പോലീസിലെ ഒഴിവുകൾ സംബന്ധിച്ച വാർത്ത തെറ്റിദ്ധാരണാജനകം

പോലീസിൽ 1401 ഒഴിവുകൾ സർക്കാർ പൂഴ്ത്തിവെച്ചു എന്ന പത്രവാർത്ത വസ്തുതകൾ പരിശോധിക്കാതെയുള്ളതും തെറ്റിദ്ധാരണാജനകവുമാണ്. 2024 മെയ് 31 ന് വിരമിക്കൽ മൂലവും തുടർന്ന് ഉയർന്ന തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം നടന്നതുമൂലവും ഉണ്ടായത് ഉൾപ്പെടെ നിലവിൽ ജില്ലകളിൽ സിവിൽ പോലീസ് ഓഫീസർ തസ്തികകളിൽ 1401 ഒഴിവുകൾ ഉണ്ട്.
അതിലേയ്ക്ക് ബറ്റാലിയനുകളിൽ സേവനമനുഷ്ടിക്കുന്ന പോലീസ് കോൺസ്റ്റബിൾമാരെ ബൈ ട്രാൻസ്ഫർ മുഖേന നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. ഈ ഒഴിവുകൾ മുൻകൂട്ടി കണക്കാക്കി നിലവിൽ ഉണ്ടായിരുന്ന ഒഴിവുകളോടൊപ്പം 530/2019 എന്ന വിജ്ഞാപന പ്രകാരം 2023 ഏപ്രിൽ 13 നു നിലവിൽ വന്ന പി.എസ്.സി റാങ്ക് പട്ടികയിൽ നിന്ന് നിയമിക്കുന്നതിനായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുകയും നിയമനം നടത്തുകയും ചെയ്തു.
ഇങ്ങനെ നിയമിച്ചവരിൽ 292 വനിതകൾ ഉൾപ്പെടെ 1765 പേർ പരിശീലനം പൂർത്തിയാക്കി സേനയിൽ പ്രവേശിച്ചു. 189 വനിതകൾ ഉൾപ്പെടെ 1476 പേർ ജൂലൈ അവസാനത്തോടെ പരിശീലനം പൂർത്തിയാക്കും. ഇതിനു പുറമേ, നിലവിൽ പരിശീലനം ആരംഭിച്ച 390 പേരും ഉടൻതന്നെ പരിശീലനം ആരംഭിക്കുന്ന 1118 പേരും ഉണ്ട്.
പോലീസ് സ്റ്റേഷനുകളിൽ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് ബറ്റാലിയനിൽ നിന്ന് ഉടൻതന്നെ നിയമനം നടത്തും. തത്ഫലമായി ബറ്റാലിയനുകളിൽ ഉണ്ടാകുന്ന ഒഴിവുകളിലേയ്ക്ക് പരിശീലനം പൂർത്തിയാക്കുന്ന മുറയ്ക്ക് പോലീസ് കോൺസ്റ്റബിൾ (ട്രെയിനി)മാരെ നിയമിക്കാൻ കഴിയും.
ബറ്റാലിയനുകളിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിൽ ഒരു ഒഴിവും നിലവിലില്ലെന്നു മാത്രമല്ല ജില്ലകളിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള ഒഴിവുകളിലേയ്ക്ക് നിയമിക്കുന്നതിന് ആവശ്യമായ എണ്ണം പോലീസ് കോൺസ്റ്റബിൾമാർ എല്ലാ ബറ്റാലിയനുകളിലും നിലവിലുണ്ട് എന്നതാണ് വാസ്തവം.
https://www.facebook.com/Malayalivartha

























