ഒ.ആര്. കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ ചായസത്കാരത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ഹസ്തദാനം ചെയ്ത് സൗഹൃദം പങ്കിട്ടു...

ഒ.ആര്. കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മുഖാമുഖം നോക്കിയില്ലെങ്കിലും പിന്നാലെ നടന്ന ചായസത്കാരത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ഹസ്തദാനം ചെയ്ത് സൗഹൃദം പങ്കിട്ടു. പ്രതിപക്ഷ സാന്നിദ്ധ്യം കൊണ്ടും ചടങ്ങ് ശ്രദ്ധേയമായി.
മുഖ്യമന്ത്രിക്ക് പുറമെ നല്ലൊരു പങ്ക് മന്ത്രിമാരും ചടങ്ങിനെത്തി. വേദിയില്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് ഗൗരവത്തിലായിരുന്നു. അടുത്തിരുന്ന മുഖ്യമന്ത്രിയെ നോക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. ഇപ്പോഴും മഞ്ഞുരുകിയിട്ടില്ലെന്ന ധാരണ ചടങ്ങിനെത്തിയ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുണ്ടായി.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ഒ.ആര്. കേളു ഗവര്‍ണര്‍ക്ക് ഹസ്തദാനം നല്കി. അതു കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് ഹസ്തദാനം നല്കാന് ഗവര്‍ണര്‍ കേളുവിനോട് ആംഗ്യം കാട്ടി. പിന്നീട് ചായസത്കാരത്തിന് എത്തിയപ്പോള്‍ അടുത്തു നിന്ന മുഖ്യമന്ത്രിക്ക് നേരെ ഗവര്‍ണര്‍ കൈ നീട്ടുകയും ഹസ്താദനം ചെയ്യുകയുമായിരുന്നു.
കേളുവിന്റെ ബന്ധുക്കള്‍ക്കൊപ്പം ഇരുവരും ഫോട്ടോയ്ക്ക് പോസും ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ചടങ്ങില്‍ ആദ്യവസാനം പങ്കെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























