ഒ ആര് കേളു പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ; പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ സിപിഎം മന്ത്രിയും വയനാട്ടില്‍ നിന്നുള്ള ഏക ക്യാബിനറ്റ് അംഗവുമാണ് ഒ.ആര് കേളു

രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഒ.ആര് കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നാല് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എഎൻ ഷംസീർ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, പ്രതിപക്ഷ ഉപ നേതാവ് പികെ കുഞ്ഞാലിക്കുട്ടി, സിപിഎം, എൽഡിഎഫ് നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വയനാട്ടില്‍നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കേളുവിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരത്ത് എത്തിയിരുന്നു. വയനാട്ടില്‍നിന്ന് ബസിലും ട്രെയിനിലുമെല്ലാമായി ഏതാണ്ട് ഇരുനൂറോളം പേര് ചടങ്ങ് കാണാനെത്തി. പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ രാധാകൃഷ്ണൻ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്ഥാനം ഒഴിഞ്ഞ ഒഴിവിലേക്കാണ് ഒആർ കേളുവിന് മന്ത്രിസ്ഥാനം ലഭിച്ചത്.
പികെ ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തിൽനിന്നു സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധി കൂടിയാണ് കേളു എന്ന പ്രത്യേകതയുമുണ്ട്
പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ സിപിഎം മന്ത്രിയാണ് ഇദ്ദേഹം. പിണറായി സര്‍ക്കാരില്‍ വയനാട്ടില്‍ നിന്നുള്ള ഏക ക്യാബിനറ്റ് അംഗം കൂടിയാണ് ഒ.ആര് കേളു. മന്ത്രിയാകുമെന്ന പ്രഖ്യാപനം കേട്ടശേഷം നാട്ടിലേക്ക് മടങ്ങിയ കേളു ഇന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.
എന്നാൽ കെ രാധാകൃഷ്ണന് വഹിച്ചിരുന്ന ദേവസ്വം വകുപ്പ് കേളുവിന് നല്‍കിയിട്ടില്ല.ദേവസ്വം വകുപ്പ് വി.എന്‍. വാസവനും പാര്‍ലമെന്ററി കാര്യം എം.ബി. രാജേഷിനും വീതിച്ചു നൽകി.ആദ്യമായി മന്ത്രിയാകുന്നു എന്ന കാരണത്താലാണ് കേളുവിന് ഈ വകുപ്പുകള്‍ നല്‍കാത്തത് എന്നാണ് സിപിഎം പ്രതികരിച്ചത് . ആദ്യമായിട്ടാണ് മന്ത്രിയാകുന്നത്. അതുകൊണ്ട് പ്രവർത്തി പരിചയക്കുറവുമുണ്ട്. പാർലമെന്ററി കാര്യമൊക്കെ കൈകാര്യം ചെയ്യുമ്പോള്‍ പരിചയമുള്ളവർ തന്നെ വരുന്നതാണ് അതിന്റെ ശരിയെന്നും വകുപ്പ് വിഭജനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഒ ആർ കേളു പറഞ്ഞിരുന്നു . ആദിവാസി മേഖലയില്‍ വർഷങ്ങളായി പ്രവർത്തിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ആ വിഭാഗം നേരിടുന്ന പ്രശ്നങ്ങളില്‍ ഒരു വ്യക്തയുണ്ട് എന്നും അദ്ദേഹം പറഞ്ഞു
എന്നാൽ , കേളുവിന് ദേവസ്വം വകുപ്പ് നൽകാത്തതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട് . ഒആർ കേളുവിന് ദേവസ്വം നൽകാത്തത് തെറ്റായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു . രാധാകൃഷ്ണന് ഉപയോഗിച്ചിരുന്ന നോര്‍ത്ത് ബ്ലോക്കിലെ ഓഫീസ് തന്നെയാണ് കേളുവിന് അനുവദിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























