ഇനിയുള്ള കളികള്‍ നിര്‍ണായകം... ഗ്രൂപ്പ് ഘട്ടത്തിലെ അത്ഭുതം സൂപ്പര്‍ എട്ടില്‍ ആവര്‍ത്തിക്കാന്‍ കഴിയാതെ വന്ന യുഎസ്എയെ കീഴടക്കി ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍; അടിച്ചുകയറി ബട്ലര്‍, ജോര്‍ദന് ഹാട്രിക്; നാലു പോയിന്റുള്ള ഇന്ത്യ പോലും സേഫല്ല; വന്‍ മാര്‍ജിനില്‍ തോറ്റാല്‍ അഫ്ഗാനിസ്ഥാന്‍ ഭീഷണിയാകും

ട്വന്റി 20 ലോകകപ്പ് ആവേശമാകുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അത്ഭുതം സൂപ്പര്‍ എട്ടില്‍ ആവര്‍ത്തിക്കാന്‍ കഴിയാതെ വന്ന യുഎസ്എയെ നിലമ്പരിശാക്കി ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍. ബാര്‍ബഡോസില്‍ പത്ത് വിക്കറ്റിന്റെ അനായാസ ജയമാണ് നിലവിലെ ചാമ്പ്യന്‍മാര്‍ സ്വന്തമാക്കിയത്.
ഗ്രൂപ്പിലെ വെസ്റ്റിന്‍ഡീസ് - സൗത്താഫ്രിക്ക മത്സരത്തിലെ വിജയികള്‍ ഇംഗ്ലണ്ടിനൊപ്പം സെമിയിലേക്ക് മുന്നേറും. നെറ്റ് റണ്‍റേറ്റില്‍ വളരെ മുന്നിലായതുകൊണ്ട് തന്നെ ഈ മത്സരത്തിന്റെ ഫലം ഇംഗ്ലണ്ടിന്റെ സെമി ഫൈനല്‍ സാദ്ധ്യതകളെ ബാധിക്കില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരെ തോറ്റ് തുടങ്ങിയെങ്കിലും ട്വന്റി20 ലോകകപ്പില്‍ സെമി ഫൈനല്‍ ഉറപ്പിക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്.
ആതിഥേയരായ യുഎസ്എയെ പത്തു വിക്കറ്റിനു തോല്‍പ്പിച്ചാണ് നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിന്റെ സെമിപ്രവേശം. യുഎസ്എ ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് വെറും 9.4 ഓവറില്‍ ലക്ഷ്യം മറികടന്നു. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ (38 പന്തില്‍ 83*), ഫില്‍ സോള്‍ട്ട് (21 പന്തില്‍ 25*) എന്നിവരുടെ മിന്നല്‍ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്. ഏഴു സിക്‌സും ആറു ഫോറുമാണ് ബട്ലറിന്റെ ബാറ്റില്‍നിന്നു പിറന്നത്.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹാട്രിക്ക് അടക്കം നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് ജോര്‍ദന്‍ ഉള്‍പ്പെടെയുള്ളവരുടെ ബോളിങ് പ്രകടനത്തിന്റെ മികവിലാണ് യുഎസ്എയെ ഇംഗ്ലണ്ട് ചെറിയ സ്‌കോറിലൊതുക്കിയത്. ഇംഗ്ലണ്ടിനായി സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും റീസ് ടോപ്ലി ഒരു വിക്കറ്റും വീഴ്ത്തി. 24 പന്തില്‍ 30 റണ്‍സെടുത്ത നിതീഷ് കുമാര്‍ ആണ് യുഎസ് നിരയിലെ ടോപ് സ്‌കോറര്‍. കോറി ആന്‍ഡേഴ്‌സണ്‍ (29), ഹര്‍മ്രീസ് സിങ് (21) എന്നിവരും പൊരുതി. 18.5 ഓവറില്‍ 115 റണ്‍സിന് അവര്‍ ഓള്‍ ഔട്ടാകുകയായിരുന്നു.
ഇംഗ്ലണ്ടിന്റെ ജയത്തോടെ സൂപ്പര്‍ 8 ഗ്രൂപ്പ് രണ്ടില്‍ തിങ്കളാഴ്ചത്തെ ദക്ഷിണാഫ്രിക്ക വെസ്റ്റന്‍ഡീസ് മത്സരം നിര്‍ണായകമായി. മത്സരത്തില്‍ വിജയിക്കുന്ന ടീം സെമിഫൈനലില്‍ പ്രവേശിക്കും. രണ്ടു മത്സരങ്ങളില്‍നിന്ന് രണ്ടു ജയവുമായി നാലു പോയിന്റോടെ ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. രണ്ടു മത്സരങ്ങളില്‍നിന്ന് ഒരു ജയത്തോടെ രണ്ടു പോയിന്റുമായി വെസ്റ്റിന്‍ഡീസ് മൂന്നാമതാണ്. എങ്കിലും റണ്‍റേറ്റില്‍ മുന്നിലുള്ളതാണ് വെസ്റ്റിന്‍ഡീസിന് അനുകൂല ഘടകം.
ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍, നാലു പോയിന്റുമായി ഒന്നാം ഗ്രൂപ്പിലെ ടോപ് ടീമാണ് ഇന്ത്യ. അഫ്ഗാനിസ്ഥാനെയും ബംഗ്ലദേശിനെയും തോല്‍പിച്ച ഇന്ത്യ അടുത്ത മത്സരത്തില്‍ ഓസ്‌ട്രേലിയയെ കീഴടക്കിയാല്‍ മറ്റു ടീമുകളുടെ ഫലം നോക്കാതെ തന്നെ സെമി ഉറപ്പിക്കാം. രണ്ടു വിജയങ്ങള്‍ നേടിയെങ്കിലും ഇന്ത്യ ഇപ്പോഴും സെമിയിലെത്തിയെന്നു പറയാനാകാത്ത സ്ഥിതിയാണ്. ഞായറാഴ്ചത്തെ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ചതോടെ അടുത്ത മത്സരം ഓസീസിന് ഉറപ്പായും ജയിക്കണമെന്ന അവസ്ഥയാണ്.
തിങ്കളാഴ്ച രാത്രി സെന്റ് ലൂസിയയില്‍വച്ചാണ് ഇന്ത്യ ഓസ്‌ട്രേലിയ പോരാട്ടം നടക്കേണ്ടത്. മത്സരത്തില്‍ ഇന്ത്യ ജയിക്കുകയോ, മഴ കാരണം കളി ഉപേക്ഷിക്കുകയോ ചെയ്താല്‍ രോഹിത് ശര്‍മയും സംഘവും സെമിയിലെത്തും. എന്നാല്‍ ഇന്ത്യ സെമിയിലെത്താതിരിക്കുന്നതിന് ഒരു സാഹചര്യം ഇപ്പോഴും ബാക്കിയാണ്. ഇപ്പോള്‍ ഇന്ത്യയ്ക്കു നാലു പോയിന്റും, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കു രണ്ടു പോയിന്റു വീതവുമാണുള്ളത്. അടുത്ത മത്സരങ്ങളില്‍ ഇന്ത്യയെ ഓസ്‌ട്രേലിയയും ബംഗ്ലദേശിനെ അഫ്ഗാനിസ്ഥാനും തോല്‍പിച്ചാല്‍ മൂന്നു ടീമുകള്‍ക്കും നാലു പോയിന്റു വീതമാകും.
ഇതോടെ നെറ്റ് റണ്‍റേറ്റ് നോക്കിയാകും സെമിയിലെത്തുന്ന രണ്ടു ടീമുകളെ തീരുമാനിക്കുക. 2.425 ആണ് നിലവില്‍ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്. ഓസ്‌ട്രേലിയയുടേത് 0.223. ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിനു ശേഷം ഇതില്‍ മാറ്റം വരും. അഫ്ഗാനിസ്ഥാന്‍ നെറ്റ് റണ്‍റേറ്റില്‍ വളരെ പിറകിലാണ്. 0.650 ആണ് അഫ്ഗാന്റെ റണ്‍റേറ്റ്. എന്നാലും അഫ്ഗാന് ഒരു സാധ്യത ബാക്കിയുണ്ട്.
ഇന്ത്യ ഓസ്‌ട്രേലിയയോടു വലിയ മാര്‍ജിനില്‍ തോല്‍ക്കുകയും, അഫ്ഗാനിസ്ഥാന്‍ ബംഗ്ലദേശിനോടു വലിയ മാര്‍ജിനില്‍ ജയിക്കുകയും ചെയ്താല്‍ അവര്‍ക്ക് സെമി ഉറപ്പിക്കാന്‍ സാധിക്കും. അങ്ങനെ സംഭവിച്ചാല്‍ ഗ്രൂപ്പ് ഒന്നില്‍നിന്ന് ഓസ്‌ട്രേലിയയും അഫ്ഗാനും സെമി ഫൈനലില്‍ കടക്കും. ഇന്ത്യ ഓസ്‌ട്രേലിയയോടു തോറ്റാലും, ബംഗ്ലദേശിനെതിരെ ജയിച്ചില്ലെങ്കില്‍ അഫ്ഗാനിസ്ഥാന് മുന്നോട്ടുപോക്കു സാധ്യമല്ല.
https://www.facebook.com/Malayalivartha

























