഉയർന്നത്. മുഖ്യമന്ത്രി വിമർശനങ്ങളോട് പ്രതികരിച്ചതു പോലുമില്ലെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് ബാലഗോപാലിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കലിന് പ്രസക്തി കൂടുന്നത്.
പാർട്ടി സെക്രട്ടറിയേറ്റിനെ പോലെ സംസ്ഥാന സമിതിയിലും രൂക്ഷ അഭിപ്രായ പ്രകടനങ്ങളാണ് ഉയർന്നത്. ഭൂരിപക്ഷന്യൂനപക്ഷ പിന്നാക്ക വേർതിരിവില്ലാതെ എല്ലാ വിഭാഗങ്ങളുടെയും വോട്ടു ചോർന്നെന്നു സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പൗരത്വ നിയമഭേദഗതിയിൽ ഊന്നിയുള്ള പാർട്ടിയുടെ പ്രചാരണം തിരിച്ചടിച്ചെന്നുമാണു നിഗമനം. മുസ്ലിം ജനവിഭാഗങ്ങളെ കൂടെ നിർത്താനായി ആവിഷ്കരിച്ച പൗരത്വനിയമഭേദഗതി വിരുദ്ധ മുദ്രാവാക്യം കൊണ്ടു പ്രയോജനം ഉണ്ടായതു കോൺഗ്രസിനാണെന്നാണ് പാർട്ടിയുടെ നിഗമനം-ഇങ്ങനെയാണ് മനോരമ വാർത്ത നൽകുന്നത്. വൻതോതിൽ ഈഴവ വോട്ടുകൾ സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് ചോരുകയും ചെയ്തുവെന്നതാണ് യാഥാർത്ഥ്യം.
.
https://www.facebook.com/Malayalivartha

























